Friday, May 15, 2015

ബനിയാബാദിലെ റിക്ഷാക്കാരൻ



"ഭായീ സാബ്, ബനിയാബാദ് സ്റ്റേഷൻ ആഗയാ ഹെ , ആപ് യഹാം ഉഥർ ജായിയേ"; കണ്ടക്ടർ ചുമലിൽ തട്ടി പറഞ്ഞതു കേട്ട്  പാതി ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. ഞാൻ കയറിയ ബസ്സ്‌ ഏതോ ബസ്സ്‌ സ്റ്റാന്റിൽ എത്തി നിൽക്കയാണ്.  യാത്രക്കാരെല്ലാം അവരവരുടെ ഭാണ്ഡങ്ങളുമായി ബസ്സിൽ നിന്നും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഞാനും എഴുന്നേറ്റ് പെട്ടിയും ബാഗും എടുത്തു ബസ്സിനു  വെളിയിൽ വന്നു.

പ്രഭാത സമയമാണ്. മാനത്തു വെള്ള കീറി തുടങ്ങിയിട്ടേ ഉള്ളൂ. മാനം ആകെ മൂടി നിൽക്കുന്നതിനാലാകാം പ്രഭാതത്തിനു വല്ലാത്തൊരു ചൂടും അസ്വസ്ഥതയും. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി. അൽപ്പം അകലെയായി ആ കോമ്പൌണ്ടിന്റെ അതിർത്തിയിൽ കുറെ സൈക്കിൾ റിക്ഷകൾ നിർത്തിയിട്ടിട്ടുണ്ട്. റിക്ഷക്കാരുടെ ഇരുപ്പും നോട്ടവും കണ്ടാലറിയാം, അവർ സവാരിയും പ്രതീക്ഷിച്ചു കിടക്കുകയാണ്. എനിക്കു സമാധാനമായി.

പെട്ടിയും ബാഗും തൂക്കി ഞാൻ റിക്ഷകളുടെ സമീപത്തേക്കു നടന്നു. കണ്ടക്ടറും എന്നെ അനുഗമിച്ചു. കണ്ടക്ടർ റിക്ഷക്കാരിൽ ചിലരോട് എന്റെ കാര്യം പറഞ്ഞു.  പ്രാദേശിക ഭാഷയായ ഭോജ്പൂരി കലർന്ന ഹിന്ദിയിലായിരുന്നു അവർ സംസാരിച്ചത് എന്നതിനാൽ അവർ സംസാരിക്കുന്നതെന്താണെന്ന് എനിക്കു മനസ്സിലായില്ല. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി ഞാൻ കണ്ടക്ടറെ ആകാംക്ഷയോടെ നോക്കി.

"സുഹൃത്തേ, യൂണിവേഴ്സിറ്റിയിലേക്കുള്ള  സവാരിക്ക്‌ ഇവര്ക്ക് താത്പര്യം ഇല്ലെന്നാണു പറയുന്നത്", കണ്ടക്ടർ പറഞ്ഞു.

പത്തിരുപത്തഞ്ചു റിക്ഷകൾ അവിടെ കിടപ്പുണ്ട്. സവാരി കാത്തു കിടക്കുന്ന ഇവർക്കാർക്കും എന്റെ സവാരി വേണ്ടത്രേ! എനിക്കതിശയം തോന്നി. എന്റെ മുഖഭാവം കണ്ടിട്ടാകാം, കണ്ടക്ടർ തുടർന്നു,

