Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം 12 മുതൽ 15 വരെ

രാമായണമാസക്കുറിപ്പ് - 12  

പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷൻ ചാതുർവർണ്യവും സൃഷ്ടിച്ചെന്ന് ഋഗ്വേദം പറയുന്നു. സൃഷ്ടിയെക്കുറിച്ചു പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്

ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹുരാജന്യ : കൃത:
ഊരു തദസ്യ യഥൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത

(ആ പ്രജാപതിക്ക്‌ ബ്രാഹ്മണൻ മുഖമായി (മുഖത്തിൽ നിന്നും ഉണ്ടായി). ക്ഷത്രിയൻ കൈകളിൽ നിന്നും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചു. ഇതേ ആശയം ചില യജുർവേദ ശ്ലോകങ്ങളിലും കാണാം (ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകാരണം തെറ്റുണ്ടാകാം. ക്ഷമിക്കുക).

വേദങ്ങൾ പോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ഭാഷയും അതിൽ അടങ്ങിയിരിക്കുന്ന ഗൂഢഅർത്ഥതലങ്ങളും സാധാരണ വായനയിൽ ഒരുവനു കിട്ടുന്നതല്ല. സംസ്കൃത ഭാഷയിലും പരാമർശിച്ചിരിക്കുന്ന വിഷയത്തിലും നല്ല പാണ്ഡിത്യം ഉള്ള ഒരാൾക്ക് മാത്രമേ അത് വായിച്ചു അർത്ഥം ഗ്രഹിക്കാൻ കഴിയൂ. മുകളിൽ പരാമർശിച്ച ശ്ലോകം തന്നെ എടുത്തു നോക്കൂ. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിട്ടില്ലാത്ത ഒരു ബുദ്ധി കൊണ്ട് വായിച്ചാൽ അതിൽ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കൈയ്യിൽ നിന്നും കാലിൽ നിന്നുമൊന്നും മനുഷ്യൻ ഉണ്ടാകില്ലല്ലോ? എന്നാൽ ഇതൊക്കെ എഴുതി വെച്ചവർ അത്ര ബുദ്ധിശൂന്യരോ സ്വാർത്ഥതാത്പര്യക്കാരോ അല്ലെന്നു മനസ്സിലാക്കുമ്പോൾ എഴുതിയതിനു നമ്മൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പക്ഷേ പിൽക്കാലത്തു വേദത്തെ വ്യാഖ്യാനിച്ച പലരും അവരുടെ താത്പര്യം വ്യാഖ്യാനങ്ങളിൽ കുത്തി നിറക്കയും അതാണ് സത്യമെന്നു മനുഷ്യരെ ബോധിപ്പിക്കുകയും ആയിരുന്നു. ദേവന്മാരുടെ പോലും ദൈവമാണ് ബ്രാഹ്മണനെന്നും ബ്രാഹ്മണന്റെ ദാസ്യവേലക്കാണ് ശൂദ്രനെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇരുമ്പ് ഉരുക്കി ഒഴിക്കണമെന്നും ഇപ്പറയുന്നതെല്ലാം ഈശ്വരൻ പറഞ്ഞിട്ടുള്ളതാണെന്നും മറ്റും പുലമ്പിയ മനുസ്മൃതിപോലെയുള്ള അബദ്ധപഞ്ചാംഗങ്ങൾ കാണിക്കുന്നതിതാണ്. ഞങ്ങൾ കുറച്ചു പേർ മാത്രമാണ് വേദങ്ങൾക്കു അധികാരികളെന്നും ഞങ്ങളല്ലാതെ ആരെങ്കിലും അതു പഠിച്ചാൽ ഈശ്വരനിന്ദയാകുമെന്നും അങ്ങനെയുള്ളവർ ഈശ്വരകോപത്തിനു പാത്രമായി നശിച്ചു പോകുമെന്നും മറ്റും പറഞ്ഞു ഭയപ്പെടുത്തി വിദ്യാഭ്യാസം നിഷേധിച്ചു ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊക്കെ പഠിക്കുന്നതിൽ നിന്നും അകറ്റിനിർത്താനും ഇക്കൂട്ടർക്കു കഴിഞ്ഞു. മഹനീയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ ഉൾപ്പെടുന്ന വേദങ്ങൾ രചിച്ച മനുഷ്യർ (വേദങ്ങൾ അപൗരുഷേയമാണ്‌, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല, ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല) മനുഷ്യനെ മനുഷ്യന്റെ അടിമയാക്കി സമൂഹത്തെ നശിപ്പിക്കുന്ന ചാതുർവർണ്യത്തെ സൃഷ്ട്ടിച്ചു എന്നു ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതൊന്നും ദൈവം ചെയ്ത തെറ്റുകളല്ല, സ്വാർത്ഥലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മനുഷ്യരുടെ തെറ്റുകളാണ് എന്ന് സാരം.