"എത്രചോദിച്ചിട്ടും സവാരി വേണ്ടാത്തതിന്റെ കാരണം ഇവർ പറയുന്നില്ല, എനിക്കു ട്രിപ്പ്‌ പോകേണ്ട സമയമാകുന്നതിനാൽ കൂടുതൽ നേരം ഇവിടെ നിൽക്കാൻ കഴിയില്ല. സോറി, താങ്കളെ സഹായിക്കാൻ എനിക്കു കഴിയുന്നില്ല, ഞാൻ പോകുന്നു", ഇതും പറഞ്ഞ്‌ കണ്ടക്ടർ യാത്രയായി. ഓരോ റിക്ഷക്കാരുടെയും അടുത്തു ചെന്ന് ഞാൻഎനിക്കറിയാമായിരുന്ന ഹിന്ദി ഭാഷയിൽ വീണ്ടും വീണ്ടും അപേക്ഷിച്ചു നോക്കി. പക്ഷേ ഈ സവാരിയിൽ താത്പര്യമില്ലെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. ക്ഷീണം കാരണം തല കറങ്ങുന്നതായി തോന്നി. പെട്ടി നിലത്തു വച്ച്‌ അതിന്റെ മുകളിൽ കയറി ഞാൻ ഇരുന്നു. രണ്ടു മൂന്നു ദിവസങ്ങളായി തുടരുന്ന പല ട്രെയിനുകൾ കയറിയിറങ്ങിയുള്ള  യാത്രയും ഉറക്കമില്ലാഴ്മയും ആഹാരക്കുറവും എന്റെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തളർത്തിയിരിക്കുന്നു. മഴ മെല്ലെ ചാറാൻ തുടങ്ങി. എങ്ങോട്ട് പോകണം? എങ്ങിനെ പോകണം? ഒരെത്തും പിടിയും ഇല്ല. പോകേണ്ടത് ബനാറസ്‌ ഹിന്ദു സർവകലാശാലയിലേക്കാണ് എന്നുമാത്രം അറിയാം. ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ഉറപ്പാക്കിക്കൊണ്ടുള്ള കത്തു സർവകലാശാലയിൽ നിന്നും ലഭിച്ചതിന്റെ പിറ്റേന്നാൾ വീട്ടിൽ നിന്നിറങ്ങിയതാണ്. നാട്ടിലുള്ള പട്ടാളക്കാരോടു ചോദിച്ച്  ബനാറസിനു പോകാനുള്ള വഴിയൊക്കെ ഒരു വിധം മനസ്സിലാക്കിയിരുന്നു. അങ്ങിനെ നാട്ടിൽ നിന്നും തിരിച്ച് രണ്ടു മൂന്നു ട്രെയിനുകൾ കയറിയിറങ്ങി 'മുഗൾസരായ്' സ്റ്റേഷനിൽ എത്തിയതാണ്. ബനാറസ് നഗരത്തിന് അടുത്ത പ്രദേശമാണ് മുഗൾസരായ്. മുഗൾസരായിയിൽ നിന്നും ബനാറസിനു നേരിട്ടുള്ള ബസ്സ്‌ സർവ്വീസ് ഇല്ലാത്തതിനാൽ ബനാറസിനോടു കുറേക്കൂടി അടുത്ത പ്രദേശമായ 'ബനിയാബാദ്' എന്ന സ്ഥലത്തേക്കുള്ള  ബസ്സിൽ കയറിയതാണ്. ബനിയാബാദിൽ നിന്നും ബനാറസ്‌ സർവകലാശാലയിലേക്ക് ആറേഴു നാഴിക ദൂരമേ ഉള്ളൂ എന്നും അതു താണ്ടാൻ ഒരു റിക്ഷ തരപ്പെടുത്തിത്തരാം എന്നും നല്ലവനായ ബസ്സ്‌ കണ്ടക്ടർ പറഞ്ഞിരുന്നു.

മഴത്തുള്ളികൾക്കു കനം വച്ചു തുടങ്ങി, എന്റെ പരവശതയ്ക്കും. ഞാൻ ഓരോ റിക്ഷാക്കാരനെയും വീണ്ടും വീണ്ടും സമീപിച്ചു യാചനാരൂപത്തിൽ അഭ്യർഥിച്ചു നോക്കി. സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടി കൂലി നൽകാം എന്നു പറഞ്ഞു. ഫലമുണ്ടായില്ല. അവർക്കീ സവാരി വേണ്ടത്രേ!  മനസ്സിന്റെ തേങ്ങലും ഉള്ളിലൊതുക്കി ആ മഴയും നനഞ്ഞു പെട്ടിപ്പുറത്തിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.   