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ (വ്യാസൻ) വേദങ്ങളെ നിശിതമായി വിമർശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വേദങ്ങളിൽ ഉദയം കൊണ്ട ചാതുർവർണ്യം എന്ന ആശയത്തെ ഭഗവാൻ 'ചാതുർവർണ്യം മയാ സൃഷ്ട്ടം ഗുണ കർമ്മ വിഭാഗശയ:' എന്ന് പറയുന്നതിൻറെ പൊരുളെന്താണെന്നു ചിന്തിക്കാം, ഇന്നല്ല, നാളെ.

(ഇവിടെ പരാമർശിക്കുന്ന വിഷയം ഇന്നുള്ളവർ ചെയ്തു നടപ്പാക്കിയതല്ല. പണ്ടുള്ളവർ ചെയ്തു വച്ചത് ഇന്നുള്ളവരും തുടർന്നു പോകുന്നൂ എന്നുമാത്രം).

രാമായണമാസക്കുറിപ്പ് -13

ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?
വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. ഭഗവാൻ ഉദ്ദേശിച്ച വർണ്ണം നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. ഇത് ജന്മം കൊണ്ട് നേടാവുന്നതല്ല, കർമ്മം കൊണ്ടേ നേടാൻ കഴിയൂ. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ഭഗവാൻറെ വർണ്ണസങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണജാതിക്കാരനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണം. അതാണ് ഭഗവാന്റെ വർണ്ണസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ !

രാമായണമാസക്കുറിപ്പ് -14

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനോ മറ്റോ ആണെന്നാ. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ ഒരു തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജന്തുജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും സ്‌നേഹിക്കണം എന്നും തിരിച്ചറിയുന്നവൻ. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

ഹിന്ദുമതത്തിൽ നടപ്പിലാക്കിയ ചാതുർവർണ്യവും ഈശ്വരസങ്കൽപ്പവുമെല്ലാം 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതം സനാതന ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മതമാണ് എന്നു പറയുന്നത് തെറ്റാണ്. നമ്മളറിയുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ വൈദികമതം ആണ്. അതിന് സനാതന ദർശനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് -15

നമ്മൾ പിന്തുടരുന്ന ഹിന്ദുമതത്തിനു സനാതനധർമ്മവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അത് യഥാർത്ഥത്തിൽ വൈദികമതമാണെന്നുമാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു നിർത്തിയത്. സനാതനമതവും വൈദികമതവും തികച്ചും വ്യത്യസ്തമാണെങ്കിലും സനാതനദർശനങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെയാണ് വൈദികമതവും തങ്ങളുടേതെന്നു പറഞ്ഞു ഉയർത്തിക്കാണിക്കുന്നത്. ആദർശത്തിന്റെ പരിവേഷം കിട്ടാനായിട്ടാകാം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ വിരോധാഭാസമാണ് ചിന്തിക്കുന്ന ഹിന്ദുവിനുള്ളിൽ കുഴപ്പം സൃഷ്ടിക്കുന്നത്. ഗ്രന്ഥത്തിൽ പറയുന്നതൊന്നും തന്നെയല്ല, പ്രവൃത്തികളിൽ കാണുന്നത്. ഇങ്ങനെയുള്ള എഴുത്തുകളും വിശകലനങ്ങളും ഉണ്ടാകുന്നത് തന്നെ അതുകൊണ്ടാണ്.

സനാതനമതവും വൈദികമതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്നു ചിന്തിച്ചു നോക്കാം.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

വൈദികമതം ഇവിടെ മാത്രമാണുള്ളതെന്നു വിചാരിക്കരുത്. ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ വൈദികമതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന വൈദികമതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

No comments:

Post a Comment