"ഭായീസാബ്,താങ്കൾക്കു യൂണിവേഴ്സിറ്റിയിലേക്കല്ലേ പോകേണ്ടത്? വന്നാട്ടെ, ഞാൻ കൊണ്ടുപോകാം. വേഗം റിക്ഷയിൽ കയറി ഇരുന്നാട്ടെ, മഴയ്ക്ക് ശക്തിയേറുകയാണ്".

ഞാൻ തല ഉയർത്തി നോക്കി.  ഒരു മദ്ധ്യവയസ്കനായ റിക്ഷാക്കാരനാണ്. സാധാരണയിൽ കൂടുതൽ പൊക്കമുണ്ട്. അഴുക്കു പുരണ്ട വെള്ള മന്മൽ മുണ്ടു കൊണ്ട്  പാളത്താർ ഉടുത്തിരിക്കുന്നു. അതിലും മലീമസമായ ഒരു തുണിക്കഷണം കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഇതിന്റെ ഒരഗ്രം മാറിൽ സ്പർശിക്കുന്നതുണ്ടെന്നതൊഴിച്ചാൽ മറ്റു മേൽവസ്ത്രങ്ങളൊന്നും ആ ശരീരത്തിലുണ്ടായിരുന്നില്ല. ഉന്തിയ നെഞ്ചിൻകൂട് തൊലിപ്പുറത്തു വ്യക്തമായി കാണാം. റിക്ഷായുടെ സ്ഥിതിയും ഏതാണ്ടിങ്ങിനൊക്കെ തന്നെ. പഴകി തുരുമ്പിച്ച റിക്ഷായുടെ സീറ്റിലെ റക്സിൻ കീറി പഞ്ഞിയെല്ലാം പുറത്തു വന്നിരിക്കുന്നു. സൈഡിലും മുകളിലും റക്സിനുണ്ടെന്നു പറയാം, അത്രമാത്രം.

'വളരെ നന്ദി", പെട്ടിപ്പുറത്തു നിന്നും എഴുന്നേറ്റ് അതെടുക്കാനായി ഞാൻ കുനിഞ്ഞു. "വേണ്ട സാബ്, അത് ഞാൻ എടുത്തു വെച്ചോളാം, താങ്കൾ അകത്തു കയറി ഇരുന്നാട്ടെ" എന്ന് ഭവ്യതയോടെ പറഞ്ഞ് പെട്ടിയും ബാഗും എടുത്ത് റിക്ഷക്കുള്ളിൽ വച്ചു  റിക്ഷാക്കാരൻ നിൽപ്പായി. ഞാൻ റിക്ഷക്കുള്ളിൽ കയറിയിരുന്നു 'ചലിയേ' പറഞ്ഞതും റിക്ഷ ചലിച്ചു തുടങ്ങി.

"സാബ്,  താങ്കളെ  യൂണിവേഴ്സിറ്റിയിൽ എവിടെ വേണമെങ്കിലും ഞാൻ കൊണ്ടു പോകാം, അഞ്ചു രൂപ കൂലി തരണം", അയാൾ  ഭവ്യതയോടെ പറഞ്ഞു.

"ശരി, അഞ്ചല്ല, ഏഴു രൂപ ഞാൻ നിങ്ങൾക്കു തരാം, സംശയം വേണ്ട, പൊയ്ക്കോളൂ",  ഞാൻ പറഞ്ഞു. 

ബനിയാബാദിലെ ഇടുങ്ങിയ തെരുവീഥികളിലൂടെ കുണ്ടിലും കുഴിയിലും കുലുങ്ങി റിക്ഷാ ബനാറസ്‌ സർവകലാശാലയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പാൽപാത്രങ്ങൾ പിന്നിൽ കെട്ടിവച്ച സൈക്കിളുകളിൽ ചിലർ തലങ്ങനെയും വിലങ്ങനെയും പോകുന്നുണ്ടെന്നതൊഴിച്ചാൽ ആ തെരുവീഥികൾ  വിജനമായിരുന്നു. തെരുവോരങ്ങളിലും വീടുകളുടെ മുറ്റത്തും ധാരാളം എരുമകളെ കെട്ടിയിട്ടിരുന്നത് കൌതുകകരമായ കാഴ്ചയായിരുന്നു. ചാണകത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു ആ തെരുവുകൾക്കെല്ലാം തന്നെ.                   

റിക്ഷാ ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അങ്ങകലെ നിന്നും  ഉച്ചഭാഷിണിയിൽ കൂടി ഒഴുകി വരുന്ന ഭക്തിസാന്ദ്രമായ മീരാഭജൻ കേൾക്കായി. ക്ഷേത്രങ്ങളുടെ നാടായ 'വാരാണസി' ഇങ്ങടുത്തായി എന്നറിയിക്കുന്നതായിരുന്നു ആ സംഗീതവീചികൾ. ഭാരതത്തിലെ ഏറ്റവും പുരാതന നഗരമായ ബനാറസിലേക്കാണ്‌ ഞാൻ എത്തിക്കൊണ്ടിരിക്കുന്നതോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും ഉണർവും അനുഭവപ്പെട്ടു.

ബനാറസ് നഗരത്തിലെ നിരത്തുകൾ അത്ര നിരപ്പുള്ളതായിരുന്നില്ല. എന്നാൽ പറയത്തക്ക കയറ്റമോ ഇറക്കമോ ആ നിരത്തുകൾക്ക് ഉണ്ടായിരുന്നില്ലതാനും. എങ്കിലും കൃശഗാത്രനായ റിക്ഷാക്കാരൻ റിക്ഷാ ചവിട്ടാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. റിക്ഷാ ചവിട്ടുന്നതോടൊപ്പം അയാൾ നിരന്തരം ചുമച്ചു കൊണ്ടേയിരുന്നു. കുളിരുള്ള ആ പ്രഭാതത്തിലും വിയർപ്പു ചാലുകൾ അയാളുടെ ശരീരത്തിലൂടെ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. ചവിട്ടാനുള്ള പ്രയാസം കാരണം അയാൾ ഇടയ്ക്കിടയ്ക്ക് റിക്ഷയിൽ നിന്നും താഴെ ഇറങ്ങി അതും വലിച്ചു നടന്നു. എന്റെയും പെട്ടികളുടെയും ഭാരം കൂടി ചേർന്ന ആ റിക്ഷാ വലിച്ചു നടക്കാൻ പോലും അയാൾ വളരെ പ്രയാസപ്പെടുന്നതായി എനിക്കു മനസ്സിലായി. ഞാൻ താഴെ ഇറങ്ങി നടന്നു കൊള്ളാം എന്നു പറഞ്ഞെങ്കിലും ആ സാധു മനുഷ്യൻ അതു നിരസിച്ചു. എങ്കിലും അയാൾ വളരെ കഷ്ട്ടപ്പെടുന്നതായി തോന്നിയ ഇടങ്ങളിൽ ഞാൻ റിക്ഷായിൽ നിന്നും താഴെ ഇറങ്ങി, അതു തള്ളി നീക്കാൻ  അയാളെ സഹായിച്ചു. സാധാരണ കാണുന്നവരിൽ നിന്നും വ്യത്യസ്തനാണ് ഞാനെന്നു കണ്ടതിനാലാകാം, റിക്ഷാക്കാരൻ പതുക്കെ പതുക്കെ മനസ്സു തുറക്കാൻ തുടങ്ങി.   

"സാബ്‌, അങ്ങു വിളിച്ചപ്പോൾ സവാരി വേണ്ട എന്ന് റിക്ഷക്കാരെല്ലാം പറഞ്ഞത് അവർക്കു സവാരിയിൽ താത്പര്യം ഇല്ലാഞ്ഞിട്ടല്ല; മറിച്ച്  ഭയം കൊണ്ടാണ്. യൂണിവേഴ്സിറ്റിയിലേക്കു സവാരി പോയാൽ കൂലി കിട്ടുക പ്രയാസമാണ്. കൂലി ചോദിച്ചാൽ മർദ്ദനം ആയിരിക്കും ഫലം. എത്രയോ പ്രാവശ്യം ഇതു സംഭവിച്ചിരിക്കുന്നു! കൂലി ചോദിച്ചതിൽ ദേഷ്യപ്പെട്ട് വിദ്യാർഥികൾ റിക്ഷകൾ തകർത്ത  സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ റിക്ഷകളൊന്നും ഞങ്ങളുടേതല്ല; പണക്കാരായ മുതലാളിമാരിൽ നിന്നും ഞങ്ങൾ ദിവസവാടകക്കെടുത്തു ചവിട്ടുന്നതാണ്. രാപ്പകൽ പണിചെയ്താൽ  വാടക കഴിച്ച്‌ അഞ്ചോ പത്തോ രൂപാ കിട്ടും, അതുകൊണ്ടു വേണം കുടുംബം പോറ്റാൻ. അപ്പോൾ റിക്ഷപോലും സുരക്ഷിതമല്ലാത്ത ഒരു സവാരിക്കെങ്ങിനെ പോകാൻ കഴിയും ഞങ്ങൾക്ക്? അങ്ങൊരു 'മദ്രാസി' യാണെന്നു മനസ്സിലായതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്".   

എനിക്കതിശയം തോന്നി. അനുവദനീയമായതിൽ കൂടുതൽ കൂലി ചോദിക്കുകയും അതു നൽകാൻ വിസമ്മതിച്ചാൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ പോലും മടി കാണിക്കാത്ത റിക്ഷക്കാരുടെ നാട്ടിൽ നിന്നും വരുന്ന എനിക്ക് ഇതൊരു പുതിയ അറിവും അനുഭവവും ആയില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ? 

ഇതിനുള്ളിൽ റിക്ഷാ ബനാറസ് സർവകലാശാലയുടെ ഗോപുരവാതിൽക്കൽ എത്തി, പ്രൌഡഗംഭീരമായ ഉത്തുംഗകമാനവും കടന്ന് വെടിപ്പും ഭംഗിയുമുള്ള രാജവീഥിയിൽ കൂടി മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു. വീഥിയുടെ രണ്ടു വശങ്ങളിലും തണൽ  മരങ്ങൾ വരിവരിയായി  നിൽക്കുന്നു. ഒരു വശത്ത്‌ തണൽ മരങ്ങൾക്കു പിന്നിലായി ബ്രിട്ടീഷ്‌ മാതൃകയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വലിയ കെട്ടിടങ്ങൾ നിലകൊള്ളുന്നു. ആ കെട്ടിടങ്ങളുടെ മുൻപിൽ കണ്ട ബോർഡുകളിൽ നിന്നും അതെല്ലാം വിദ്യാർത്ഥികൾക്കു താമസിക്കാനുള്ള ഹോസ്റ്റലുകൾ  ആണെന്നെനിക്കു മനസ്സിലായി. വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു സർവകലാശാലയുടെ  കാമ്പസ്സിൽ കൂടിയാണ്‌ ഞാൻ യാത്ര ചെയ്യുന്നതെന്നും നാളെ മുതൽ ഞാനും ഈ വിശ്വവിദ്യാലയത്തിന്റെ ഭാഗമായി മാറും എന്നും ഓർത്തപ്പോൾ  എന്റെ മനസ്സിന് അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം അകന്നു പോയി.

റിക്ഷാ 'രാമകൃഷ്ണ ഹോസ്റ്റലി'നു മുന്പിലെ പോർട്ടിക്കൊയിലെത്തി നിന്നു. നാട്ടിൽ എന്നോടൊപ്പം പഠിച്ച ഒരു സുഹൃത്ത്‌ ഇവിടെ താമസിക്കുന്നുണ്ട്. റിക്ഷാ നിന്നതും റിക്ഷാക്കാരൻ സീറ്റിൽ നിന്നും ചാടിയിറങ്ങി എന്റെ ആന്ജയും കാത്ത് ബഹുമാനഭാവത്തിൽ നിലയായി; ജന്മിയുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന അടിയാളനെപ്പോലെ. യൂണിവേഴ്സിറ്റി യാത്രയിലെ മുൻകാല അനുഭവങ്ങൾ കൊണ്ടാകാം, അയാളുടെ മുഖത്ത് ഭയവും അസ്വസ്ഥതയും പ്രകടമായിരുന്നു. ഞാൻ റിക്ഷയിൽ നിന്നിറങ്ങി ബാഗെടുക്കാൻ കൈകളുയർത്തി.

'വേണ്ട സാബ്, അതൊക്കെ ഞാൻ എടുത്തു കൊള്ളാം, അങ്ങ് നടന്നാട്ടെ' ഇതും പറഞ്ഞു പെട്ടി തലയിൽ വച്ച് ബാഗ് കയ്യിലും പിടിച്ച്  റിക്ഷക്കാരൻ എന്റെ പിറകെ നടന്നു തുടങ്ങി. എന്റെ മുൻപിൽ നടക്കാൻ പോലും അയാള് ഭയക്കുന്നതായി എനിക്കു മനസ്സിലായി. എനിക്ക് പോകേണ്ടിയിരുന്ന 16-)o  നമ്പർ മുറിയുടെ മുമ്പിൽ ബാഗും പെട്ടിയും വച്ച് റിക്ഷക്കാരൻ തല കുനിച്ചു നിന്നു. റിക്ഷാക്കൂലി ചോദിക്കാനുള്ള മടിയും എന്നാൽ അത് കിട്ടിയിരുന്നെങ്കിൽ തനിക്കു പോകാമായിരുന്നു എന്ന ആഗ്രഹവും ആ മുഖത്തു നിഴലിച്ചു കണ്ടു. യഥാർത്ഥ അടിമത്തം എന്താണെന്ന് ജീവിതത്തിലാദ്യമായി  ഞാൻ നേരിട്ടറിഞ്ഞു. ദൈന്യത നിറഞ്ഞ ആ മുഖത്തു നോക്കിയപ്പോൾ എനിക്കു വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു; ഒപ്പം ഇവരെയൊക്കെ അടിമകളാക്കുന്ന 'വിദ്യാസമ്പന്ന'വർഗ്ഗത്തോടു പുശ്ചവും. ഞാൻ പോക്കറ്റിൽ നിന്നും  പന്ത്രണ്ടു
രൂപയെടുത്തു അയാൾക്കു കൊടുത്തു. അയാളെന്നെ പരിഭ്രമത്തോടെ തുറിച്ചു നോക്കി. പറഞ്ഞതിലും അഞ്ചു രൂപ കൂടുതലാണ് തന്നതെന്നു പറഞ്ഞ് ആ തുക അയാൾ തിരികെ നീട്ടി. അതു ഞാൻ അറിഞ്ഞു തന്നതാണെന്നു പറഞ്ഞു. അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലായിരിക്കാം. ആ നേത്രങ്ങൾ ആർദ്രമാകുന്നതു ഞാൻ കണ്ടു. ആ ആർദ്രത പിന്നെ അശ്രുധാരയായി. എനിക്കു വല്ലാത്ത അസഹ്യത അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു
അത്. എൻറെ കണ്ണും നിറഞ്ഞുപോയി. പലവട്ടം 'ധന്യവാദും' പറഞ്ഞ് ആ സാധു മനുഷ്യൻ നടന്നകലുന്നതും നോക്കി ഞാൻ നിന്നു. വിദ്യാഭ്യാസം കൊണ്ടു നാം നേടുന്നതെന്താണ് എന്ന ചോദ്യമായിരുന്നു അപ്പോഴെന്റെ മനസ്സു മുഴുവൻ.

ബനാറസിലെ പഠനം എനിക്ക് ബിരുദാനന്ദര ബിരുദവും അതിന്റെ പേരിൽ നല്ലൊരു ജോലിയും നേടിത്തന്നെങ്കിലും എന്റെ അറിവിന്റെ നിറുകയിലെ കറുത്തപാടായി 'ബനിയാബാദിലെ ആ റിക്ഷാക്കാരൻ' ഇന്നും തെളിഞ്ഞു നിൽക്കുന്നു.

 (ഈ സംഭവം നടന്നിട്ടു 32 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനുള്ളിൽ ബനാറസിലെ റിക്ഷാക്കാരുടെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടാകാം)