Saturday, November 4, 2017

ഹിന്ദുക്കളെങ്കിലും അറിയേണ്ടത്

കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഞാൻ ഭഗവത് ഗീതയേയും ഹൈന്ദവധർമ്മത്തെയും കുറിച്ച് ഇവിടെയും എന്റെ ബ്ലോഗിലും എഴുതിക്കൊണ്ടിരിക്കുന്നു. മറ്റു മതങ്ങൾക്കുള്ളതുപോലെ വ്യവസ്ഥാപിതമായ ഒരു മതപഠന ക്രമം ഹിന്ദുമതത്തിൽ പ്രയോഗത്തിലില്ലാത്തതു കാരണം ബഹുഭൂരിപക്ഷം ഹൈന്ദവരും അതുപോലെ തന്നെ മറ്റു മതസ്ഥരും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഹൈന്ദവധർമ്മത്തെ വിലയിരുത്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ധർമ്മത്തെക്കുറിച്ചു സമൂഹത്തിനു അറിവു പകർന്നു നൽകാൻ കഴിവുള്ള ജ്ഞാനികളായ  സന്യാസിവര്യന്മാരും ആദരണീയരായ വ്യക്തികളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും എന്തുകൊണ്ടോ സ്വന്തം മതത്തെക്കുറിച്ചു അറിയുന്നതിലും ആ അറിവ് മറ്റുള്ളവർക്കു പകർന്നു നൽകുന്നതിലും ഹൈന്ദവർ പൊതുവെ വിമുഖരായാണ് കാണപ്പെടുന്നത്. അമ്പലത്തിൽ പോകുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുകയുമേ വേണ്ടൂ ഹിന്ദുവാകാൻ എന്നൊരു നിർഭാഗ്യകരമായ ചിന്ത പേറുന്നവരാണ് കൂടുതൽ ഹിന്ദുക്കളും. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്. ഹിന്ദു സമൂഹത്തിലെ ചാതുർവർണ്യവ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിൽ മതപരമായ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അധികാരം ന്യൂനപക്ഷമായ ഒരു വിഭാഗത്തിലേക്കു നിക്ഷിപ്തമായതും, മതപഠനത്തിൽ നിന്നും ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ  അകറ്റി നിർത്താൻ  കാരണമായിട്ടുണ്ടെന്നുള്ളതൊരു വസ്തുതയാണ്. നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന ഈ സാമൂഹിക വ്യവസ്ഥിതി ഭൂരിപക്ഷം ഹിന്ദുക്കളെയും, മറ്റു മതസ്ഥരെപ്പോലെ, അനുസരണാശീലമുള്ള വിശ്വാസികളാക്കി മാറ്റിയെന്നല്ലാതെ വേദോപനിഷത്തുക്കളും ഭഗവത് ഗീതയും വിഭാവനം ചെയ്യുന്ന വിവേകബുദ്ധിയിലൂടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സനാതനധർമ്മവാദികളാക്കി മാറ്റിയിട്ടില്ല. ആ പഴയ ഇരുണ്ട കാലഘട്ടമൊക്കെ മാറിയിട്ടും ഇന്നും ജനങ്ങൾക്കു മാറി ചിന്തിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. സ്വന്തം മതത്തെയും അതിന്റെ താത്വികപ്രമാണങ്ങളെയും ഈശ്വരവിഷയത്തെയും കുറിച്ച് ഒരേകദേശധാരണയെങ്കിലും വേണമെന്ന് ഹൈന്ദവസമൂഹത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കെങ്കിലും തോന്നേണ്ടതില്ലേ? ഇങ്ങനെ ഒരിക്കൽ ചിന്തിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ. വായിച്ചും വിഷയജ്ഞാനമുള്ളവരോടു സംസാരിച്ചും കുറെയൊക്കെ മനസ്സിലാക്കിയപ്പോൾ ആർഷഭാരത ഋഷിപാരമ്പര്യത്തിന്റെ മഹത്വം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. സഹസ്രാബ്ദങ്ങൾക്കു മുൻപ് ലോകം മുഴുവൻ ഇരുളടഞ്ഞു കിടന്നിരുന്ന ഒരു കാലഘട്ടത്തിൽ, സ്വന്തം ചിന്താശക്തിയെ വാനോളം ഉയർത്തി, ആ ഒരേ ഒരു ശക്തിയുടെ പിൻബലത്തിൽ ഇപ്രപഞ്ചത്തെയും അതിന്റെ പ്രകൃതങ്ങളെയും അവലോകനം ചെയ്ത്, ആ പ്രകൃതങ്ങൾക്കുള്ളിൽ വിവേകബുദ്ധിയുള്ള മനുഷ്യനെന്ന ജീവി എങ്ങിനെയാണ് ജീവിക്കേണ്ടതെന്നു പറഞ്ഞുവക്കാൻ കഴിവുണ്ടായിരുന്ന ദീർഘദർശികളായ ഒരു കൂട്ടം മനുഷ്യർ ജീവിച്ചിരുന്നത് ഭാരതഭൂമിയിൽ മാത്രമായിരുന്നു എന്നതെന്നിൽ ഇന്നും അത്ഭുതം നിറയ്ക്കുകയാണ്. ഈ സംസ്കാരത്തിന്റെ പിൻപറ്റുകാരാണ് ഭാരതീയരെല്ലാം നാമെല്ലാം തന്നെ; പ്രത്യേകിച്ചും സനാതനധർമ്മത്തെ മതമാക്കിയിട്ടുള്ള ഹൈന്ദവസമൂഹം. ഞാൻ ഹിന്ദുവാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയണമെങ്കിൽ, വിശ്വാസവിഷയങ്ങൾക്കപ്പുറത്തുള്ള ഈ ബൗദ്ധികസംസ്കാരത്തിന്റെ ഒരേകദേശരൂപമെങ്കിലും ഓരോ ഹിന്ദുവും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഈ അറിവ് ഹിന്ദുവിനെ സാമൂഹികപ്രതിബദ്ധതയുള്ള നല്ല മനുഷ്യനാക്കിത്തീർക്കുന്നതോടൊപ്പം തൻറെ സംസ്കാരത്തെ സ്നേഹിക്കുവാനും അതിന്റെ സംരക്ഷകനും വാഹകനുമാക്കാനും പ്രാപ്തനാക്കും. വിശ്വാസവിഷയങ്ങളുടെ പേരിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന ശീതസമരങ്ങളും അവ സമൂഹങ്ങളിൽ സൃഷ്ട്ടിക്കുന്ന അനാവശ്യസംഘർഷങ്ങളും നല്ലൊരു പരിധി വരെ നിയന്ത്രിക്കുവാൻ ഈ ആർഷഭാരത (സനാതനധർമ്മ) ജ്ഞാനം കൊണ്ട് കഴിയുമെന്നുള്ളത് നിസ്തർക്കമാണ്. വളരെ പരിമിതമായ അറിവേ ഈ മഹത് വിഷയത്തെക്കുറിച്ചു എനിക്കുള്ളൂ എങ്കിലും, ആ ചെറിയ അറിവെങ്കിലും താൽപ്പര്യമുള്ളവരുമായി പങ്കിടണമെന്ന ആഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഞാൻ ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെ ഈ വിഷയത്തെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്നത്. ഈ അറിവു നേടുന്നതിൽ ജാതിമതഭേദചിന്തകൾ തടസ്സമാവേണ്ടതില്ല; മനുഷ്യനുൾപ്പെടുന്ന ജന്തുജാലങ്ങൾക്കും പ്രകൃതിക്കും നന്മ പ്രദാനം ചെയ്യാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു തത്വസംഹിതയോട് എന്തിനാരെങ്കിലും കലഹിക്കണം?

ഹിന്ദുമതം (സനാതനധർമ്മമതം)

ഹിന്ദുമതം എന്നൊരു മതമുണ്ടോ, അതോ ഹൈന്ദവസംസ്കാരം എന്നു പറയുന്നതാണോ ശരി തുടങ്ങിയ ചില ചോദ്യങ്ങൾ പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഒരു ആത്മീയപുരുഷനും അദ്ദേഹത്തിൻറെ വചനങ്ങൾ വിശ്വാസപൂർവം പിന്തുടരുന്ന ജനസമൂഹവും ചേർന്നതിനെയാണ് മതം എന്ന വാക്കുകൊണ്ട് സാധാരണ ലക്ഷ്യമാക്കുന്നത് (semitic religion). ഹൈന്ദവസംസ്കാരത്തിൽ ഒരു പ്രവാചകനോ, ദൈവപുരുഷനോ അല്ല ആത്മീയതയുടെ കേന്ദ്രം; അനേകം ഋഷിമാരുടെയും തത്വചിന്തകരുടെയും സംഭാവനകളിലാണ് ഈ സംസ്കാരം നിലനിൽക്കുന്നത്. അതിനാൽ, സെമിറ്റിക് മതങ്ങളുടെ ചട്ടക്കൂടിലൂടെ നോക്കിയാൽ, ഹിന്ദുമതമെന്നല്ല, ഹൈന്ദവ സംസ്കാരം എന്നു പറയുന്നതാകും ശരി. പക്ഷെ, 'മത' ത്തെ അഭിപ്രായം, ജീവിതരീതി' (ഉദാ: പണ്ഡിതമതം എന്നാൽ പണ്ഡിതന്റെ അഭിപ്രായം എന്നർത്ഥം) തുടങ്ങിയ അർത്ഥതലങ്ങളിലെടുക്കുമ്പോൾ, മറ്റു മതസ്ഥർക്കുള്ളതുപോലെ തന്നെ ഹിന്ദുക്കൾക്കും അവരുടേതായ വിശുദ്ധ തത്വചിന്തകളും ഗ്രന്ഥങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ദൈവവിശ്വാസവും ആചാരങ്ങളും പ്രത്യേക ജീവിതരീതിയുമുണ്ടെന്നും ആയതിനാൽ തന്നെ 'ഹിന്ദുമതം' എന്നു വിളിക്കുന്നതിൽ അപാകതയില്ലെന്നും കാണാവുന്നതാണ്. സെമിറ്റിക് മതങ്ങളിൽ ദൈവകൽപ്പനകൾ ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കേണ്ടതും പിന്തുടരേണ്ടതുമാണെങ്കിൽ ഹിന്ദുമതത്തിൽ അങ്ങിനെയല്ല, ഉപദേശങ്ങൾ വിമർശനബുദ്ധിയോടെ പഠിച്ചു ശരിയെന്നു തോന്നുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഈശ്വരനിൽ വിശ്വസിക്കണം എന്നുപോലുമില്ല. വിശ്വാസത്തിലല്ല, ബൗദ്ധികമായ അന്വേഷണത്തിലാണ് ഹൈന്ദവധർമ്മം നിലകൊള്ളുന്നത്. 'സിന്ധു'നദിക്കു പടിഞ്ഞാറു നിന്നു വന്ന പേർഷ്യൻ/ഗ്രീക്കു വംശജർ അവരുടെ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായ സംസ്കാരമുള്ളതും സിന്ധുനദിക്ക് കിഴക്കു വസിച്ചിരുന്നവരുമായ ഭാരതീയരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച  പേര് പരിണമിച്ചുണ്ടായതാണ് 'ഹിന്ദു' എന്നും സനാതനധർമ്മമൂല്യങ്ങളിലധിഷ്ഠിതമായ 'ഹിന്ദുമത'ത്തിനു 'സനാതനധർമ്മമത' മെന്ന പേരാണ് കൂടുതൽ യോജിക്കുക എന്നും അഭിജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിന്ദുമതം എന്നാൽ കുറെ ദേവതകളും മന്ത്രങ്ങളും അമ്പലങ്ങളും പൂജയും വഴിപാടും ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളുമൊക്കെയാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും ധരിച്ചിരിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണെന്നതിൽ സംശയമില്ല, പക്ഷേ ഹിന്ദുമതം ഇതൊന്നുമല്ല. ലോകക്ഷേമത്തെ ഉദ്ദേശിച്ചുള്ള വേദോപനിഷത്തുക്കളിലെ നിസ്വാർത്ഥമായ ആർഷഭാരത ഋഷിദർശനങ്ങളിലാണ് ഹിന്ദുമതമെന്ന മഹനീയസൗധം കെട്ടിപ്പടുത്തിരിക്കുന്നത്. വിവേകബുദ്ധിയിലാണ്, വികാരത്തിലല്ല ഈ ദർശനങ്ങളെല്ലാം നിലകൊള്ളുന്നതെന്നതിനാൽ ഇതെല്ലാം തന്നെ തീർത്തും യുക്തിസഹവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ സിദ്ധാന്തങ്ങളാണ്. സർവ്വചരാചരങ്ങൾക്കുള്ളിലും അവയുടെയൊക്കെ ചൈതന്യമായി ഈശ്വരൻ വസിക്കുന്നു എന്നതാണ് ഈ സിദ്ധാന്തപക്ഷം. ഹൈന്ദവദർശനശാസ്ത്രപ്രകാരം ഈശ്വരനും ചിന്താശക്തിയുള്ള മനുഷ്യനും ഇടയിൽ ഒരേ ഒരു വ്യത്യാസമേയുള്ളൂ; മനുഷ്യനിലെ അഹന്ത. അതായത്, ഈശ്വരൻ + അഹന്ത = മനുഷ്യൻ എന്നതാണ് ഹിന്ദുമതത്തിന്റെ സമവാക്യം. ഈ സമവാക്യത്തിൽ നിന്നും ആർക്കും ഈശ്വരനെ കണ്ടുപിടിക്കാവുന്നതേയുള്ളൂ; ഈശ്വരൻ = മനുഷ്യൻ - അഹന്ത. അതേ, മനുഷ്യനിലെ ഞാനെന്നും എന്റെയെന്നുമുള്ള അഹങ്കാരത്തെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളത് ഈശ്വരൻ മാത്രം. ഇതാണ് 'തത്വമസി' (അതു നീയാണ്) എന്ന ഉപനിഷദ് വാക്യം കൊണ്ടുദ്ദേശിക്കുന്നത്. അഹന്തയുടെ പതിനെട്ടു പടികൾ കാൽക്കീഴിലായിക്കഴിയുമ്പോൾ തന്റെയുള്ളിലെ ഈശ്വരനെ സാധകന് കാണാനാകും. അതിന്റെ പ്രതീകമാണ് മുന്നിൽക്കാണുന്ന സ്വർണ്ണവിഗ്രഹം. ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടിപ്രതിഷ്ഠയുടെ തത്വവും ഈ 'എന്നിലെ നിന്നെക്കാണൽ' തന്നെ. ഹിന്ദുമതത്തിന്റെ പേരിൽ നമുക്കു ചുറ്റും കാണുന്ന മിക്ക ആചാരങ്ങളും സംവിധാനങ്ങളും കർമ്മങ്ങളും ഈ തത്വചിന്തയുടെ പ്രായോഗിക പരിശീലനസംവിധാനങ്ങളാണ്. ഇന്നു നാം അറിയുന്ന ഹിന്ദുമതം ഈ സദ്‌പ്രമാണങ്ങൾക്കനുസൃതമായാണോ നിലകൊള്ളുന്നത്? തീർത്തും ആണെന്നു പറയാൻ കഴിയില്ല.  സദ് പ്രമാണങ്ങളെ വളച്ചൊടിച്ചു സങ്കുചിത താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് എല്ലാ മതങ്ങളുടെയും സ്വഭാവമാണ്, ഹിന്ദുമതവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ആദർശപരമായ മതതത്വങ്ങളുടെ പ്രയോഗികതയിൽ മനുഷ്യർ അനുവർത്തിച്ചുപോരുന്ന ഈ സങ്കുചിത്വ സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, എല്ലാക്കാലങ്ങളിലും സ്ഥിതി ഇതു തന്നെയായിരുന്നു. അധികാരം നിലനിർത്താനും സമൂഹത്തിൽ എല്ലാവിധത്തിലുമുള്ള മേൽക്കോഴ്മ സ്ഥാപിച്ചെടുക്കാനും മനുഷ്യർ മതത്തെ (അങ്ങിനെ ഈശ്വരനെയും) എക്കാലത്തും ഉപയോഗിച്ചിട്ടുണ്ടെന്നു ലോകചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അപൂർണ്ണനും സ്വാർത്ഥനുമായ മനുഷ്യനാണ്, പൂർണ്ണനായ ഈശ്വരനെ കൈകാര്യം ചെയ്യുന്നത് എന്നതിനാലുണ്ടാകുന്ന പ്രശ്നമാണിത്.  

എത്ര ലളിതമായ ഒരു സമവാക്യത്തിലാണ് ഹിന്ദുമതം നിലകൊള്ളുന്നത്, ഇല്ലേ? പക്ഷെ ഇത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയെന്നതോ, എവറസ്റ്റു കൊടുമുടി കയറുന്നതിലും പ്രയാസമേറിയ കാര്യവും. ശരീരമനോബുദ്ധികളെയാകെ ഗ്രസിച്ചു നിൽക്കുന്ന ഒന്നാണ് മനുഷ്യനിലെ അഹന്ത. ഒരു വസ്ത്രം പോലെ അഴിച്ചെടുത്ത് ദൂരെക്കളയാവുന്നതല്ല അത്. അർബുബുദരോഗത്തെപ്പോലെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ മാത്രം ഗ്രസിച്ചു നിൽക്കുന്ന ഒന്നായിരുന്നു അതെങ്കിൽ വിദഗ്ദനായ ഒരു സർജനെക്കൊണ്ടത് നീക്കം ചെയ്യിക്കാമായിരുന്നു. പക്ഷെ, അഹന്തയുടെ കാര്യത്തിൽ അതും സാധ്യമല്ല. അപ്പോൾ പിന്നെങ്ങിനെയാണ് അഹന്തയെ വെടിഞ്ഞു, ഈശ്വരനെക്കാണാൻ കഴിയുക? വിഷമിക്കേണ്ടതില്ല. ഈശ്വരനെ നിർവചിച്ച അതേ തത്വദർശികൾ തന്നെ അതിനുള്ള വഴിയും കണ്ടുപിടിച്ചു പറഞ്ഞുതന്നിട്ടുണ്ട്. വിവേചനശക്തിയുള്ള സ്വന്തം ബുദ്ധി (discriminatory intellect-ജ്ഞാനയോഗം) ഉപയോഗിച്ചും സ്വാർത്ഥലേശമില്ലാത്ത കർമ്മത്തിലൂടെയും (നിഷ്ക്കാമ കർമ്മം-കർമ്മയോഗം) പൂർണ്ണസമർപ്പണത്തിലൂടെയും (ഭക്തിയോഗം) അഹന്തയെ നിർമ്മാർജ്ജനം ചെയ്ത്, മനുഷ്യന് ഈശ്വരനാകാൻ കഴിയുമെന്നു ഭഗവത് ഗീത പറയുന്നു. തന്റെയുള്ളിലെയും അപരന്റെയുള്ളിലെയും ഈശ്വരനെക്കാണാൻ ആഗ്രഹമുള്ളവർ, ഇതിലേതെങ്കിലും പാത പിന്തുടരുകയേ വേണ്ടൂ. ഇങ്ങനെ ഈശ്വരനെക്കാണാനായാൽ താനും അപരനും ഒന്നാണെന്ന ബോധ്യം വരും. ഈ ലോകത്തിലെ എല്ലാക്കുഴപ്പങ്ങൾക്കും കാരണം 'ഞാനും നീയും എന്റെയും നിന്റെയും' എന്ന ഭേദഭാവമാണല്ലോ? അതില്ലാത്ത ഒരു ലോകം ഭാവനയിലെങ്കിലും ഒന്നു കണ്ടു നോക്കൂ? അതാണ് ഹിന്ദുമതം വാഗ്ദാനം ചെയ്യുന്നത്. ഒന്നും വെറുതെ കിട്ടില്ലല്ലോ? ഇങ്ങനെയൊരു സ്വപ്നലോകം ഭൂമിയിൽ സൃഷ്ടിക്കണമെങ്കിൽ മനുഷ്യർ കുറച്ചൊക്കെ കഷ്ടപ്പെട്ടേ  മതിയാകൂ, ഒരു നീണ്ട യാത്ര ചെയ്തേ മതിയാകൂ.       
ഈശ്വരസാക്ഷാത്ക്കാരത്തിനായുള്ള ഈ യാത്രയുടെ പാതയൊക്കെ നമുക്കു നമ്മുടെ പൂർവ്വികർ പറഞ്ഞുതന്നിട്ടുണ്ടെങ്കിലും അതത്ര നിസ്സാരമായി നടത്താൻ കഴിയുന്നതല്ല. അതിനു പല തയ്യാറെടുപ്പുകളും യാത്രാസാമഗ്രികളുമൊക്കെ വേണം. താത്വികമായ ഈ മനോബുദ്ധിയാത്രയെ പ്രായോഗികമായി മനുഷ്യർക്കു  മനസ്സിലാക്കിക്കൊടുക്കുവാൻ ചിന്താശക്തിയുള്ള പൂർവ്വികർ ഉണ്ടാക്കിയ സംവിധാനങ്ങളാണ് ദേവതകളും അമ്പലങ്ങളും പൂജയും മന്ത്രവും വഴിപാടും ഒക്കെത്തന്നെ. ആത്മീയയാത്രയുടെ ആദ്യപടികളാണ് ഈ സംവിധാനങ്ങളൊക്കെ. പലവിഷയങ്ങളിലായി ഓടി നടക്കുന്ന മനസ്സിനെ ഈശ്വരാന്വേഷണത്തിനായുള്ള നീണ്ട യാത്രയിലേക്കു സന്നദ്ധമാക്കാൻ ഇവയൊക്കെ സഹായിക്കും. പക്ഷേ തന്നിലേയും അപരനിലെയും ഈശ്വരനെക്കാണണമെങ്കിൽ, അല്ലെങ്കിൽ സ്വയം ഈശ്വരനാകണമെങ്കിൽ, ശരീരമനോബുദ്ധികളിലൂടെയുള്ള ആ നീണ്ടയാത്ര ചെയ്തേ മതിയാകൂ. അതു ചെയ്യാതെ, മറ്റെന്തൊക്കെത്തന്നെ ചെയ്താലും, ഹിന്ദുമതം അനുശാസിക്കുന്ന ഈശ്വരസാക്ഷാത്ക്കാരം മനുഷ്യന് സാധ്യമല്ല തന്നെ. ഈ ഈശ്വരസാക്ഷാത്ക്കരപദ്ധതിയുടെ കടയ്ക്കൽ വയ്ക്കുന്ന കത്തിയാണ് സ്വാർത്ഥത എന്നു ഭഗവത് ഗീത അടിവരയിട്ടു പറയുന്നുമുണ്ട്.

എല്ലാ മനുഷ്യരും തന്നെ ഈശ്വരന്മാരാണെന്നിരിക്കെ, ഈശ്വരാനുഗ്രഹത്തിനായി മനുഷ്യർ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു ഹിന്ദുമതം അനുശാസിക്കുന്നില്ല. ഉള്ളിൽ തെളിയുന്ന ജ്ഞാനദീപപ്രകാശത്തെ മറയ്ക്കുന്ന, അജ്ഞാനജന്യമായ മനോമാലിന്യങ്ങളെയകറ്റി, തന്നിലെയും അപരനിലെയും ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞു, ഭേദഭാവങ്ങൾ വെടിഞ്ഞു, ആനന്ദകരമായി സമൂഹത്തിൽ ജീവിച്ചു മരിക്കാനേ ഈ മതം പറയുന്നുള്ളൂ. മനോമാലിന്യങ്ങളെയകറ്റാനായുള്ള മാർഗ്ഗങ്ങളും പറഞ്ഞുവച്ചിട്ടുമുണ്ട്. പക്ഷേ നമ്മളെന്തൊക്കെയാണ് ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മുടെ ചെയ്തികൾ കൊണ്ട് മനസ്സ് നിർമ്മലമാകുകയാണോ അതോ കൂടുതൽ മലിനമാകുകയാണോ? നമ്മൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുകയാണോ അതോ ഈശ്വരനിൽ നിന്നും അകന്നകന്നു പോകുകയാണോ? നമ്മുടെ പോക്ക് എവിടേക്കാണ്? വ്യക്തികളാണ് സമൂഹം സൃഷ്ട്ടിക്കുന്നതെന്നതിനാൽ വ്യക്തിയുടെ ഈശ്വരനിലേക്കുള്ള അടുപ്പവും അകൽച്ചയും സാമൂഹികഭദ്രതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ്. ഇക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടവരായിരുന്നു ഭാരതീയ ആത്മീയാചാര്യന്മാർ. ആത്മീയതയിലൂടെ ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ (ലോകാ സമസ്താ സുഖിനോ ഭവന്തു) എന്നവർ പ്രാർത്ഥിച്ചത് അതിനാലാണ്.

ഭഗവത് ഗീതയുടെ ശ്രദ്ധാപൂർവ്വമായ പഠനത്തിലൂടെ മുകളിൽ പരാമർശിച്ച മഹനീയമായ ആർഷഭാരത തത്വചിന്തകൾ പ്രായോഗികമായി നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ അത് മനസ്സിലാക്കണമെങ്കിൽ ഭഗവത് ഗീതയുടെ ആത്മീയവും ചരിത്രപരവുമായ പശ്ചാത്തലത്തെക്കുറിച്ചു അൽപ്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. ഹൈന്ദവ തത്വദർശനങ്ങൾ എല്ലാം തന്നെ വിവേകബുദ്ധിയിലൂന്നിയതാണെന്നും നമുക്ക് പരിചിതമായ ഈശ്വര 'വിശ്വാസ'വും സ്വാർത്ഥഭക്തിയും അതിന്റെ ഭാഗമല്ലെന്നും കൂടി നാമറിയേണ്ടതുണ്ട്. ഇതൊക്കെ സനാതനധർമ്മതത്വങ്ങളുടെ പ്രായോഗികാഖ്യാനമായി പിൽക്കാലത്തു  സാമൂഹിക മനുഷ്യർ സൃഷ്ടിച്ച ആചാരങ്ങളും അവ പരിണമിച്ചുണ്ടായിട്ടുള്ളതുമാണ്. ഇവയുടെയൊക്കെ  ഉദ്ദേശലക്ഷ്യങ്ങൾ നല്ലതുതന്നെയെങ്കിലും അപൂർണ്ണനായ മനുഷ്യനാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്നതിനാൽ ഇവയിലൊക്കെ ഗുണപ്രദവും ദോഷകരവുമായ പല അംശങ്ങളും ഉണ്ടാകാം. പക്ഷേ, ഭഗവത്ഗീത ഉദ്‌ഘോഷിക്കുന്ന നിഷ്ക്കാമഭക്തിയുടെ തലം ഇതിൽ നിന്നും വളരെ വ്യത്യസ്തവും അന്യൂനവുമാണ്; അപൂർണ്ണനായ മനുഷ്യനെ പൂർണ്ണനായ ഈശ്വരനാക്കാൻ സഹായിക്കുന്ന മഹനീയ തത്വമാണത്.

ഭഗവത് ഗീതയുടെ (ഹൈന്ദവ ധർമ്മത്തിന്റെ) ചരിത്ര-ആത്മീയ പശ്ചാത്തലം

തങ്ങളുടെ നിലനിൽപ്പിനു പ്രകൃതി കനിഞ്ഞു നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടും അതുപോലെ തന്നെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതിഭാവങ്ങളെക്കണ്ടു ഭയന്ന് അതിൽ നിന്നും രക്ഷ നേടാനുമായി പ്രാകൃത  മനുഷ്യർ ഈശ്വരസങ്കൽപ്പങ്ങളും അവയ്ക്കുള്ള ആരാധനാസമ്പ്രദായങ്ങളും സഹസ്രാബ്ദങ്ങൾക്കു മുൻപു തന്നെ സൃഷ്ടിച്ചു. ഇക്കാലത്തിന് ശേഷം ബോധപൂർവം ചിന്തിയ്ക്കുന്ന മനുഷ്യരുടെ കാലമായപ്പോൾ അവർ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യ ജീവിതത്തെയും ജീവിതത്തിനു ശേഷമുള്ള ലോകത്തെയും മറ്റും മറ്റും പറ്റി ചിന്തിക്കാൻ തുടങ്ങി. ഈ പ്രപഞ്ചാവലോകനമാണ് വേദോപനിഷത്തുക്കളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, അപരിഷ്കൃത ജീവിതം നയിക്കുന്ന മനുഷ്യരെ, ബോധപൂർവം ചിന്തിപ്പിച്ചു പരിഷ്കൃതചിത്തരായ സാമൂഹികമനുഷ്യരാക്കാനുദ്ദേശിച്ചുള്ള ചിന്തകളും പ്രയോഗരീതികളുമാണ് ഈ ജ്ഞാനസ്രോതസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. വേദത്തിന്റെ അന്ത്യഭാഗവും വേദസാരവുമായ വേദാന്തത്തിൽ (ഉപനിഷത്തുക്കളിൽ), പ്രപഞ്ചകർത്താവെന്ന ഈശ്വരസങ്കൽപ്പം (ഏകദൈവസങ്കൽപ്പം) പ്രബലമായി പ്രതിഷ്ഠിക്കപ്പെട്ടിiട്ടുണ്ട്. വേദകാലത്തിനു ശേഷവും ഭാരതീയ തത്വചിന്തകന്മാർ ഈ പ്രപഞ്ച വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും അവരവരുടേതായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുണ്ടായ നിരവധി തത്വചിന്താശാഖകളിൽ ചിലതാണ് ചാർവാക മഹർഷിയുടെ ലോകായത മതം, കപിലമുനിയുടെ സാംഖ്യയോഗം, പതഞ്ജലി മഹർഷിയുടെ യോഗം, ശ്രീബുദ്ധന്റെ ബുദ്ധമതം, മഹാവീരന്റെ ജൈനമതം തുടങ്ങിയവ. ഈ തത്വചിന്തകളേറെയും ജഗന്നിയന്താവായ ഈശ്വരൻ എന്ന വേദാന്തദർശനത്തോടു യോജിക്കുന്നില്ല എന്നു തന്നെയല്ല ഈശ്വരസങ്കൽപ്പത്തെ നിരാകരിക്കുന്നുമുണ്ട്. വേദത്തിന്റെ അധികാരികളായി സ്വയം അവരോധിച്ച അക്കാലത്തെ കുറെ മനുഷ്യർ (പിൽക്കാലത്തു വൈദികമതം എന്നറിയപ്പെട്ടു) വേദത്തിന്റെ ലോകക്ഷേമകരമായ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുകയും ചാതുർവർണ്യ വ്യവസ്ഥിതി സൃഷ്ടിച്ചു സമൂഹത്തെ വിഭജിക്കുകയും വേദവിധിപ്രകാരം മനുഷ്യർ എങ്ങിനെയാണ് സാമൂഹികജീവിതം നയിക്കേണ്ടതെന്നു നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രങ്ങൾ (ഉദാ: മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി) രചിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ഈശ്വരന്റെ പേരിൽ  സമൂഹത്തിൽ നിരവധി അനാചാരങ്ങളും ജന്തുഹിംസയടക്കമുള്ള ദുരാചാരങ്ങളും ഇവർ നടപ്പിൽ വരുത്തുകയും അതെല്ലാം ജനങ്ങളിൽ  അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഹൈന്ദവമതം നാശോന്മുഖമാവുകയും അതിന്റെ സ്ഥാനത്തു ബുദ്ധമതവും ജൈനമതവും ഭാരതത്തിലുടനീളം വളർന്നു വികസിക്കുകയും ചെയ്തു. ഈ രണ്ട് അവൈദികമതങ്ങളും വേദങ്ങളിലെ യജ്ഞസംസ്കാരത്തെയും ഈശ്വരസങ്കൽപ്പത്തെയും നിരാകരിക്കുകയും സ്നേഹം, കരുണ  തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്തു. ഈ രണ്ടുമതങ്ങളും സ്വാഭാവികമായും വൈദികമതത്തിന്റെ കണ്ണിലെ കരടായിത്തീർന്നു. വൈദികമതത്തിന്റെ ഈ ദോഷകാലത്ത്, സനാതനധർമ്മത്തെ ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ അതിനു സ്ഥാനമുണ്ടാക്കാനുള്ള നല്ല ശ്രമങ്ങളുടെ ഭാഗമായുണ്ടായിട്ടുള്ള കൃതികളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത. ഇതേ ലക്ഷ്യത്തിലേക്കായി തന്നെ പിൽക്കാലത്ത് പുരാണങ്ങളും രചിക്കപ്പെട്ടു. ഇതിഹാസങ്ങളും പുരാണങ്ങളും കൂടി സനാതനധർമ്മത്തെ സമൂഹത്തിൽ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഉപനിഷദ് ദർശനങ്ങളാണ് ഭഗവത് ഗീതയുടെ വിഷയം എന്നു ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നുണ്ട്. ഗീതയുടെ കാലഘട്ടത്തിനു മുൻപ് ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ തത്വദർശനശാഖകളുടെയും നല്ല വശങ്ങൾ, ഗീതയുടെ നിർമ്മിതിയിലേക്ക് ഗീതാകാരൻ ഉപയോഗിച്ചിട്ടുണ്ടെന്നു ഗീത ശ്രദ്ധാപൂർവം പഠിക്കുന്നവർക്കു മനസ്സിലാക്കാവുന്നതാണ്. അതായത് നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ജഗന്നിയന്താവായി പ്രതിഷ്ഠിച്ച  ഉപനിഷദ് ദർശനങ്ങളോടൊപ്പം തന്നെ, ഈശ്വരസങ്കല്പത്തെ നിരാകരിക്കുന്ന തത്വചിന്തകളുടെ നല്ല വശങ്ങൾ കൂടി വിളക്കിച്ചേർത്തു സൃഷ്ട്ടിച്ച ആത്മീയകൃതിയാണ് ഭഗവത് ഗീത. പ്രപഞ്ചകർത്താവായി ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വേദാന്തചിന്തകളിലടക്കം മേൽപ്പറഞ്ഞ ഒരു ഭാരതീയ ദർശനശാഖയിലും നാം ഇന്നറിയുന്ന വിധത്തിലുള്ള, നമ്മിൽ നിന്നന്യനായ, നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരീശ്വരസങ്കൽപ്പം ഇല്ല. പുരാണകഥകളിൽ അങ്ങിനെയുള്ള ഈശ്വരസങ്കൽപ്പങ്ങളെ പ്രകീർത്തിക്കുന്ന നിരവധി കഥകൾ ഉണ്ടെങ്കിലും അവയൊക്കെ തന്നെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ആത്മജ്ഞാനത്തിലേക്കു സാധാരണ മനുഷ്യരെ നയിക്കാൻ വേണ്ടിയുണ്ടാക്കിയ പദ്ധതികളുടെ ഭാഗമാണെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ചിന്താശക്തിയുള്ള മനുഷ്യർ മെനഞ്ഞെടുത്ത കഥകളാണിതെല്ലാം എന്നർത്ഥം. ഇതിൽ തന്നെ പല കൃതികളുടെയും ഉദ്ദേശ്യം ചാതുർവർണ്യ വ്യവസ്ഥയെ സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും പലരും  ഉന്നയിച്ചിട്ടുണ്ട്. ആയിരിക്കാം. നമുക്കു തൽക്കാലം ആ വിഷയത്തിലേക്കു പോകാതിരിക്കാം. പുരാണകഥകളിൽ രസിച്ചു, അവയിൽ അന്തർഭവിച്ചിരിക്കുന്ന ആത്മബോധപരമായ കാര്യങ്ങളെ മറന്നു ജീവിക്കുന്നവരാണ് കൂടുതൽ പേരും എന്നു മാത്രം ഇപ്പോൾ മനസ്സിലാക്കാം.

ക്രിസ്തുവർഷത്തിന്റെ തുടക്കകാലത്തിനടുത്താണ് ഗീത രചിക്കപ്പെട്ടതെന്നാണു പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഗീതയ്ക്ക് 5000ൽപ്പരം വർഷത്തെ പഴക്കമുണ്ടെന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെന്തുതന്നെയായാലും ദ്വാപരയുഗത്തിൽ ജീവിച്ചിരുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വാസുദേവകൃഷ്ണനു ഗീതയുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയില്ലല്ലോ? അതായത്, ഗീത അവതരിപ്പിക്കുന്നത് ഭഗവാൻ കൃഷ്ണനെന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത്, പുരാണങ്ങളിൽക്കൂടി നമ്മൾ അറിയുന്ന കൃഷ്ണനെന്നല്ല, കൃഷ്ണനെന്ന കഥാപാത്രമാണെന്നാണ്.ഗീതയുടെ കാലത്തിനു മുൻപു തന്നെ ഭാരതത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന തേജസ്വിയായ കൃഷ്ണനിലൂടെ, ലോകസമ്മതിയിലേക്കായി ഗീതാകാരൻ, ഗീതാശ്ലോകങ്ങളെ  അവതരിപ്പിക്കുകയാണ്. നല്ലൊരു സംരംഭം തുടങ്ങാൻ പോകുമ്പോൾ നാം സ്ഥലത്തെ പ്രധാനിയും പൊതുസമ്മതനുമായ ആളെക്കൊണ്ട് അതു നിർവഹിപ്പിക്കുന്നതുപോലെ. ഭാരതീയ തത്വചിന്താധാരകളിൽ നിന്നും ഗീതാകാരൻ എഴുതിയുണ്ടാക്കിയ ഗീതാശ്ലോകങ്ങൾ ഭഗവാൻ കൃഷ്ണനെക്കൊണ്ട് അവതരിപ്പിക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അതായതു ഗീതയിൽ നാം കാണേണ്ടത് ദൈവമായ വാസുദേവകൃഷ്ണനെയോ ആ അവതാരപുരുഷന്റെ ദൈവീകശക്തികളെയോ അല്ല, മറിച്ചു ആർഷഭാരത ഋഷിമനസ്സുകളെയും അവർ പകർന്നുതരുന്ന ബൗദ്ധികമായ അറിവുകളെയുമാണ്. ഗീത പഠിക്കുമ്പോൾ ഭഗവാൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള പ്രയോഗം കണ്ടാൽ  ജ്ഞാനിയായ ഒരു ഗുരു എന്നേ ചിന്തിയ്ക്കേണ്ടതുള്ളൂ. ആ ഗുരുവിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല, ഗുരു പറയുന്നത് ബോധപൂർവം മനസ്സിലാക്കി കഴിയാവുന്നിടത്തോളം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക മാത്രമേ വേണ്ടൂ. നമ്മിൽ നിന്നന്യനായ ഒരു ദൈവം എന്ന ചിന്ത വേദാന്തദർശനത്തിലില്ല. നാമോരോരുത്തരിലും ദൈവീകത്വം ഉണ്ടെന്നും, പക്ഷെ അജ്ഞാനത്താൽ അതു മറഞ്ഞു നിൽക്കുകയാണെന്നും, അജ്ഞാനത്തെയകറ്റിയാൽ ഉള്ളിലെ ദിവ്യചൈതന്യം അനുഭവവേദ്യമാകുമെന്നുമാണ് ഹൈന്ദവതത്വശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആത്മീയമായ അറിവു നേടുന്നതിനനുസരിച്ചു അജ്ഞാനമാകുന്ന മൂടുപടം നേർത്തു നേർത്തു വരും, കാഴ്ചപ്പാടുകൾ മാറിത്തുടങ്ങും. തന്നെ നിലനിർത്തുന്ന ഈശ്വരൻ തന്നെയാണ് മറ്റുള്ളവയേയും നിലനിർത്തുന്നതെന്ന ബോധം ഉള്ളിലുദിക്കും. ഇതോടെ ഭേദഭാവചിന്തകൾ നമ്മളിൽ നിന്നകന്നുതുടങ്ങും. ഭേദഭാവമകന്ന മനുഷ്യർ ജീവിക്കുന്ന സമൂഹം സ്വർഗ്ഗമല്ലാതെ മറ്റെന്താണ്? വേദാന്തസാരമായ ഭഗവത് ഗീത ലക്‌ഷ്യം വയ്ക്കുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആ സുന്ദരലോകത്തെയാണ്. ഗീതയുടെ പഠനത്തിലൂടെ മനുഷ്യർ നേടുന്നത് ഈ  സമത്വബോധമാണ്, മറ്റൊന്നുമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു.

ഭഗവത് ഗീതയിൽ പ്രദിപാദിച്ചിരിക്കുന്ന ആത്മീയ വിഷയങ്ങളുടെ പൊതു പശ്ചാത്തലം മുകളിൽ എഴുതിയതിൽ നിന്നും മനസ്സിലാക്കാമെങ്കിലും ഗീതയുടെ രചനയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു വിവേകാനന്ദ സ്വാമികളും പല ഗീതാഗവേഷകരും കരുതുന്ന ചില സാമൂഹ്യവിഷയങ്ങളെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. വേദങ്ങളെ ആധാരമാക്കിക്കൊണ്ടു, ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കി, സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന വൈദികബ്രാഹ്മണരുടെ ഇടയിൽത്തന്നെ അന്നു രണ്ടു പക്ഷക്കാരുണ്ടായിരുന്നു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികജീവിതമാണ് ശരിയെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, കർമ്മങ്ങളെല്ലാം തന്നെ സ്വാർത്ഥത ജനിപ്പിക്കുന്നതാണെന്നും ആയതിനാൽ കർമ്മബന്ധങ്ങളുണ്ടാക്കി പുനർജന്മ്ത്തിനു കാരണമാകാവുന്ന കർമ്മമാർഗ്ഗം ഉപേക്ഷിച്ചു വനത്തിൽ പോയി സന്യാസജീവിതം നയിക്കുകയാണ് വേണ്ടതെന്നായി രണ്ടാമത്തെ കൂട്ടർ. കാമ്യകർമ്മങ്ങളിൽ മുഴുകി ജീവിച്ച കൂട്ടരായിരുന്നു സ്വാഭാവികമായും അന്നത്തെ സമൂഹത്തിലെ പ്രബലർ. വേദത്തെച്ചൊല്ലിയുണ്ടായ ഈ രണ്ടു വീക്ഷണങ്ങളും സമൂഹത്തിൽ വലിയ സംഘർഷവും അശാന്തിയും സൃഷ്ട്ടിച്ചു കൊണ്ടിരുന്ന കാലത്താണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു വീക്ഷണങ്ങളെയും ഉൾക്കൊണ്ടു കൊണ്ടു, സമന്വയത്തിന്റെ മാർഗ്ഗത്തിലാണ്‌ ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ കൂട്ടർ വാദിച്ച കാമ്യകർമ്മമാർഗ്ഗത്തിലെ കാമത്തെ (desire) മാറ്റി നിഷ്ക്കാമമായാണ് കർമ്മം ചെയ്യേണ്ടതെന്നും നിസ്വാർത്ഥമായി കർമ്മം ചെയ്യുന്നതിലൂടെ കർമ്മബന്ധനങ്ങളും പുനർജന്മവും ഉണ്ടാകില്ലെന്നും ഉപനിഷദ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗീത സമർത്ഥിച്ചപ്പോൾ അത് രണ്ടു കൂട്ടർക്കും സ്വീകാര്യമായി. സ്വാഭാവികമായും വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. വേദങ്ങളെയല്ല, വേദങ്ങളെ മനുഷ്യർ ഉപയോഗിക്കുന്ന രീതിയെയാണ് ഗീത വിമർശിക്കുന്നത്. തികച്ചും മൗലികമായ കർമ്മയോഗസിദ്ധാന്തം ആഹ്വാനം ചെയ്യുമ്പോൾത്തന്നെ, ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്നതിനു സഹായകരമാകുന്ന നിലപാടുകളാണ് പല ഗീതാശ്ലോകങ്ങളിലും നിഴലിക്കുന്നതെന്ന ഗൗരവപരമായ ആക്ഷേപവും പലരും ഉന്നയിച്ചിട്ടുണ്ട്. എന്റെ ഇതുവരെയുള്ള വായനയിൽ ഇതു ശരിയാണെന്നു തോന്നിയിട്ടില്ല. എങ്കിലും തുറന്ന മനസ്സോടെയുള്ള ഈ പഠനത്തിൽ അങ്ങിനെ എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ അതു മറച്ചുവയ്ക്കാതെ ഞാൻ ചർച്ച ചെയ്യുക തന്നെ ചെയ്യും. പഠിച്ചു പോകുന്ന വഴിയിൽ ഇപ്പറയുന്നതൊക്കെ ശരിയാണോ എന്നു നമുക്കും അന്വേഷിക്കാവുന്നതേയുള്ളൂ. 

                    ***        ***    ***      ***     ***    ***    ***    ***    
ഈ അടുത്തകാലത്തായി താനൊരു ഹിന്ദുവാണെന്ന് ഉറക്കെപ്പറയാൻ പോലും പല ഹിന്ദുക്കൾക്കും, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ളവർക്കു, മടിയായിരിക്കയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഹിന്ദു എന്ന വാക്കിന്റെ പുതിയ അർത്ഥം (മൃദു) ഹിന്ദുത്വതീവ്രവാദിയെന്നാണത്രെ! തീവ്രവാദി എന്നു വിളിക്കപ്പെടുന്നത് ആർക്കുമത്ര സന്തോഷമുള്ള കാര്യമല്ലല്ലോ? എന്നാൽ, ഹിന്ദുവാണെങ്കിലും ഹിന്ദുവിന് എതിരായി സംസാരിക്കുകയും പ്രവർത്തിക്കുകയും നിലകൊള്ളുകയും ചെയ്‌താലോ, മറ്റുള്ളവരുടെ മുൻപിൽ വിശാലമനസ്കനായ മതേതരവാദിയായി അംഗീകരിക്കപ്പെടും എന്ന വലിയ ഗുണവുമുണ്ട്. അമ്മയെക്കൊന്നാലും വേണ്ടില്ല, അംഗീകാരങ്ങൾ നേടണം എന്നു ചിന്തിക്കുന്ന ഒരു ലോകത്താണല്ലോ ഇന്നു നാം ജീവിക്കുന്നത്? അങ്ങിനെ അധികാര രാഷ്ട്രീയത്തിന്റെ മോഹവലയങ്ങളിലും അവരൊരുക്കുന്ന കുതന്ത്രങ്ങളിലും ചെന്നു ചാടി പല ഹിന്ദുക്കളും, സഹസ്രാബ്ധങ്ങളായി തങ്ങളാർജ്ജിച്ചിട്ടുള്ള സംസ്കാരത്തെത്തന്നെ തള്ളിപ്പറയാൻ ലജ്ജയില്ലാത്ത അവസ്ഥയിലെത്തി നിൽക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. സംസ്കാരചിത്തനായ ഒരു ഹിന്ദുവിനേക്കാൾ മതേതരവാദിയായ ഒരു മനുഷ്യനും ഈ ഭൂമുഖത്തു കാണില്ല എന്നതാണ് സത്യം. പക്ഷെ, സ്വന്തം സംസ്കാരത്തെയും മതത്തെയും നിന്ദിച്ചുകൊണ്ട്, മറ്റുള്ളതെല്ലാമാണ് മഹത്തരം എന്നു പറഞ്ഞു, അതിനൊക്കെ ആർപ്പു വിളിക്കുന്നതാണ് മതേതരത്വം എന്നാണ്‌ കുറെ ഹിന്ദുക്കളെങ്കിലും ഇന്നു കരുതുന്നതെന്നു തോന്നുന്നു. മറ്റു മതസ്ഥരിൽ നിന്നും ഹിന്ദുക്കളെ വ്യത്യസ്തരാക്കുന്ന പ്രധാനഘടകമാണ് സ്വത്വബോധമില്ലാത്ത ഈ ഹിപ്പോക്രസി. രാഷ്ട്രീയമെന്നപോലെ തന്നെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ സൃഷ്ട്ടിക്കുന്ന അപകർഷതാ ബോധവും സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ കപടമനോഭാവത്തിനു പിന്നിൽ വർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചിലർക്കു മറ്റു പലതും പോലെ സ്വസംസ്കാരനിന്ദ ഒരു ഫാഷനായിത്തീർന്നിട്ടുപോലുമുണ്ട്. ബാഹ്യപരമായ കടന്നാക്രമണങ്ങളെക്കാളും ഹൈന്ദവർ ഭയക്കേണ്ടത് സ്വസമൂഹത്തിലെ ആന്തരികമായ ഈ കാപട്യത്തെയാണെന്നതിൽ സംശയം വേണ്ട. ഹൈന്ദവധർമ്മത്തെക്കുറിച്ചുള്ള ശരിയായ അറിവ് പകർന്നു നൽകുകയാണ്,  അപകർഷതാബോധത്തിൽ നിന്നും ആത്മഹത്യാപരമായ ഈ പ്രവണതകളിൽ നിന്നും ഹിന്ദുവിനെ രക്ഷിക്കാനുള്ള മാർഗ്ഗം. ഭഗവത് ഗീതയുടെ ശരിയായ പഠനം ഈ ലക്ഷ്യത്തെ സാധൂകരിക്കാൻ പ്രാപ്തമാണ്.

                             ***      ***     ***     ***     ***    ***  ***  ***  ***






Tuesday, September 26, 2017

നാളത്തെ കഥകളി

അടുത്തയിടെ നടന്ന ഒരു 'ഹരിശ്ചന്ദ്രചരിതം' കഥകളിയിൽ, ചന്ദ്രമതി ചുടലപ്പറമ്പിൽ വിറകുകൊള്ളി ഉപയോഗിച്ചതിനെ പരിഹസിച്ചു ചിലർ എഴുതിയതിനെ ചോദ്യം ചെയ്‌ത്, 'സദനം കൃഷ്ണൻകുട്ടി' എന്ന കഥകളി ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ ഇടപെട്ടുകൊണ്ട് ഞാൻ എഴുതിയ പ്രതികരണങ്ങളിൽ ഒന്നാണ്‌ താഴെക്കൊടുത്തിരിക്കുന്നത്. കാലാകാലങ്ങളായി കഥകളിയിൽ പ്രകടമായ ഒരു വേർതിരിവു നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കഥകളികലാകാരന്മാരും ആസ്വാദകരും ചിട്ടപ്രധാനമായ കഥകളിയാണ് (ഉദാ: കോട്ടയം കഥകളെന്നറിയപ്പെടുന്ന ബകവധം, കിർമ്മീരവധം, കാലകേയവധം, കല്യാണസൗഗന്ധികം) ശരിയായ കഥകളിയെന്നും തെക്കുള്ളവർ സൃഷ്ട്ടിച്ച ഭാവാഭിനയപ്രധാനമായ കഥകളിക്കു നിലവാരം (കഥകളിത്തം) പോരാ എന്നും ചിന്തിക്കുന്നു. ആസ്വാദനശേഷി കുറഞ്ഞവരുടെ കഥകളിയാണ് തെക്കൻ കഥകളിയെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഇന്നത്തെ കഥകളി അവതരണങ്ങളിൽ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിനു മുകളിലും നടക്കുന്നതും കഥകളിയാസ്വാദകരിൽ കൂടുതൽ പേർക്കും ഇഷ്ടപ്പെടുന്നതും ഈ  നിലവാരം കുറഞ്ഞ തെക്കൻ കഥകളാണുതാനും. ഈ വിഷയത്തിൽ പരിജ്ഞാനമില്ലാത്തവർക്ക്, എന്റെ പ്രതികരണത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ വേണ്ടി ഇത്രയും എഴുതിയെന്നു മാത്രം. നർമ്മത്തിൽ പൊതിഞ്ഞതാണെങ്കിലും കാര്യമുള്ള ചിലതൊക്കെയുള്ള ഈ പ്രതികരണം,  കഥകളി ഗ്രൂപ്പിലെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ കഥകളി തൽപ്പരരിലും എത്തിച്ചേരണം എന്ന ആഗ്രഹത്താലാണ് ഒരു പ്രത്യേക പോസ്റ്റായി ഇവിടെ ഇടുന്നത്.        

പ്രതികരണം

"ചർച്ചകൾ ഏതാണ്ട് അവസാനിച്ചെന്നു തോന്നുന്നു. ഏതായാലും ഈ ചർച്ചകളിൽ നിന്നും കഴിഞ്ഞ കാലത്തെ കഥകളി ഗ്രൂപ്പ് ചർച്ചകളിൽ നിന്നും എനിക്കു കിട്ടിയ ഒരാശയം ഇവിടെ പങ്കു വയ്ക്കട്ടെ. തെക്കുള്ള പലരും വടക്കു നോക്കിയന്ത്രങ്ങളും വടക്കുള്ള പലരും 'നിഴൽക്കുത്ത്' തുടങ്ങിയ കഥകളിത്തമില്ലാത്ത തെക്കൻ കഥകളുടെ ആരാധകരുമായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് ഇനി പണ്ടത്തെപ്പോലെ തെക്കു-വടക്കു വേർതിരിവിനും അതിന്റെ പേരിലുള്ള സംവാദങ്ങൾക്കുമൊന്നും വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയിപ്പം ചർച്ചിക്കാനുള്ളത് കഥകളിത്തമുള്ളതും ഇല്ലാത്തതുമായ കഥകളുടെ കാര്യം മാത്രമാണ്.

ക്ലാസിക്കൽ കലയായ കഥകളിയിൽ പ്രോപ്പർട്ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യമായ ലോകധർമ്മിത്വം ശരിയല്ല എന്ന വാദഗതിയോട് യോജിക്കുന്നു. അതുകൊണ്ടു തന്നെ കുറെ കഥകളെങ്കിലും കഥകളിയുടെ  ആഭിജാത്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന വിധത്തിൽ പരിരക്ഷിക്കപ്പെട്ടു നിൽക്കട്ടെ. മലയാള-സംസ്കൃത ഭാഷകളിൽ പരിജ്ഞാനമുള്ള, സംസ്കാരചിത്തരായ ഒരു കലാസ്വാദകസമൂഹത്തിനു മാത്രമേ ഉൽകൃഷ്ട കലാമൂല്യങ്ങളുള്ള കഥകളി അറിഞ്ഞാസ്വദിക്കാൻ കഴിയുള്ളൂ എന്നതൊരു സത്യമാണ്. ഇതിനു സമയവും സൗകര്യവും വേണം താനും. നമ്മുടെ സമൂഹവും വിദ്യാഭ്യാസനിലവാരവും സംസ്കാരവുമെല്ലാം ഇങ്ങനെയുള്ള കഥകളി ആസ്വാദനത്തിനു, പ്രത്യേകിച്ചും ജനകീയമായ ആസ്വാദനത്തിനു, ഉ തകുന്നതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ  നൂറുകണക്കിനു കലാകാരന്മാരുടെ ജീവിതമാർഗ്ഗമായിക്കഴിഞ്ഞിരിക്കുന്ന കഥകളിയെ ഈ സമൂഹത്തിൽ എങ്ങിനെ പിടിച്ചു നിർത്താം എന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടല്ലോ?

കഥകളി സാങ്കേതികത്വത്തിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും എന്നാൽ ഇക്കാലത്ത് ആസ്വാദകരെ കിട്ടാൻ പ്രയാസമുള്ളതുമായ ചിട്ടക്കഥകളെ നമുക്കു 'ക്ലാസിക്കൽ കഥകളി' യെന്നോ 'നമ്പർ 1 കഥകളി' യെന്നോ വിളിച്ചു ഒരു ഭാഗത്തു നിർത്താം. ഇന്നത്തെ പോക്കിന്, വരും കാലങ്ങളിൽ ഇങ്ങനെയുള്ള കഥകളി കാണാൻ പ്രേക്ഷകർക്ക് അങ്ങോട്ട് കാശ് കൊടുക്കേണ്ടി വരും (കർണ്ണാടക സംഗീതകച്ചേരിക്ക് പ്രഗത്ഭയായ ഒരു സംഗീതജ്ഞയെ ക്ഷണിച്ചിട്ടു, പരിപ്പുവടയും ചായയും ഓഫർ ചെയ്‌തു പത്തിരുപതു പേരെ  സംഘടിപ്പിക്കേണ്ടി വന്ന ഒരു ഗതികേട് എന്റെ ഓർമ്മയിലുണ്ട്). വലിയ കഥകളിത്തമൊന്നുമില്ലാത്ത, പക്ഷേ നാലാളെ മുൻപിൽ പിടിച്ചിരുത്തി, കഥകളി കലാകാരൻറെ വീട്ടിലെ അടുപ്പിൽ തീ പുകയാൻ സഹായിക്കുന്ന, നളചരിതം, കർണ്ണശപഥം, ഹരിശ്ചന്ദ്രചരിതം, ദേവയാനി ചരിതം, നിഴൽക്കുത്ത്..... തുടങ്ങിയ കഥകളെ 'പൈങ്കിളി കഥകളി' യെന്നോ 'നമ്പർ 2  കഥകളിയെന്നോ' വിളിച്ചു മറ്റൊരു ഭാഗത്തും നിർത്താം. ക്ലാസ്സിക്കലും പൈങ്കിളിയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും വളരെ വ്യത്യസ്ഥമാണെന്നു നമ്മൾ വ്യക്തമായും മനസ്സിലാക്കിയിരിക്കണം. ഒന്നിനെ മറ്റൊന്നാക്കാൻ ശ്രമിക്കരുത്. അത് നടപ്പുള്ള കാര്യവുമല്ല.  ഹരിശ്ചന്ദ്രചരിതത്തിൽ സ്‌റ്റേജ് എഫക്ടിനു വേണ്ടി സംഘാടകർ വിറകല്ല, രണ്ടു ശവം തന്നെ സ്റ്റേജിൽ കൊണ്ടു വച്ചാലും ക്ലാസ്സിക്കലുകാർ വഴക്കുണ്ടാക്കാൻ പോകരുത്. കാലമൊക്കെ മാറിയില്ലേ, 'കുണ്ഡിന നായക' ആടുമ്പോൾ നളൻ വേണമെങ്കിൽ ദമയന്തിക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചോട്ടെ. ക്‌ളാസ്സിക്കലുകാർ അലമ്പുണ്ടാക്കരുത്. അതുപോലെ കാലകേയവധം അർജ്ജുനനു സ്വർഗ്ഗത്തിൽ പോകാൻ തേര് കൂട്ടുന്ന ഓൾഡ് ഫാഷൻ വേണ്ട, കാറ് പിടിക്കണം എന്നോ ആറുമണിക്കൂറെങ്കിലും ഉറങ്ങിയിട്ട് രാവിലെ ഓഫീസിൽ പോകേണ്ടതാണ്, അതുകൊണ്ട് കല്യാണസൗഗന്ധികം ഭീമൻ 'പാഞ്ചാലരാജതനയേ' അങ്ങിനെ വിസ്തരിച്ചൊന്നും ആടണ്ടാ, ഭീമൻ വനത്തിലൂടെ പോയി സമയം കളയുന്നതിനു പകരം വിമാനത്തിൽ പോയാ മതി എന്നോ ഒന്നും പൈങ്കിളിക്കാരും ശാഠ്യം പിടിക്കരുത്. കഥകളി പരിപാടികളുടെ നോട്ടീസിൽ കഥകളി (ക്ലാസിക്കൽ), കഥകളി (പൈങ്കിളി) എന്നു വ്യക്തമായി എഴുതി വക്കണം. അങ്ങനെയാകുമ്പോൾ ആഢ്യത്വം കൂടുതലുള്ളവർക്കും അതൽപ്പം കുറഞ്ഞവർക്കും അവരവർക്കിഷ്ടമുള്ള കളിക്കു പോകാനും കഴിയും. അതുപോലെ കഥകളിപ്പദം (സമ്പ്രദായം), കഥകളിപ്പദം (ന്യു ജനറേഷൻ) എന്നു കൂടി നോട്ടീസിൽ ചേർക്കുന്നതു നന്നായിരിക്കും. എന്നെപ്പോലെയുള്ളവർക്കു ഒരു തയ്യാറെടുപ്പോടെ കളിക്കു മുമ്പിലിരിക്കാൻ ഈ അറിയിപ്പ് സഹായകമാകും. കഥകളിക്കു യാതൊരു ഗുണവും ചെയ്യാത്ത ഇന്റർനെറ്റ് കഥകളി ഗ്രൂപ്പുകളിൽ നിന്നും അതുപോലെ കഥകളിക്കു വേണ്ടി യാതൊന്നും തന്നെ ചെയ്യാൻ കഴിയില്ലെങ്കിലും ഇങ്ങിനെയുള്ളിടങ്ങളിൽ വന്നു രണ്ടു കമന്റും പാസ്സാക്കി തങ്ങളുടെ  കഥകളി സാന്നിദ്ധ്യവും പ്രസക്തിയും പാണ്ഡിത്യവും ഉറപ്പിക്കാനാഗ്രഹിക്കുന്നവരിൽ നിന്നും വിട്ടു നിൽക്കുകയും വേണം. ഇത്രയുമൊക്കെ ചെയ്‌താൽ കുറച്ചു കാലത്തേക്കെങ്കിലും വലിയ പ്രശ്നമൊന്നുമില്ലാതെ കഥകളി ഇവിടെ നില നിന്നോളും എന്നാണെന്റെയൊരു കണക്കുകൂട്ടൽ".

(എനിക്ക് തോന്നിയ ഒരഭിപ്രായം എഴുതി എന്നു മാത്രം. അഭിപ്രായം പറയുന്നുവെന്നല്ലാതെ തുടർ ചർച്ചകളിലൊന്നും പങ്കെടുക്കാൻ എനിക്കു താല്പര്യമോ സമയമോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ. ഒരു ആസ്വാദകനെന്നതിലുപരി ഈ മേഖലയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലാത്ത എന്നോട് ചർച്ച ചെയ്യുന്നതു കൊണ്ട് കഥകളിക്കു ഗുണമൊന്നും ഉണ്ടാകാനില്ല.  ഗുണമുണ്ടാക്കാൻ കഴിവുള്ളവരും അതിനു ബാധ്യസ്ഥരായവരും ചിന്തിക്കട്ടെ).    

Monday, September 4, 2017

ഏവൂർ 'ശങ്കരാദരണം 2017'- ഒരവലോകനം



പ്രശസ്ത കഥകളി സംഗീതജ്ഞനായ പത്തിയൂർ ശങ്കരൻകുട്ടി, തൻറെ മുപ്പത്തിയഞ്ചു വർഷത്തിലേറെക്കാലമായുള്ള കഥകളിസംഗീതസപര്യയിലൂടെ കഥകളിക്കു നൽകിയ വിലപ്പെട്ട സംഭാവനകളെ വിലയിരുത്തുവാനും ആഘോഷിക്കുവാനും അതിലൂടെ അദ്ദേഹത്തെയും കഥകളിയെത്തന്നെയും ആദരിക്കുവാനുമായി സഹൃദയരായ കുറെ കഥകളിപ്രേമികളുടെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന്, 2017 ഓഗസ്റ്റ് 26, 27 തീയ്യതികളിലായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ സഫലീകൃതമായ സംരംഭമാണ് 'ശങ്കരാദരണം'. കഥകളി സംഗീതത്തിൽ ശങ്കരൻകുട്ടി തുടക്കം കുറിച്ചത് പത്തിയൂർ ദേവീക്ഷേത്രസന്നിധിയിൽ നിന്നാണെങ്കിലും ഒരു പ്രശസ്ത കഥകളി ഗായകനെന്ന  നിലയിലേക്ക് അദ്ദേഹം പാടിത്തെളിഞ്ഞത്, കഥകളി പ്രധാന വഴിപാടായി നടത്തപ്പെടുന്ന ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വച്ചാണ്. ഇക്കാരണത്താലും തെക്കൻകേരള കഥകളി സംസ്കാരത്തിന്റെ ഈറ്റില്ലങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കുട്ടനാടൻ-ഓണാട്ടുകര പ്രദേശങ്ങളുടെ കഥകളിസംസ്കാരം നിറഞ്ഞുനിൽക്കുന്ന ഏവൂരിനെ തന്നെ ഈ മഹനീയസംരംഭത്തിന് വേദിയാക്കിയെന്നതിനാലും 'ശങ്കരാദരണത്തി'ന്റെ സാംസ്കാരികശോഭ ശതഗുണീഭവിച്ചിരിക്കുന്നു എന്നു പറയാം. ഏവൂർ ക്ഷേത്രസന്നിധിയിലാകണം 'ശങ്കരാദരണം' നടക്കേണ്ടത് എന്ന ശങ്കരൻകുട്ടിയുടെ ആഗ്രഹവും അതിനു സമ്മതം മൂളിയ സംഘാടകസമിതിയുടെ പ്രവൃത്തിയും ശ്ലാഘനീയം തന്നെ. ഏതെങ്കിലും ക്ലബ്ബുകളിലോ ഹോട്ടലിലോ ഓഡിറ്റോറിയത്തിലോ വച്ചായിരുന്നു ഈ പരിപാടി നടന്നിരുന്നതെങ്കിൽ ആഘോഷപരമായി കുറെക്കൂടി വലിപ്പവും ആകർഷകത്വമൊക്കെയും ഉണ്ടാകാമായിരുന്നുവെങ്കിലും അതിലൊരു സാംസ്കാരികലോപം സംഭവിക്കുക തന്നെ ചെയ്തേനെ. അതു സംഭവിക്കാതെ, ഈ പരിപാടി നടക്കേണ്ടിടത്തു തന്നെ നടന്നതിൽ നമുക്കെല്ലാം ഏറെ സന്തോഷിക്കാം, അഭിമാനിക്കാം.


ശങ്കരൻകുട്ടിയുടെ പ്രിയമാതാവ് ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ ഭദ്രദീപം കൊളുത്തി അനുഗ്രഹാശിസ്സുകൾ നേർന്ന 'ശങ്കരാദരണം' പരിപാടികൾ, കലാമണ്ഡലം ശ്രീകാന്ത് വർമ്മയും കലാനിലയം രാകേഷും ചേർന്നു കേളികൊട്ടി അനൗപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്നു കായംകുളം എം.എൽ.എ ശ്രീമതി. പ്രതിഭാ ഹരി ഭദ്രദീപം കൊളുത്തി പരിപാടികൾ ഔപചാരികമായും ഉദ്ഘാടനം ചെയ്തു. കഥകളിയെയും നമ്മുടെ തനതു സംസ്കാരത്തെയും കുറിച്ചു സംസാരിച്ച എം.എൽ.എ, കഥകളിയെയും കഥകളികലാകാരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ടെന്നഭിപ്രായപ്പെട്ടു. ഉദ്ഘാടനസമ്മേളനത്തിൽ പലരും പലതും സംസാരിച്ചെങ്കിലും അതെല്ലാം ഓർത്തെടുക്കാൻ എനിക്കു കഴിയുന്നില്ല. കാര്യപരിപാടിസമിതി മുഖ്യകാര്യദർശി എച്ച്. ചന്ദ്രസേനൻ നായർ കൃതജ്ഞത പ്രകാശിപ്പിച്ചു.  
 


ഉദ്ഘാടനസമ്മേളനത്തിനുശേഷം മൂഴിക്കുളം നേപഥ്യ കാഴ്ചവച്ച 'ശുഭദ്രാധനഞ്ജയം' കൂടിയാട്ടം അരങ്ങേറി. അർജ്ജുന വേഷമിട്ട നേപഥ്യ രാഹുൽ ചാക്യാരുടെയും വിദൂഷകനായി രംഗത്തുവന്ന മാർഗ്ഗി മധു ചാക്യാരുടെയും അഭിനയമികവിനാൽ ഈ പരിപാടി സമ്പന്നമായിരുന്നു. രാഹുൽ ചാക്യാരുടെ ബ്രഹ്മസൃഷ്ടി (സ്ത്രീ) സുന്ദരമായിരുന്നു. ഈ സൃഷ്ടിയിൽ ബ്രഹ്‌മാവിനേക്കാൾ കൃത്യത വേണമെന്ന് രാഹുലിനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നുന്നു. ആ ബ്രഹ്മസൃഷ്ടിയെയും കവച്ചുവക്കുന്നതായി മധു ചാക്യാരുടെ വിദൂഷക വർണ്ണനകൾ. കളിയും കാര്യവും സമാസമം ചേർത്തുള്ള ആ വർണ്ണനകൾ അതിമനോഹരമായിരുന്നു. ഹാ ഹാ എന്തായിരുന്നു അതിന്റെയൊരു സുഖം? മനസ്സു നിറഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ ചാക്യാരേ? സംസ്കൃത ഭാഷയിലെ വാക്കുകൾക്ക് ഇത്രമാത്രം അർത്ഥവ്യാപ്തിയുണ്ടെന്ന് പറഞ്ഞുതന്ന ചാക്യരേ നന്ദി! ഈ ഭാഷ പഠിക്കാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ട്ടം തന്നെയാണ്‌. അഭിനയവിഷയത്തിൽ മറ്റേതു കലകളെയും കൂടിയാട്ടം നിഷ്പ്രഭമാക്കുന്നുണ്ടെന്നു മുൻപ് ചെന്നെയിൽ വച്ചൊരു കൂടിയാട്ടം കണ്ടപ്പോൾ തോന്നിയിരുന്നു. ആ തോന്നൽ തീർത്തും ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഏവൂർ പോലെയുള്ള തെക്കൻ കേരളദേശങ്ങളിൽ, കഥകളിപോലെ അത്ര എളുപ്പത്തിൽ കാണാൻ കഴിയുന്നതായിരുന്നില്ല കൂടിയാട്ടം. ഉമ്മറത്തു കാരണവത്തിയെപ്പോലെ താളം പിടിച്ചിരുന്ന നേപഥ്യയിലെ ഡോ. ഇന്ദു, പിറകിൽ നിന്നും നടന്റെ ഭാവപ്രകടനത്തിനനുസരിച്ചു മേളം നൽകി സഹായിച്ച കലാകാരന്മാർ....ഇവരെല്ലാം കൂടി നല്ലൊരു ദൃശ്യവിരുന്നു തന്നെയാണ് കാണികൾക്കു സമ്മാനിച്ചതെന്നതിൽ രണ്ടുപക്ഷമില്ല.



കൂടിയാട്ടത്തിനുശേഷം തോടയം, പുറപ്പാടോടെ കഥകളി തുടങ്ങി. ഗോപിയാശാൻ ബാഹുകനും മാർഗി വിജയകുമാർ ദമയന്തിയും കലാമണ്ഡലം ഷണ്മുഖൻ കേശിനിയുമായി നളചരിതം നാലാം ദിവസം അരങ്ങേറി. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും കലാമണ്ഡലം ശങ്കരവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. കഥകളിയുടെ സുവർണ്ണകാലഘട്ടമായിരുന്ന എഴുപതുകളുടെ അവസാനത്തിൽ, കലാമണ്ഡലം എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം കേശവൻ എന്നിവരോടൊപ്പം കഥകളി അരങ്ങു നിറഞ്ഞു നിന്നിരുന്ന ശങ്കരവാര്യരെ ഏതാണ്ട് മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ഈ അരങ്ങിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.  അന്നത്തെ അരങ്ങുകളിൽ പ്രധാന വേഷക്കാരെപ്പോലെ തന്നെ ആസ്വാദകർ ഉറ്റുനോക്കിക്കൊണ്ടിരുന്ന കലാകാരനായിരുന്നു ശങ്കരവാര്യർ. പ്രായം ശരീരത്തിൽ വരുത്തിയ വ്യത്യാസം ഉണ്ടെന്നല്ലാതെ പ്രവൃത്തിയിൽ അദ്ദേഹം  പണ്ട് ഏവൂരും കളർകോട്ടുമൊക്കെ ഞാൻ കണ്ടിരുന്ന അതേ  മദ്ദളവാദകൻ തന്നെ. നളചരിതത്തിനു ശേഷം കലാമണ്ഡലം ശ്രീകുമാർ-കലാ. രാമചന്ദ്രൻ ഉണ്ണിത്താൻ-കലാ.ഓയൂർ രാമചന്ദ്രൻ ടീമിന്റെ 'കിരാത'വും നടന്നു. പിറ്റേ ദിവസം മടവൂർ വാസുദേവൻ നായരാശാനും ശിഷ്യനായ കലാമണ്ഡലം രാജശേഖരനും വേഷമിട്ട 'രുഗ്മിണീസ്വയംവര'വും അതേത്തുടർന്ന് കലാമണ്ഡലം കൃഷ്ണപ്രസാദ്‌, കലാ.അനിൽകുമാർ, കലാമണ്ഡലം ചമ്പക്കര വിജയൻ, കലാമണ്ഡലം പ്രദീപ്, കലാമണ്ഡലം രാജീവ്, ഫാക്ട് മോഹൻ ടീമിന്റെ 'ദുര്യോധനവധ'വും നടന്നു. ഈ കഥകൾക്കായി നിരവധി കലാകാരന്മാർ മേളവും സംഗീതവും ചുട്ടിയും അണിയറയും മറ്റും കൈകാര്യം ചെയ്തിട്ടുണ്ട്. ഇവരെല്ലാവരുടെയും പേരുകൾ ഇവിടെ എടുത്തെഴുതാൻ ബുദ്ധിമുട്ടുണ്ട്. 'ശങ്കരാദരണം' ബ്രോഷറിൽ നിന്നും ഈ പേരുകൾ മനസ്സിലാക്കാവുന്നതാണ്.

'ശങ്കരാദരണ'ത്തിൽ നടന്ന കഥകളികളെക്കുറിച്ചു ഒന്നും തന്നെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  കഥകളിയെക്കുറിച്ചു പറയാൻ എന്നെക്കാൾ കൂടുതൽ അറിവും പാരമ്പര്യവും ഉള്ളവരായിരുന്നല്ലോ, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കളി കാണാൻ വന്നിരുന്ന കഥകളി ആസ്വാദകർ? നിരവധി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നാലു കളികൾ നടത്തിയതു മുഴുവൻ ഇവിടെ എഴുതിപ്പിടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഞാൻ പിടിച്ച ചിത്രങ്ങളിൽ പലതും ഇതിനുള്ളിൽ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. അതിനാൽ ഒരു പൂർണ്ണതക്കു വേണ്ടി മാത്രം നാല് കളികളുടെയും ഓരോ ചിത്രം വീതം ഈ അവലോകനത്തിൽ കൊടുത്തുകൊണ്ട്, കളികളെല്ലാം നല്ല നിലവാരം പുലർത്തുന്നതായിരുന്നു എന്ന ഒറ്റവാചകത്തിൽ പറഞ്ഞു നിർത്തുന്നു. ഇതു പറയുമ്പോൾ തന്നെ, എത്ര രാത്രിയായാലും വേണ്ടില്ല, കഥകളി മുഴുവൻ കണ്ടേ വീട്ടിൽ പോകൂ എന്നു നിർബന്ധം പിടിച്ചിരുന്ന എന്നെ കർണ്ണകഠോരമായ  ഗാനാലാപനം കൊണ്ട് ചില ഗായകർ ഇടക്കു വച്ചു വേദി വിട്ടു പോകാൻ പ്രേരിപ്പിച്ചതു മറക്കുന്നുമില്ല. പണ്ടൊക്കെയാണെങ്കിൽ കുറച്ചുകൂടി പച്ചയായിപ്പറഞ്ഞേനേ, പറഞ്ഞിട്ടുമുണ്ട്. പക്ഷെ, പ്രായം കൂടിയതിനാലോ അടുത്തുവരുന്ന റിട്ടയർമെന്റിനു ശേഷം നാട്ടിൽ വന്നു സമാധാനപൂർവം ജീവിക്കണമെന്നുള്ള ആഗ്രഹം കൊണ്ടോ എന്തോ അത്രക്കങ്ങട് പറയാൻ തോന്നുന്നില്ല. 'വായിൽ വരുന്നതെല്ലാം കോതയ്ക്കു പാട്ട്' എന്നപോലെ പാടേണ്ടതല്ല കഥകളി സംഗീതം എന്നു മാത്രം പറഞ്ഞു നിർത്തുന്നു. കഥകളികളെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും ഗംഭീരമായി തോന്നിയ ഒരു ചെറുവേഷത്തെക്കുറിച്ചു മാത്രം ഒന്നു പറഞ്ഞോട്ടെ. 27-)o തീയതി അരങ്ങേറിയ ദുര്യോധനവധത്തിലെ കലാമണ്ഡലം ഹരി.ആർ.നായരുടെ ശകുനിയെക്കുറിച്ചാണിപ്പറഞ്ഞത്‌. ഒന്നാം തരമായിരുന്നു ആ വേഷം. സകലകുടിലതയും മുഖത്തു പ്രതിഫലിപ്പിച്ച ഇതുപോലൊരു ശകുനിയെ ഞാൻ ഇതിനു മുൻപ് കഥകളിയിൽ കണ്ടിട്ടില്ല.



'ശങ്കരാദാരണത്തി'ന്റെ രണ്ടാം ദിവസം തുടങ്ങിയത് 'ഓണാട്ടുകരയുടെ കഥകളി പാരമ്പര്യത്തെ' ക്കുറിച്ചു പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.നാരായണക്കുറുപ്പ് നടത്തിയ പ്രഭാഷണത്തോടെയായിരുന്നു. ഓണാട്ടുകരയുടെ പാരമ്പര്യം മാത്രമല്ല,  കുട്ടനാട്-കുറിച്ചി പ്രദേശങ്ങളുടെ കഥകളി പാരമ്പര്യവും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശന വിധേയമായി. പ്രാദേശികമായുണ്ടാകുന്ന സാമൂഹിക ചിന്തകൾ ക്‌ളാസിക്കൽ കലയായ കഥകളിയെ സ്വാധീനിക്കാറുണ്ടെന്നും അങ്ങിനെയുള്ള ചില അംശങ്ങളെ കഥകളിത്തം നഷ്ടപ്പെടാത്ത രീതിയിൽ കഥകളിയിലേക്കു സ്വീകരിക്കുന്നതിൽ അപാകതയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥകളി സംഗീതത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ജനെ ആദരിക്കുന്ന വേളയിൽ കഥകളി സംഗീതത്തെപ്പറ്റി, പ്രത്യേകിച്ചും കഥകളിസംഗീതത്തിന്റെ  ഇന്നത്തെ പോക്കിനെപ്പറ്റി, നല്ലൊരു അവലോകനവും നടക്കേണ്ടതുണ്ടായിരുന്നു. അതു ശരിയ്ക്കും നടന്നു എന്നെനിക്കഭിപ്രായമില്ല. എങ്കിലും 'നവഭാവുകത്വവും കഥകളി സംഗീതവും' എന്ന സെമിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച കലാമണ്ഡലം മുൻ ഉദ്യോഗസ്ഥൻ വി. കലാധരനും  കഥകളിസംഗീത പണ്ഡിതനായ മുദ്രാഖ്യശശിയും അവരുടെ കാര്യമാത്രപ്രസക്തമായ പ്രസംഗങ്ങളിൽ കൂടി ഈ കുറവ് നല്ലൊരളവിൽ നികത്തിയെന്നു പറയാം. കഥകളി സംഗീതത്തെയും അതിന്റെ വിവിധ പരിണാമഘട്ടങ്ങളെയും കുറിച്ച് പണ്ഡിതോചിതമായ ഒരു പ്രസംഗം തന്നെ കലാധരൻ നടത്തിയപ്പോൾ ശശി അതിലും ഒരു പടി കൂടിക്കടന്നു കഥകളിസംഗീതത്തിന്റെ ഉത്ഭവം തൊട്ടുള്ള നാൾ വഴികളിലൂടെ നടത്തിയ പ്രഭാഷണയാത്ര ഉയർന്ന അക്കാദമിക നിലവാരം പുലർത്തിയതായാണ് എനിക്കനുഭവപ്പെട്ടത്‌. കഥകളി സംഗീതത്തിന്റെ കേരളീയതയെത്തന്നെ ചോദ്യം ചെയ്ത ശശി പറഞ്ഞ പല കാര്യങ്ങളിൽ ഒരു കാര്യം വളരെ കൗതുകകരമായി എനിക്കു തോന്നി. വെങ്കിട്ടക്കൃഷ്ണ ഭാഗവതർ വരെയുള്ള തമിഴ്ബ്രാഹ്മണവംശജർ തമിഴ് (കർണ്ണാടക) സംഗീത വഴിയിലൂടെ കഥകളിപ്പദങ്ങളെ നയിച്ചപ്പോൾ, ചലച്ചിത്രഗാനങ്ങൾക്ക്‌ അന്നുവരെ നിലനിന്നിരുന്ന ആലാപനശൈലിയിൽ നിന്നും തികച്ചും വേറിട്ടൊരു മാനം നൽകി ദേവരാജൻ മാസ്റ്റർ വിപ്ലവം സൃഷ്ടിച്ചതുപോലെ, കഥകളി സംഗീതത്തിന് അന്നുവരെ നിലനിന്നിരുന്ന ഗാനാലാപന ശൈലിയിൽ നിന്നും വേറിട്ടൊരു ഭാവഗാനതലം പ്രദാനം ചെയ്തത് കലാമണ്ഡലം ഗംഗാധരനാശായിരുന്നത്രെ. അൻപതുകൾക്കു മുൻപു തന്നെ ഗുരു കുഞ്ചുക്കുറുപ്പിനെപ്പോലെയുള്ള പ്രഗത്ഭരായ കഥകളി നടന്മാരുണ്ടാകുകയും അവരുടെ അരങ്ങിലെ ഭാവപ്രകാശനത്തിന് അതുവരെയുള്ള ഗാനാലാപനപദ്ധതികൾ അപക്വമായി തോന്നുകയും ചെയ്ത സാഹചര്യത്തിൽ വെങ്കിടകൃഷ്ണ ഭാഗവതരാണ് ഭാവപ്രകാശനത്തിനുതകുന്ന വിധത്തിലുള്ള കഥകളി സംഗീത പദ്ധതിയുടെ ആവശ്യം തിരിച്ചറിഞ്ഞതെന്നു കലാധരൻ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പക്ഷേ, വ്യത്യാസങ്ങൾ പലതും വരുത്തിയെങ്കിലും തമിഴ് (കർണ്ണാടക) സംഗീതശൈലിയിൽ തന്നെ നിലകൊണ്ടിരുന്ന ഭാഗവതരുടെ ഗാനപദ്ധതിയെ കഥകളി നടൻറെ ഭാവപ്രകാശനത്തിനു സഹായകമായ രീതിയിലുള്ള ഭാവസംഗീതമാക്കി വഴിമാറ്റിവിട്ടത്‌ ഗംഗാധരനാശാൻ തന്നെയായിരുന്നു എന്നാണ് ശശി സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ സമകാലീനരും  പിന്നീടു വന്ന പ്രഗത്ഭ ഗായകരെല്ലാവരും തന്നെ ഗംഗാധരനാശാൻ തെളിച്ച ഈ വഴിയെ പിന്തുടരുകയാണ് ചെയ്തതത്രെ. 'ശങ്കരാദരണ'ത്തിൽ സംസാരിച്ച മറ്റു ചിലർ, ചേർത്തല കുട്ടപ്പക്കുറുപ്പ് എന്ന ഭാവഗായകനെയും അദ്ദേഹം കഥകളി സംഗീതത്തെ ഭാവസംഗീതമാക്കുന്നതിൽ വഹിച്ചിട്ടുള്ള പങ്കിനെയും പറ്റി പുകഴ്ത്തിപ്പറയുന്നതും കേട്ടിരുന്നു. ദേവരാജൻ മാസ്റ്ററും ഗംഗാധരനാശാനും തെക്കൻകേരളത്തിൽ കൊല്ലം ജില്ലയിൽ പിറന്നുവളർന്നവരും ഗുരു കുഞ്ചുക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തകഴിക്കാരനും, കുട്ടപ്പക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തലക്കാരനുമാണെന്നാണെൻറെ അറിവ്. അപ്പോൾ തെക്കൻ കേരളക്കാരായ രണ്ടുമൂന്നു കലാകാരന്മാരാണ് കഥകളി സംഗീതത്തിനും തദ്വാരാ കഥകളി അവതരണത്തിനു തന്നെയും പുതിയ ദിശാബോധം നൽകിയതെന്ന അറിവ് ഇപ്രദേശങ്ങൾക്കടുത്തു പിറന്ന എനിക്കു സന്തോഷപ്രദമാകുമെന്നു  പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ; പ്രത്യേകിച്ചും കഥകളിയെന്ന കലയും അതിന്റെ സംഗീതവുമെല്ലാം കണ്ടുപിടിച്ചത് കലാമണ്ഡലവും അതിനു ചുറ്റുവട്ടത്തുള്ള കുറെപ്പേരും ചേർന്നാണെന്ന് ഇന്നത്തെ തെക്കും വടക്കുമുള്ള പല കഥകളിപണ്ഡിതരും ആസ്വാദകരും വിശ്വസിച്ചുവശായിരിക്കുന്ന പശ്ചാത്തലത്തിൽ!


കഥകളിസംഗീതത്തിന്റെ ഇന്നത്തെ അപചയത്തെപ്പറ്റി ശ്രീ. കലാധരൻ വളരെക്കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും പറഞ്ഞതെല്ലാം ശരിതന്നെയാണ്. 'കഥകളി സംഗീതത്തിന്റെ കാലിക പ്രതിസന്ധി' എന്ന എന്റെ ലേഖനത്തിൽ (http://dhanyaasi.blogspot.com/2014/11/blog-post_7.html) പരാമർശിച്ചിട്ടുള്ള കാര്യങ്ങളൊക്കെത്തന്നെയാണദ്ദേഹം പറഞ്ഞതെങ്കിലും കഥകളിവിഷയമാകുമ്പോൾ അദ്ദേഹം പറയുന്നതിനു കൂടുതൽ പ്രസക്തിയുണ്ടാകണമല്ലോ? ഇന്നത്തെ കഥകളി പാട്ടുകാർ എന്താവശ്യത്തിനായിട്ടാണ് രാഗം മാറ്റി പാടുന്നതെന്നു ഞാൻ എന്റെ ലേഖനത്തിൽ ചോദിച്ചിട്ടുണ്ട്. ശ്രീ. കലാധരനും അതു തന്നെ ചോദിച്ചു. സ്വന്തം മിടുക്കു കാണിക്കാൻ പാട്ടിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കാര്യമറിയാത്തവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും; പക്ഷെ കാര്യവിവരമുള്ളവർക്കതു അനാവശ്യമായിത്തോന്നും. എനിക്കിഷ്ടമുള്ളതുപോലെ പാടും, വേണേൽ കേട്ടാൽ മതിയെന്നാണ് ചില ഭാഗവതന്മാരുടെ ഭാവം. 'ചലമാലയ മൃദുപവന' ത്തിനെ കഥകളിപ്പാട്ടുകാർ ബലാൽസംഗം ചെയ്യുകയാണെന്ന കലാധരന്റെ പ്രസ്താവം എനിക്ക് വളരെ ഹൃദ്യമായി തോന്നി. ഈ പാവം പാട്ടിനോടു വേണോ ഈ പരാക്രമം എന്ന ചോദ്യം ശരിയല്ലേ? 'പരാക്രമം സ്ത്രീകളിലല്ല വേണ്ടു' എന്നു പണ്ടേ ദേവി കംസനോടു പറഞ്ഞിട്ടുള്ളതാണ്. അതായത് പരാക്രമം നിർബന്ധമാണെങ്കിൽ പുരുഷന്മാരോടാകാം എന്നർത്ഥം. കഥകളിപ്പാട്ടുകാരും ഇതുപോലെ വല്ല പുരുഷഗീതവും കണ്ടുപിടിച്ചു ഈ പരാക്രമമൊക്കെ അതിൽ നടത്തിയിരുന്നെങ്കിൽ എന്നു ഞാനും ആശിച്ചു പോകയാണ്. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങുന്ന പല കലാകാരന്മാരും കഥകളി സാഹിത്യത്തിന്റെ ശരിയായ അർത്ഥതലങ്ങളൊന്നും മനസ്സിലാക്കാതെ എന്തൊക്കെയോ അരങ്ങിൽ കാണിക്കുകയാണെന്നും ഈ പോക്ക് ശരിയല്ലെന്നും കലാമണ്ഡലം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ശ്രീ.കലാധരൻ പറഞ്ഞത് വളരെ ഗൗരവമർഹിക്കുന്ന കാര്യമാണ്. പക്ഷേ വളരെക്കാലം കലാമണ്ഡലത്തിൻറെ ഭരണസംവിധാനത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥനാണ് ഇപ്പറയുന്നതെന്നറിയുമ്പോൾ പ്രസ്താവം വളരെ കൗതുകകരമായും തോന്നി.

'ശങ്കരാദരണ'ത്തിൽ ഏനിക്കേറ്റം ഇഷ്ട്ടപ്പെട്ടതും കലാസ്നേഹത്തിനാൽ എന്റെ കണ്ണു നനയിപ്പിച്ചതുമായ കലാപരിപാടിയെക്കുറിച്ചിനി പറയട്ടെ. കലാമണ്ഡലം കൃഷ്ണദാസിന്റെ രണ്ടു പെണ്മക്കളുടെ തായമ്പകയാണു ഞാൻ ഉദ്ദേശിച്ചത്. ഇരുന്നിടത്തു നിന്നനങ്ങാൻ തോന്നിയില്ല. വല്യമ്മാവനായ ചന്ദ്രമന്നാടിയാരുടെയും അച്ഛൻ കൃഷ്ണദാസിന്റെയും രക്തമാണിതെന്ന് ആ മിടുക്കികൾ തെളിയിച്ചു. ചെണ്ട തൂക്കിയിടാൻ പോലും ശരീരമില്ലാത്ത ആ കൊച്ചുമിടുക്കി അങ്ങേയറ്റം ആത്മവിശ്വാസത്തോടെ ആ മേളവാദനത്തെ നിയന്ത്രിക്കുന്നതു കാണുന്നതു തന്നെ നയനാനന്ദകരമായ കാഴ്ചയായിരുന്നു. കൂടുതലൊന്നും പറയാനില്ല, കൃഷ്ണദാസേ, താങ്കളുടെ ജന്മം സഫലമായി.


അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും ദീപ പാലനാടും മീര റാം മോഹനും ചേർന്നവതരിപ്പിച്ച കഥകളിപ്പദക്കച്ചേരിയും നന്നായിരുന്നു. സമാദാരണ സമ്മേളനത്തിനായ് വന്നെത്തിയിരുന്ന കലാസാർവഭൗമൻമാരും സമൂഹത്തിലെ പ്രധാനികളും മുൻനിരയിലിരുന്നു തങ്ങളുടെ പാട്ടു കേട്ടാസ്വദിച്ചു എന്നത് കഥകളിപ്പദക്കച്ചേരിക്കാർക്കു വീണു കിട്ടിയ ഭാഗ്യമായിരുന്നു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പദ്മശ്രീ. കലാമണ്ഡലം ഗോപി, നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കർ, പ്രമുഖ നടൻ നെടുമുടി വേണു, എസ്. ശ്രീനിവാസൻ IAS  തുടങ്ങി കലാസാംസ്കാരിക രംഗങ്ങളിലെ അതികായന്മാരെക്കൊണ്ടു നിറഞ്ഞ പ്രൗഢഗംഭീര സദസ്സായിരുന്നു സമാദരണചടങ്ങിന്റെത്. സ്വജീവിതം കഥകളി എന്ന കലക്കുവേണ്ടി മാറ്റിവച്ച കലാകാരന്മാർക്ക്, അവർ അർഹിക്കുന്ന മാന്യമായ തരത്തിലുള്ള ജീവിതം ഇന്നും ലഭിക്കുന്നില്ലെന്നും ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും ബഹു. പ്രതിപക്ഷ നേതാവ് പറഞ്ഞു. കഥകളി സംസ്കാരം നിറഞ്ഞു നിൽക്കുന്ന ഏവൂരിൽ, കലാമണ്ഡലത്തിന്റെ പഠനക്കളരി കൊണ്ടുവരുന്നതിൽ അദ്ദേഹം മുൻപു കാട്ടിയിട്ടുള്ള താൽപ്പര്യവും പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു.



ഡോ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ വച്ച് പത്തിയൂർ ശങ്കരങ്കുട്ടിക്ക്‌ 'സംഗീതരത്നം' എന്ന പദവി ചാർത്തി നൽകുന്നതായി ഗോപിയാശാൻ പ്രഖ്യാപിച്ചു. അദ്ദേഹം തന്നെ ശങ്കരൻ കുട്ടിയെ സ്വർണ്ണഹാരവും സ്വർണ്ണ ചെയിനും അണിയിച്ചു. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോഴും അതിനുശേഷം അനുഗ്രഹപ്രഭാഷണ വേളയിലും വേദിയിലുമെല്ലാം വളരെ സന്തോഷവാനായ ഒരു ഗോപിയാശാനെയാണ് കാണാൻ കഴിഞ്ഞത്. സ്വതഃസിദ്ധമായ തമാശകൾകൊണ്ടും കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ടും അദ്ദേഹം സമകാലിക കഥകളിരംഗത്തിന്റെ ഒരു ചിത്രം തന്നെ അവിടെ വരച്ചു കാണിച്ചു. തൻറെ അരങ്ങുപ്രവൃത്തിക്കനുസൃതമായ രീതിയിൽ ഗാനാലാപനം നടത്തുന്ന ഗായകനാണ് ശങ്കരൻ കുട്ടിയെന്നും ശങ്കരൻ കുട്ടിയുടെ  ഈ കഴിവൊന്നു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് തന്നോടൊപ്പം പാടാൻ കഴിയുന്നതെന്നും പറഞ്ഞ ഗോപിയാശാൻ അതിനു മറ്റാരും പരാതിപ്പെട്ടിട്ടും പരിഭവപ്പെട്ടിട്ടും കാര്യമില്ല എന്നു തുറന്നടിച്ചു. പരദൂഷണവും അസൂയയും കുശുമ്പും പാരവെപ്പും നിറഞ്ഞുനിൽക്കുന്ന കഥകളി രംഗത്ത് ഇമ്മാതിരി സ്വഭാവങ്ങൾക്കൊന്നും മനസ്സിലിടം കൊടുക്കാതെ, തന്റെ തൊഴിലിൽ മാത്രം ശ്രദ്ധയൂന്നി നിൽക്കുന്ന ശങ്കരൻ കുട്ടിയെ തനിക്കിഷ്ട്ടമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ ചിലതൊക്കെ ഇഷ്ട്ടപ്പെടാത്തവരുണ്ടെങ്കിൽ 'അതങ്ങിനെ ഇരുന്നോട്ടെ, മാപ്പു പറയാനൊന്നും താനില്ല' എന്നും തനി ഗോപി സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു. സ്വന്തം കലാപ്രകടനത്തിന്റെ പൂർണ്ണതയ്ക്കു അനുയോജ്യമായ ഏതു ഘടകവും എവിടെ നിന്നു ലഭിച്ചാലും അതിനെ സർവാത്മനാ സ്വീകരിക്കാൻ നല്ല കലാകാരൻ സന്നദ്ധനായിരിക്കണമെന്നും അതിൽ സങ്കുചിതമനോഭാവങ്ങൾ പാടില്ല എന്നുമാണ് ആശാൻ പറഞ്ഞതിൻറെ ലളിതമായ അർത്ഥമെന്നു നമുക്ക്
തൽക്കാലം ചിന്തിക്കാം. കലാമണ്ഡലം കൃഷ്ണൻനായരാശാനും ഏതാണ്ട് ഈ വിധത്തിൽ ചിന്തിക്കുകയും അതിന്റെ പേരിൽ ധാരാളം വിമർശനശരങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് കഥകളി രാഷ്ട്രീയം പഠിക്കുന്നവർക്ക് അറിയാവുന്നതാണ്. ഗോപിയാശാൻ പറഞ്ഞതിന്റെ  കൂടുതൽ വിശദീകരണങ്ങളിലേക്കു പോകുന്നില്ല. അതല്ലല്ലോ ഇവിടുത്തെ വിഷയം? 'അവനവനാത്മ സുഖത്തിനായ് ചെയ്വത് അപരന്ന്‌ സുഖത്തിനായ് വരേണ' മെന്നാണല്ലോ കവിവാക്യം. ആശാൻ മണിയടിച്ചു സ്നേഹപൂർവ്വം സമ്മാനിച്ച ചേങ്ങിലയുടെ താളത്തിനൊപ്പം താളാത്മകമായി ശങ്കരൻ കുട്ടിയുടെ കലാജീവിതവും മുന്പോട്ടു ഗമിക്കട്ടെ എന്നാശംസിക്കുന്നു.





മടവൂരാശാൻ പത്തിയൂർ ശങ്കരൻകുട്ടിക്കു പ്രശസ്തിപത്രവും ഷീൽഡും സമ്മാനിച്ചു, സ്നേഹമസൃണമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു ലളിതമായി സംസാരിച്ചു തന്റെ ദൗത്യം അവസാനിപ്പിച്ചു.




സമാദാരണച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായ പ്രശസ്ത ചലച്ചിത്ര നടൻ നെടുമുടി വേണുവും വലിയൊരു പ്രസംഗത്തിന്റെ ആവശ്യമിവിടെയില്ലെന്നു പറഞ്ഞു ചുരുക്കം ചിലവാക്കുകളിൽ തന്റെ പ്രസംഗം ഒതുക്കി. കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്കാരം പ്രശസ്‌ത കഥകളി ഗായകൻ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർക്കു നെടുമുടി വേണു ഈ ചടങ്ങിൽ വച്ചു സമ്മാനിച്ചു. 'ശങ്കരാദരണ'ത്തിന്റെ ഭാഗമായി നേരത്തെ പാലക്കാട്ടു വച്ചു നടത്തിയിരുന്ന കഥകളി സംഗീതമത്സരത്തിലെ വിജയികൾക്ക്, പത്തിയൂർ കൃഷ്ണപിള്ള സ്മാരക ശങ്കരാദരണ പുരസ്‌കാരങ്ങൾ, ശ്രീ. തിരുവിഴാ ജയശങ്കർ സമ്മാനിച്ചു. ഇതേത്തുടർന്ന് തിരുവിഴ ജയശങ്കർ, ശ്രീനിവാസൻ IAS, ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി, ഏവൂർ അനുഷ്ടാനം ക്ഷേത്രകലാസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖരൻ നായർ...... തുടങ്ങി പല പ്രമുഖരും ആശംസാ പ്രസംഗങ്ങൾ  നടത്തി. ഒട്ടേറെപ്പേർ ശങ്കരൻ കുട്ടിയെ പൊന്നാട ചാർത്തി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.



ശങ്കരൻ കുട്ടിയുടെ മറുപടി പ്രസംഗം വളരെ വികാരനിർഭരമായിരുന്നു. കഥകളി സംഗീതത്തിൽ പരിമിതമായ പരിശീലനം മാത്രം ലഭിച്ചിരുന്ന തന്റെ അച്ഛന്റെ പാട്ടിനെ അന്നത്തെ ചില കലാകാരന്മാർ അണിയറയിലിരുന്നു വിമർശിച്ചു പറയുന്നത് തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും താനൊരു കഥകളി ഗായകനാകുമ്പോൾ ഇങ്ങിനെ പറയാൻ ആർക്കും ഇടം കൊടുക്കരുതെന്നൊരു വാശി തന്റെ മനസ്സിലെന്നും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരകൃപയാൽ ആ ലക്‌ഷ്യം ഒരു പരിധിവരെയെങ്കിലും നേടാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. അതിനു സഹായിച്ച എല്ലാവരോടും തനിക്കുള്ള കൃതജ്ഞത അദ്ദേഹം പ്രകാശിപ്പിച്ചു.



സമാദരണ ചടങ്ങിനു ശേഷം കോട്ടക്കൽ മധു, നെടുംപള്ളി രാം മോഹൻ എന്നീ ഗായകരും പദ്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ രവി, കലാനിലയം മനോജ് എന്നിവർ നയിച്ച പകുതി പുറപ്പാട്-മേളപ്പദം ഗംഭീരമായിരുന്നു. ഈ കലാകാരന്മാർ സമർപ്പിത ചേതസ്സുകളായി അവിടെ ചെയ്ത കലാപ്രവൃത്തിയിലൂടെ തങ്ങളുടെ സുഹൃത്തിനോടുള്ള ആദരവ് രേഖപ്പെടുത്തിയപ്പോൾ അതു കേട്ടിരുന്ന സദസ്യരായ ഞങ്ങൾക്കോ അതു മറക്കാനാവാത്ത മറ്റൊരു കലാനുഭവവുമായി മാറുകയായിരുന്നു.

തുടർന്നരങ്ങേറിയ 'രുഗ്മിണീസ്വയംവര'വും 'ദുര്യോധനവധ'ത്തിന്റെ പകുതിയും കണ്ടു കഴിഞ്ഞു വീടണഞ്ഞപ്പോൾ മണി വെളുപ്പിന് മൂന്നര. ചെറുപ്പകാലത്ത്‌ കിഴക്കു വെള്ളകീറിക്കഴിഞ്ഞു, പടിഞ്ഞാറേ നടയിലെ വാസുദേവൻ നായർ ചേട്ടന്റെ കടയിൽ നിന്നും ഒരു പാൽചായയും വാങ്ങിക്കുടിച്ചായിരുന്നല്ലോ വീട്ടിലേക്കു പോയിരുന്നത്? അക്കണക്കിനു നോക്കിയാൽ ഈ മൂന്നു മണിയൊന്നും എന്നെപ്പോലെയുള്ള കഥകളിഭ്രാന്തന്മാരായ ഏവൂർക്കാർക്ക് വലിയ കാര്യമൊന്നുമാകേണ്ടതല്ല. പക്ഷേ ലോകവും ശരീരവും ശീലങ്ങളും മാറിയതിനാലാകാം, വെളുപ്പാൻകാലം വരെ കളികണ്ടിരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. തലേദിവസം രാത്രിമുഴുവനും രണ്ടു പകലുകൾ മൊത്തവും 'ശങ്കരാദരണ'സദസ്സിൽ ഇരുന്നതിന്റെ ക്ഷീണം കാരണം ദുര്യോധനവധം മുഴുവൻ കാണാൻ കഴിഞ്ഞില്ല എന്നൊരു വിഷമം ബാക്കിയായി.

വേദിയിലെ പരിപാടികളെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ എടുത്തു പറയേണ്ട കാര്യമാണ് ഈ പരിപാടികളെ സമ്പന്നമാക്കിയ കലാകാരൻമാരുടെയും സഹൃദയസദസ്സിന്റെയും നിസ്സീമമായ സഹകരണവും. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ നിന്നും, പ്രത്യേകിച്ചും വടക്കൻ പ്രദേശങ്ങളിൽ നിന്ന്, ധാരാളം കഥകളി ആസ്വാദകർ ഈ പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു. ശങ്കരൻ കുട്ടിയോടുള്ള സ്നേഹവും ആദരവും അതിലുപരിയായി കഥകളിയെന്ന കലയോടുള്ള സ്നേഹവും ആദരവും ആയിരിക്കണമല്ലോ വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കഷ്ട്ടപ്പെട്ടു യാത്രചെയ്തു, അസൗകര്യങ്ങളുടെ നടുക്കും, രണ്ടു ദിനരാത്രങ്ങൾ ഇവിടെ ചിലവഴിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഈ നല്ല മനസ്സിന്, കഥകളി സംസ്കാരം നിറഞ്ഞ എന്റെ ജന്മനാടിന്റെ പേരിൽ, ഒരു കഥകളിആസ്വാദകൻ എന്ന നിലയിൽ, നിങ്ങളേവരോടും ഞാൻ നന്ദി പറയുന്നു.

അങ്ങിനെ രണ്ടു ദിവസത്തെ 'ശങ്കരാദരണം' ഗംഭീരമായി പര്യവസാനിച്ചു. പ്രകൃതിയിൽ, ഈശ്വരനല്ലാതെ, ഒന്നിനും തന്നെ പൂർണ്ണത അവകാശപ്പെടാൻ കഴിയില്ലല്ലോ? ഗംഭീരമായി നടന്ന 'ശങ്കരാദരണ'ത്തിനും കണ്ണു കിട്ടാതിരിക്കാൻ വേണ്ടി ചില അപൂർണ്ണതകൾ ഉണ്ടായേ മതി. ഈ പരിപാടികളുടെ നടത്തിപ്പിൽ നാട്ടുകാർക്കും പ്രാദേശിക കലാകാരന്മാർക്കും തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാർക്കും അർഹമായ സ്ഥാനം സംഘാടകർ നൽകിയില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും മുഴങ്ങിക്കേട്ടു. ഏവൂർക്കാരനാണെങ്കിലും കേരളീയ കഥകളി രംഗത്തിന്റെ മൊത്തം സ്വത്താണ് പത്തിയൂർ ശങ്കരൻകുട്ടിയെന്ന കലാകാരൻ എന്നതിനാൽ 'ശങ്കരാദരണ'ത്തിൽ പ്രാദേശികത്വത്തിനു പ്രാധാന്യം നൽകിയില്ലെന്നു പറയുന്നതിൽ വലിയ കാര്യമുണ്ടെന്നെനിക്കു തോന്നുന്നില്ല. എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഇതുപോലൊരു കഥകളി ഉത്സവം ഏവൂരിൽ നടക്കുമ്പോൾ തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാരെ ബഹുമാനപുരസ്സരം ഈ പരിപാടിയിലേക്കു ക്ഷണിക്കുന്നതിൽ മന:പൂർവമായ വീഴ്ചകൾ സംഘാടകർ വരുത്തിയിട്ടുണ്ടെകിൽ അത് അക്ഷന്തവ്യമായ അപരാധമാണുതാനും. സ്വന്തം സ്വത്വത്തെ തമസ്‌ക്കരിച്ചുകൊണ്ടുള്ള ഏതു മുന്നേറ്റവും സംസ്കാരശൂന്യതയായി മാത്രമേ ബോധമുള്ളവർക്കു കരുതാൻ കഴിയൂ. ഈ വിഷയത്തെപ്പറ്റി 'ശങ്കരദരണത്തി'ന്റെ മുഖ്യ കാര്യദർശി ഡോ. സുരേഷ്‌കുമാറിനോട്‌  ഞാൻ സംസാരിച്ചതിൽ നിന്നും സംഘാടകർ മന:പൂർവമായി വീഴ്ച ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നും ഇതുപോലെയൊരു വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ എവിടെയും സംഭവിക്കാവുന്ന ചില പോരായ്മകൾ ഇവിടെയും സംഭവിച്ചിട്ടുണ്ടാകാം എന്നു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ എന്നുമാണ് എനിക്കു തോന്നിയത്. അതല്ല, ആർക്കെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി, നമ്മുടെ ഇടയിൽ നിന്നും കഥകളിക്കാകമാനം അഭിമാനകരമായ രീതിയിൽ  ഒരു കലാകാരൻ വളർന്നു വലുതായ സന്തോഷത്തിൽ നമുക്കതൊക്കെ മറക്കാം.  സഹൃദയലോകത്തിന്റെയാകെ ശ്രദ്ധ മുഴുവൻ നമ്മുടെ ഏവൂർ ഗ്രാമത്തിലേക്കു കേന്ദ്രീകരിപ്പിക്കത്തക്കവണ്ണം രണ്ടുദിവസം നീണ്ടുനിന്ന 'ശങ്കരാദരണം' വിഭാവനം ചെയ്‌തു ഗംഭീരമായി നടപ്പാക്കിയ സംഘാടകരെ നമുക്ക് അകമഴിഞ്ഞ് അഭിനന്ദിക്കാം.

'ശങ്കരാദരണ'പ്പിറ്റേന്നു തിങ്കളാഴ്ച രാവിലെ വരുന്ന വഴിയിൽ വീണ്ടും അമ്പലത്തിലൊന്നു കയറി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നാദമുഖരിതമായിരുന്ന അന്തരീക്ഷം, ഇപ്പോൾ നാമജപങ്ങളൊഴിച്ചാൽ, നിശ്ശബ്ദമായിരിക്കുന്നു. ആറാട്ടും കഴിഞ്ഞു ആനയും പോയ പ്രതീതി. എല്ലാ ആഘോഷങ്ങളുടെയും കാര്യം ഇതു തന്നെയാണ്; എല്ലാം അവസാനം ചെന്നെത്തി നിൽക്കുന്നത് ഈ നിശ്ശബ്ദതയിലാണ്; ആത്മഭാവത്തെ തിരിച്ചറിയാൻ കഴിയുന്ന ഈ പ്രശാന്തിയിലാണ്. കലാസപര്യകളിലൂടെ നേടേണ്ടതും ഏറെക്കുറെ ഇതു തന്നെയാണ്. ശ്രീമദ് ഭഗവത് ഗീതയുടെ വ്യാഖ്യാനത്തിലൂടെ ഞാൻ ചെയ്തുകൊണ്ടിരുന്ന ആത്മാന്വേഷണം കുറെ നാളായി മുടങ്ങിക്കിടക്കയാണ്. അതിലേക്കു തിരിച്ചുപോകേണ്ടതുണ്ട്. താൽപര്യമുള്ളവർക്ക്‌ എന്നോടൊപ്പം ഈ ബ്ലോഗിൽ (www.dhanyaasi.blogspot.in) നിന്നും ഗീതാമൃതം നുകരാം. എല്ലാവർക്കും എൻ്റെ നമസ്ക്കാരം.

Friday, June 23, 2017

ഒരു ഈഡിസ് ഈജിപ്തി കൊതുകച്ഛൻ മകൾക്കയച്ച കത്ത്

                                                                              
                                                                 
                                                                                                                                                                                                                
തിരുവനന്തപുരം, 23 ജൂൺ 2017. 

പ്രിയപ്പെട്ട മകളെ,

നിനക്കു സുഖം തന്നെയെന്നു കരുതുന്നു. ഞങ്ങളിപ്പോൾ ഇന്ത്യയിൽ 'കേരള' സംസ്ഥാനത്താണ്. ഞങ്ങൾക്കിവിടെ സുഖം എന്നല്ല പരമസുഖമാണ്. ആ സന്തോഷം പങ്കിടാൻ കൂടിയാണ്, 'ചാകര' സമയമാണെങ്കിലും അൽപ്പം സമയം കണ്ടെത്തി അച്ഛനിപ്പോൾ ഈ കത്തെഴുതുന്നത്.

മോളെ, ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെന്നു മനുഷ്യർ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഞാനതു തീർത്തും വിശ്വസിച്ചിരുന്നില്ല. പക്ഷെ, കഴിഞ്ഞ ചില വർഷങ്ങളായി ഈ നാട്ടിൽ ജീവിച്ചപ്പോൾ മനസ്സിലായി, അത് വെറും വാക്കല്ല. സത്യമാണ്. അനുഭവിച്ചറിയാൻ കഴിയുന്ന സത്യമാണ്.

ലോകത്തെവിടെ ചെന്നാലും നമ്മളെ വിരട്ടി ഓടിക്കാനും നശിപ്പിക്കുവാനുമല്ലേ അവിടങ്ങളിലെ മനുഷ്യർ ശ്രമിച്ചിട്ടുള്ളത്? പക്ഷെ മഹാമനസ്കരായ ഇന്നാട്ടിലെ ജനങ്ങൾ അത്തരക്കാരല്ല, അവർ നമ്മളെ സ്നേഹിക്കുന്നവരും നമ്മുടെ വളർച്ചയെ സഹായിക്കാൻ ഏതറ്റം വരെ പോകാൻ മടിയില്ലാത്തവരുമാണ്. ചരാചരങ്ങളിലെല്ലാം ഈശ്വരൻ വസിക്കുന്നു എന്ന വിശ്വാസപ്രമാണത്തിൽ ജീവിക്കുന്ന ജനതയാകുന്നതിനാലാകാം, ക്ഷുദ്രജീവികളായ നമ്മോടു പോലും ഇങ്ങനെ പെരുമാറാൻ ഇവർക്കു കഴിയുന്നത്. നമ്മുടെ ഭാഗ്യം.

നമ്മുടെ ഈ ഭാഗ്യത്തിനനുകൂലമാകുന്ന മറ്റു പല ഘടകങ്ങളും ഇവിടെയുണ്ട്. നമുക്ക് മുട്ടയിട്ടു പെരുകാൻ വൃത്തിഹീനവും ഈർപ്പവുമുള്ള സ്ഥലങ്ങളാണല്ലോ വേണ്ടത്? അതെത്ര വേണമെങ്കിലും ഈ നാട്ടിലുണ്ട്. വേഷഭൂഷാദികളിൽ ഇന്നാട്ടുകാർ വളരെ വൃത്തിയും വെടിപ്പുമുള്ളവരാണെങ്കിലും അകമേ അത്ര വൃത്തിയുള്ളവരല്ല എന്നതാണു സത്യം. ഒരുദാഹരണം പറയാം. കയ്യിൽ കിട്ടുന്ന മിണ്ടാപ്രാണികളെയെല്ലാം കൊന്നുതിന്നുന്ന ഇവർ, അവശേഷിക്കുന്ന ചണ്ടിയെല്ലാം പ്ലാസ്റ്റിക്കു കവറിലാക്കി സൂക്ഷിച്ചുവച്ചു തക്കം നോക്കി അടുത്ത വീട്ടുകാരന്റെ പറമ്പിലേക്ക് വലിച്ചെറിയും. അതിനു സാധിക്കുന്നില്ലെങ്കിൽ BMW കാറിൽക്കയറി, പോകുന്ന വഴിയിൽ റോഡരികിൽ ആരും കാണാതെ വലിച്ചെറിയും. അതവിടെക്കിടന്നു ദുഷിച്ചുനാറി പുഴുവും പൂച്ചിയും അരിച്ചു മഴ വരുമ്പോൾ നമുക്കു മുട്ടയിട്ടു വളരാനൊരിനിടമാകും. പുഴയായ പുഴയെല്ലാം ഇവിടുള്ളവർ നശിപ്പിച്ചതു കാരണം ഇപ്പൊ ഇവിടെ പുഴയൊന്നുമില്ല, അങ്ങുമിങ്ങും കാണുന്ന വെള്ളക്കെട്ടുകളേയുള്ളൂ. അതും ചണ്ടി നിക്ഷേപസ്ഥലങ്ങളാണ്. അൽപ്പം പോലും ഒഴുക്കില്ലാത്ത ഈ വെള്ളക്കെട്ടുകളിൽ നമുക്കു മുട്ടയിട്ടു പെരുകാമെന്നുള്ള വലിയ ഗുണമുണ്ട്. ഇതൊക്കെ ചെയ്തതു മിടുക്കാണെന്നു കരുതി ജീവിക്കുന്നവരാണ്, സാക്ഷരതയിൽ ഒന്നാം സ്ഥാനക്കാരായ ഇന്നാട്ടുകാർ. നമ്മുടെ കടി കൊണ്ട് നാളെ ചാകാൻ പോകുന്നത് തങ്ങളാണെന്നറിയാനുള്ള വിവേകബുദ്ധി മാത്രം പക്ഷേ ഈ സാക്ഷരർക്കില്ല എന്നതാണ് അതിശയകരമായ സത്യം. ഇതൊക്കെ കാണുമ്പോൾ സാക്ഷരത എന്നത് നമ്മെപ്പോലെയുള്ള ക്ഷുദ്രജന്തുക്കളുടെയും ക്ഷുദ്രവാസനകളുടെയും വളർച്ചക്കനുകൂലമായ ഒരു ഘടകമാണോ എന്നു പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മളിങ്ങനെ വളർന്നു പെരുകുമ്പോൾ നമ്മളെയെല്ലാം കൊന്നു നശിപ്പിച്ചു നാടു സുന്ദരമാക്കും എന്നും മറ്റും പറഞ്ഞു ഭരണസംവിധാനങ്ങളും രാഷ്ട്രീയക്കാരും വാളും പരിചയുമായി ഇറങ്ങിത്തിരിക്കും. പൊതുജനത്തിനെ കളിപ്പിക്കാനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെന്നല്ലാതെ, നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ അവരൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. നമ്മുടെ പേരും പറഞ്ഞു ഇവരെല്ലാം കൂടി തലതല്ലിക്കീറുന്നതു കാണുമ്പോൾ, ഞാൻ പലപ്പോഴും തലതല്ലിച്ചിരിച്ചു പോയിട്ടുണ്ട്‌ മോളേ. എന്റെ നോട്ടത്തിൽ, അൽപ്പം നർമ്മബോധം ഉള്ളിലുണ്ടെകിൽ ചിരിച്ചുകൊണ്ട് വളരാൻ നമുക്കു പറ്റിയ ഇതിലും നല്ലൊരിടം ഭൂമിയിൽ മറ്റെവിടെങ്കിലും കാണുമെന്നു തോന്നുന്നില്ല. എതിർ കക്ഷിക്കാരന്റെ വംശനാശത്തിനു നമ്മളെ എങ്ങിനെ ഉപയോഗിക്കാം എന്നുപോലും ചില രാഷ്രീയക്കാർ ചിന്തിക്കുന്നുണ്ടോ എന്നെനിക്കു സംശയമുണ്ട്. മഴക്കാലത്തെ അപ്പാവി പനികൾ പോലും ഭീകരരായ നമ്മുടെ തലയിൽ കെട്ടിവച്ചു, ഭിഷഗ്‌വരന്മാരും ലാബുകളും കൊയ്ത്തു തുടങ്ങിയിട്ടുണ്ടെന്നും കേൾക്കുന്നു. ഒരു 'ഡെങ്കി ടെസ്റ്റി'നു ആയിരത്തിലേറെ രൂപയാണ് ചാർജ്ജത്രെ! പാവങ്ങൾക്കു കഷ്ട്ടം വരുന്ന കാര്യമാണെങ്കിലും 'ക്ഷുദ്രജീവി'കളാണു നമ്മളെന്നു പറഞ്ഞു പുശ്ചിക്കുന്ന ഈ മനുഷ്യമാന്യന്മാർ നമ്മളെക്കൊണ്ടു നാലു കാശു സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത്; കാരണം അതിനൊരു മധുരപ്രതികാരത്തിന്റെ മണമുണ്ട്. 

ഇതുവരെ നമ്മളിൽ ഒരാളിനു നാലുപേരെ വരെയേ ഒരു ദിവസം കടിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും രാഷ്ട്രീയവും കാരണം നമ്മുടെ ശരീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നുണ്ടെന്നും അതിനാൽ കൂടുതൽ ദൂരം അനായാസമായിപ്പറന്നു ചെന്ന് ഏഴുപേരെ വരെ കടിക്കാവുന്ന തരത്തിലായിട്ടുണെന്നും ശാസ്ത്രജ്ഞന്മാർ അടുത്തിടെ കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ ഒരു വ്യായാമവും ചെയ്യാതെ കൃശഗാത്രരാകുന്ന നമുക്കിനി ബഹുനിലക്കെട്ടിടങ്ങൾക്കു മുകളിലും പറന്നെത്തി, അവിടെ അത്യന്തം സുരക്ഷിതരാണെന്നു കരുതി ജീവിക്കുന്ന മനുഷ്യരുടെ ചോരയും കുടിക്കാം. നമ്മൾ ഈഡിസുകൾ മാത്രമല്ല, നമ്മുടെ വംശത്തിലുള്ള മറ്റെല്ലാ കൊതുകുവർഗ്ഗങ്ങളും അതുപോലെ ബഹുവിധരോഗങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ബാക്റ്റീരിയകളും വൈറസുകളും എല്ലാം തന്നെ ഈ സ്വർഗ്ഗരാജ്യത്തിലേക്കു സഹർഷം വന്നെത്തിക്കൊണ്ടിരിക്കയാണിപ്പോൾ. ആഹാരത്തിനു പഞ്ഞമില്ലാതെ, ആവശ്യത്തിലധികം കൊളസ്ട്രോളും രക്തവും പേറി നടക്കുന്ന, മടി കാരണം നമ്മൾ കടിച്ചാൽ  കൈപൊക്കി ഒന്നടിക്കാൻ പോലും താൽപ്പര്യം കാണിക്കാത്ത മനുഷ്യരുടെ ഈ നാട്, ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചു നൽകിയതല്ലെങ്കിൽ പിന്നെയെന്താണ്? ഇതിനു നാമെല്ലാം ദൈവത്തിനു സ്തുതി ചൊല്ലേണ്ടിയിരിക്കുന്നു. 'ഇനി വരുന്നതു നമ്മുടെ കാലമാണെന്ന്' മുൻപൊരിക്കൽ അച്ഛൻ പറഞ്ഞപ്പോൾ നിനക്കു വിശ്വാസം വന്നില്ലല്ലോ? ഇപ്പോൾ എങ്ങിനെ തോന്നുന്നു? ദൈവം നമ്മുടെ കൂടെയാണ് മോളെ. നമ്മുടെ അജയ്യശക്തി ലോകത്തിനു ബോദ്ധ്യമാക്കിക്കൊടുക്കാനുള്ള അവസരം സമാഗതമാകുകയാണ്. വർദ്ധിതവീര്യത്തോടെ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇതിൽപ്പരം ആഹ്ലാദകരമായ മറ്റെന്തുണ്ടു നമുക്കു സ്വപ്നം കാണാൻ ?

ഈ സന്തോഷത്തിനിടയിലും ചെറിയൊരു ദുഃഖം തോന്നുന്നുണ്ട് മോളെ. ആഡംബരത്തിലും തോന്ന്യാസങ്ങളിലും പ്രകൃതിദോഷ പ്രവർത്തികളിലുമൊന്നും പങ്കാളികളാകാതെ ഉള്ളതുകൊണ്ട് അടങ്ങി ഒതുങ്ങിക്കഴിയുന്ന, ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളും ഇന്നാട്ടിലുണ്ട്. ഇവരുടെ രോഗപ്രതിരോധശേഷി കുറവാണ്, വലിയ ആശുപത്രികളിലൊന്നും പോയി ചികിത്സ നടത്താനുള്ള കഴിവും ഇവർക്കില്ല. കാറും ജീപ്പും വായു പോലും കയറാത്ത വിധത്തിൽ അടച്ചുപൂട്ടിയ രമ്യഹർമ്മ്യങ്ങളുമൊന്നുമില്ലാത്ത ഇവരാണ് തുറന്ന സ്ഥലങ്ങളിലും റോഡിലും ബസ്സിലുമൊക്കെ കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ കടിയേറ്റു കഷ്ട്ടപ്പെടുന്നതും മരിക്കുന്നതും കൂടുതലും ഇവരാണ്. നമ്മുടെ വളർച്ചക്ക് വലിയ സഹായമൊന്നും ചെയ്യുന്ന കൂട്ടരല്ല ഇവരെങ്കിലും ഇവരോടൽപ്പം സഹാനുഭൂതി നമ്മൾ കാണിക്കേണ്ടതാണ്. അതുകൊണ്ടു വരും നാളുകളിൽ ഇവരെ വിട്ട്, നമ്മളെ വളർത്താൻ സഹായിക്കുന്നവരെ തിരഞ്ഞു പിടിച്ചു കടിക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്. അതെങ്ങനെ സാധിക്കാം എന്നു നമ്മൾ ആലോചിക്കേണ്ടതുണ്ട്. 

ഇവിടുത്തെ  ബഹുവിധ 'പനി'കളെക്കുറിച്ചു നീ അറിയുന്നുണ്ടായിരിക്കുമല്ലോ? എലിപ്പനി, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാൻ പനി..... അങ്ങിനെ സകല 'പനി'കളുടെയും ഒരു മ്യൂസിയം തന്നെയാണിവിടം. നമ്മുടെ 'ഡെങ്കി' ക്കാണ് കൂടുതൽ പേരും പ്രശസ്തിയും. എന്റെ ഒരൂഹം വച്ചു നോക്കിയാൽ ഇനി വരുന്ന ചില വർഷങ്ങൾക്കുള്ളിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത വരാൻ സാദ്ധ്യതയുണ്ട്; 'സാംക്രമികരോഗങ്ങൾ കാരണം കേരളത്തിൽ നിന്നും ജനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നു'. ദൈവത്തിന്റെ നാട്ടിൽ നിന്നും മനുഷ്യരെ നമ്മൾ തുരത്തുന്നു. എങ്ങിനെയുണ്ട് കഥ ? പണ്ട് അസുരന്മാരായിരുന്നു ഇതു ചെയ്തിരുന്നതെങ്കിൽ ഇനി വരും കാലങ്ങളിൽ  നമ്മളാണിതു ചെയ്യാൻ പോകുന്നതെന്നോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും  തോന്നുന്നു, മോളെ. നമ്മളെ ഇങ്ങനെ ഓമനിച്ചു വളർത്തുന്ന മനുഷ്യരെത്തന്നെ തിരിഞ്ഞു കടിക്കുന്നതിലാണല്ലോ അതിന്റെ ഒരു രസം? 'ക്ഷുദ്രജീവി'എന്ന നമ്മുടെ പേരും അപ്പോഴേ അന്വർത്ഥമാകൂ. 'നാടു കടലിലാണ്ടു പോയാലും കുഴപ്പമില്ല, ഞാനും എന്റെ കുടുംബവും സുഖമായിരിക്കണം' എന്ന അബോധചിന്തയിൽ രമിച്ചു ജീവിക്കുന്ന ഇവിടുത്തെ മനുഷ്യരുള്ളിടത്തോളം കാലം നമുക്കിവിടം പറുദീസയായിരിക്കും മോളെ. നമ്മുടെ കടിയേറ്റു മരിക്കാൻ വിധിക്കപ്പെടുന്ന ഈ മനുഷ്യർ തന്നെ നമ്മുടെ രക്ഷകരായും വർത്തിച്ചു കൊള്ളും. ഇതിനെയാണ് മോളേ നിയോഗം എന്നു പറയുന്നത്.

ശരി, അച്ഛനിന്നിതുവരെ മൂന്നു പേരെയേ കടിക്കാൻ കഴിഞ്ഞുള്ളു. ഇവിടുത്തെ കണക്കനുസരിച്ചു രാത്രിയാകുന്നതിനു മുൻപ് നാലു പേരെ കൂടിയെങ്കിലും കടിക്കണം. ഭാഗ്യമുണ്ടെങ്കിൽ ഇപ്രാവശ്യം എഴുതിയതിലും നല്ല വിശേഷങ്ങളുമായി അടുത്തയാഴ്ച കാണാം.

സ്നേഹപൂർവ്വം  

കൊതുകച്ഛൻ 

Saturday, June 10, 2017

എൻറെ ഫേസ്ബുക് കുറിപ്പുകൾ -1


June 21, 2017

മൂന്നു വർഷങ്ങൾക്കു മുൻപ് എന്റെ നല്ലൊരു സുഹൃത്ത് ഭാര്യയും മകളുമൊത്തുള്ള വിദേശയാത്രക്കിടയിൽ ജർമ്മനിയിൽ വച്ചു ഹൃദയാഘാതം മൂലം മരണമടഞ്ഞു. വിദേശരാജ്യങ്ങളിലെ ചില പ്രശസ്ത കമ്പനികളുടെ ഇന്ത്യൻ പ്രതിനിധിയായിരുന്നു വിദ്യാസമ്പന്നനും തികച്ചും മാന്യനുമായിരുന്ന സുഹൃത്ത്. ഇന്നലെ ഇദ്ദേഹത്തിന്റെ മകളെ കാണാനിടവന്നു. വിസ കാലാവധി തീർന്നു നാട്ടിലേക്ക് യാത്ര തിരിക്കേണ്ട ദിവസം മറുനാട്ടിൽ വച്ചുണ്ടായ ദുരന്താനുഭവം വർണ്ണിക്കാവതല്ലെന്നു പറഞ്ഞു. അച്ഛൻ മരണത്തോടു മല്ലടിച്ചു ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മയും മകളും വിസ നീട്ടിക്കിട്ടാനായി എംബസിയിൽ കയറിയിറങ്ങുകയായിരുന്നു. ടൂറിസ്റ്റ് വിസയിൽ , മെഡിക്കൽ ഇൻഷുറൻസില്ലാതെയുള്ള യാത്രയായതിനാൽ ആശുപത്രിയിൽ ചികിത്സ കിട്ടുന്നതിനും മറ്റും വളരെ കഷ്ടപ്പെടേണ്ടി വന്നുവത്രെ. ഇതൊക്കെ സഹിക്കാമായിരുന്നു, നാട്ടിലെ സുഹൃത്തുക്കളുടെ പെരുമാറ്റമാണ് കൂടുതൽ വേദനിപ്പിച്ചത്. ആൾ മരിച്ചുവെന്നുറപ്പു വരുത്തി, ആ വിവരം വിദേശകമ്പനികൾക്കു കൈമാറി franchise തങ്ങളുടെ പേരിലേക്കു മാറ്റിയെടുക്കാനുള്ള സാദ്ധ്യതകൾ നോക്കുകയായിരുന്നു സുഹൃത്തുക്കളപ്പോൾ. ഇതുകാരണം ആ ദുരന്തത്തിനിടയിലും ബിസിനെസ്സ് നഷ്ട്ടപ്പെടാതിരിക്കാൻ വേണ്ടി പ്രയത്നിക്കേണ്ടി വന്നത്രെ. മരണശേഷം ജർമ്മനിയിലെ ആശുപത്രി അധികൃതരും എംബസ്സിക്കാരും വളരെ സ്നേഹപൂർവം സഹകരിച്ചു, അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം സഹതാപപൂർവം ചെയ്തു കൊടുത്തപ്പോൾ നമ്മുടെ എംബസ്സി പ്രതിനിധികളുടെ സഹകരണം അതുപോലെയായിരുന്നില്ല. അച്ഛന്റെ ശവമടങ്ങുന്ന പേടകം, ഒരു സാധാരണ ഒരു ലഗേജ് പോലെ എയർപോർട്ടിൽ കൈകാര്യം ചെയ്തതു കണ്ടപ്പോഴും വേദന തോന്നിയത്രേ.
ഇതു മറ്റൊരാളുടെ കഥയായതു കൊണ്ട് നമുക്കു പ്രത്യേകിച്ചൊന്നും തോന്നേണ്ടതില്ല. പക്ഷേ ഈ അനുഭവം നമ്മളിലൊരാൾക്കാണ് ഉണ്ടാകുന്നതെങ്കിലോ? ഒരു കൊതുകു കടിച്ചാൽ തീരാവുന്ന ജീവിതം മാത്രമുള്ള മനുഷ്യർ ഇങ്ങനെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം കൊണ്ടു നേടുന്നതെന്താണ്?

June 19, 2017
ഇന്ന് ജൂൺ 19. സാക്ഷരതയിൽ നമ്മുടെ രാജ്യത്തിനു തന്നെ വഴിവിളക്കു തെളിച്ച,
കേരളത്തിന്റെ അക്ഷരവിപ്ലവത്തിനു തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ജന്മദിനം; വായനാദിനം എന്നറിയപ്പെടുന്ന സുദിനം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളാ ഗ്രന്ഥശാലാ സംഘം 1945 ൽ 47 ഗ്രാമീണവായനശാലകളിലൂടെ തുടക്കമിട്ട സാക്ഷരവിപ്ലവമാണ് മലയാളിയുടെ ഇന്നു കാണുന്ന സാക്ഷരതയുടെ അടിത്തറ പാകിയത്. മലയാളിയെ കൂടുതൽ ചിന്താശക്തിയുള്ളവരാക്കി തീർത്തതിനും ഈ പ്രസ്ഥാനം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഈ മഹാനുഭാവന് എന്റെ പ്രണാമം.
അമ്പലപ്പുഴയിൽ നിന്നും പി.എൻ. പണിക്കർ സാർ തുടങ്ങിവച്ച ഈ അക്ഷരവിപ്ലവത്തിൽ അദ്ദേഹത്തിന്റെ സഹകാരിയായിരുന്നു ഞങ്ങളുടെ അച്ഛൻ ഏവൂർ. എൻ. ശ്രീധരൻ നായർ എന്നു പറയുന്നതിൽ എനിക്കഭിമാനമുണ്ട്. ഗ്രന്ഥശാലാ സംഘത്തിന്റെ തുടക്കം മുതൽ 1997 ൽ മരിക്കുന്നതുവരെ അൻപതു വർഷക്കാലത്തോളം അച്ഛൻ ഈ പ്രസ്ഥാനത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്.
അച്ഛനെയും അച്ഛന്റെ ഈ ഉദാത്തമായ സാമൂഹികസേവനത്തെയും എന്നും സ്മരിക്കാനായി ഏവൂർ ദേശബന്ധു ഗ്രന്ഥശാലയിൽ ഒരു റീഡിങ് ഹാൾ നിർമ്മിച്ചു നൽകി, അദ്ദേഹത്തിൻറെ ഫോട്ടോയും അവിടെ വച്ചു. അച്ഛന്റെ 21-)o ചരമവാർഷികം അടുത്തുവരുന്ന ഈ വേളയിൽ അച്ഛനെയും അച്ഛൻ വളരെ ആദരപൂർവം നോക്കിക്കണ്ടിരുന്ന പണിക്കരുസാറിനെയും ഒന്നിച്ചോർമ്മിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി നിങ്ങളേവരുമായി പങ്കു വെക്കട്ടെ. ഇവരും ഇവരെപ്പോലെ സമൂഹത്തിന്റെ ഉന്നമനത്തിനായി ത്യാഗോജ്വലമായ ജീവിതം നയിച്ച എല്ലാ മഹാത്മാക്കളോടുമുള്ള എന്റെ ആദരവും കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.

June 18, 2017
ഇന്നെലെ വൈകിട്ട് ചെന്നൈ മഹാലിംഗപുരം ശ്രീ ഗുരുവായൂരപ്പ-അയ്യപ്പക്ഷേത്ര സമുച്ചയത്തിലെ സോപാനം ഹാളിൽ 'ഉത്തരീയം' സംഘടിപ്പിച്ച 'കല്യാണസൗഗന്ധികം' കഥകളി കാണാൻ പോയിരുന്നു. എന്റെ താമസ സ്ഥലത്തുനിന്നും എൺപതു കിലോമീറ്റെർ അകലെ ചെന്നൈ നഗരമദ്ധ്യത്തിലാണ് കളി നടന്ന സ്ഥലം. തിരക്കേറിയ ട്രാഫിക്കിലൂടെ രണ്ടു രണ്ടര മണിക്കൂർ കാർ ഡ്രൈവ് ചെയ്താണവിടെ എത്തിയത്. കളി കഴിഞ്ഞും രാത്രിയിൽ അതുപോലെ തിരിച്ചും ഡ്രൈവ്. കഥകളിതല്പരനായ മകൻ കൂടെയുണ്ടായിരുന്നതു വലിയ അനുഗ്രഹമായി. കളി കണ്ടുകഴിഞ്ഞപ്പോൾ ഈ അനുഭവിച്ച യാത്രാക്ലേശമെല്ലാം അതിന്റെ മുൻപിൽ നിസ്സാരമായി തോന്നി. നല്ല ഒരു കഥകളി കണ്ട മന:സ്സംതൃപ്തി. കഥകളിക്കമ്പക്കാരനായ എന്നെപ്പോലൊരുവനു ഇതിൽക്കൂടുതലെന്താണ് നേടാൻ കഴിയുക?
കലാമണ്ഡലം ശ്രീകുമാർ ഭീമനായും സദനം ഭാസി ഹനുമാനായും വേഷമിട്ടു. ശ്രീകുമാറിന്റെ വേഷം ഞാൻ ആദ്യം കാണുകയാണ്. 'പാഞ്ചാലരാജതനയേ' നന്നായിരുന്നു. കല്ലുവഴിച്ചിട്ടയിൽ അദ്ധ്യാപകനായ ശ്രീകുമാറിന്റെ ആട്ടത്തിനും മുദ്രാവിന്യാസങ്ങൾക്കും ചൊല്ലിയാട്ടക്കളരിയുടെ ഉറപ്പും വെടിപ്പും പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ ആകാര-ആഹാര്യ ഭംഗി ഭീമനെ കൂടുതൽ മിഴിവുറ്റതാക്കാൻ സഹായകമായി. പദാഭിനയത്തിൽ ആവശ്യത്തിനുള്ള മുഖാഭിനയം ഉണ്ടെങ്കിലും 'അജഗരകബളിത' മടക്കമുള്ള ഇളകിയാട്ടങ്ങളിൽ ആംഗികാഭിനയം പൂർണ്ണതയിലെത്തുമ്പോഴും മുഖാഭിനയം വേണ്ട അളവിൽ ഉണ്ടായില്ല എന്നതൊരു കുറവായെനിക്കു തോന്നി. കലാമണ്ഡലം അഭ്യാസരീതിയിൽ പല നടന്മാരും നേരിടുന്ന ഒരു പ്രശ്നമാണിതെന്ന് എനിക്കറിയാവുന്നതാണ്. പക്ഷെ ശ്രീകുമാറിന്റെ ഭീമന് ആ ഒരു ഭംഗി കൂടിയുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി. പച്ചവേഷങ്ങളിൽ തങ്ങളുടെ മറ്റു ഗുരുനാഥന്മാരെയല്ല, ഗോപിയാശാനെയാണ് കലാമണ്ഡലനടന്മാർ പിന്തുടരേണ്ടതെന്നാണ് എന്റെ അഭിപ്രായം. അതായിരിക്കും കഥകളിക്കും കളി കാണുന്നവർക്കും സന്തോഷപ്രദമാവുക.
സദനം ഭാസിയുടെ ഹനുമാനെക്കുറിച്ചു കൂടുതൽ പറയേണ്ടതില്ല. ഞാനദ്ദേഹത്തിന്റെ ഹനുമാൻ മുൻപും കണ്ടിട്ടുള്ളതാണ്. ഇന്നലത്തെ ഹനുമാന് അൽപ്പം കൂടി ഊർജ്ജം കൈവന്നപോലെ. ശ്രീകുമാറിന്റെ ഭീമനുമായുള്ള കൂട്ടുവേഷം വളരെ ഹൃദ്യമായിരുന്നു. ഹനുമാന് ഭീമനോടു തോന്നുന്ന വാത്സല്യം, ആട്ടങ്ങളിൽ നിറച്ചുനിർത്താനുള്ള ഭാസിയുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ഇത് പറയുമ്പോൾ തന്നെ സദനം ബാലകൃഷ്ണൻ ആശാനോളം വാത്സല്യനിധിയായ ഒരു ഹനുമാനെയും, രാമൻകുട്ടിയാശാൻ-ഗോപി ജോടിയെപ്പോലൊരു ഹനുമാൻ-ഭീമ ജോടിയെയും കഥകളിയിൽ ഞാൻ കണ്ടിട്ടില്ല എന്നു കൂടി പറയട്ടെ. അതെന്തുമാകട്ടെ, ഭാസി-ശ്രീകുമാർ കോമ്പിനേഷൻ കാണാൻ കൊള്ളാവുന്ന ജോടി തന്നെയാണ്.
നൃത്ത-വാദ്യ-സംഗീത വിഭാഗങ്ങൾ സമജ്ജസമായി സമ്മേളിച്ചു നിന്നാലേ നല്ല കഥകളി ഉണ്ടാകൂ. ഇപ്പറഞ്ഞത് അടിവരയിട്ടു പറയുന്നതായിരുന്നു ഈ കളി. കലാമണ്ഡലം ബാബുനമ്പൂതിരിയും കോട്ടക്കൽ സന്തോഷ്‌കുമാറും ചേർന്നു കൈകാര്യം ചെയ്ത സംഗീതമായിരുന്നു ഇന്നലത്തെ കളിയിലെ എടുത്തു പറയേണ്ട കാര്യം. ഗംഭീരം എന്നാണു ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏവൂർ കഥകളിയുടെ പേരിൽ ഒരിക്കൽ എനിക്ക് ബാബുനമ്പൂതിരിയുടെ പാട്ടിനെ നിശിതമായി വിമർശിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, ഇന്നലത്തെ പാട്ടിനു ഞാൻ അദ്ദേഹത്തെ അങ്ങേയറ്റം അനുമോദിക്കുകയാണ്. ബാബു നമ്പൂതിരിക്കു പറ്റിയ ശിങ്കിടിയാണ് സന്തോഷ് കുമാർ.
ഹനുമാന്റെയും ഭീമന്റെയും ആട്ടം ഗംഭീരമാകണമെങ്കിൽ, മേളം ഗംഭീരമായേ കഴിയൂ. ഇപ്പറഞ്ഞത് അറിഞ്ഞുതന്നെയാണ് ചെണ്ടയിൽ സദനം രാമകൃഷ്ണനും മദ്ദളത്തിൽ കലാമണ്ഡലം വേണുവും പ്രവർത്തിച്ചത്. മേളം, പ്രത്യേകിച്ചും ആ ചെണ്ടമേളം, ഇപ്പോഴും തലയിൽ മുഴങ്ങുന്നു.
പാഞ്ചാലിക്ക് വലിയ റോളൊന്നുമുള്ള കഥയല്ല കല്യാണസൗഗന്ധികമെങ്കിലും, സദനം സദാനന്ദൻ ആ വേഷം ഹൃദ്യമാക്കി.
ഒരു കളി നല്ലതാകണമെങ്കിൽ മുകളിൽ പറഞ്ഞതിനോടൊപ്പം, നടന്മാർക്കു ചുട്ടി കുത്തി അവരെ അണിയിച്ചൊരുക്കുന്ന അണിയറ പ്രവർത്തകരും അതിനനുസരിച്ചു പ്രവർത്തിക്കണം. ചുട്ടി തീർത്ത കലാമണ്ഡലം സതീശനും അണിയറ കൈകാര്യം ചെയ്ത കോട്ടക്കൽ കുഞ്ഞിരാമനും സഹപ്രവർത്തകരും ഇക്കാര്യം ശരിക്കും അറിവുള്ളവരാണെന്ന് അവരുടെ പ്രവർത്തികളിൽ കൂടി തെളിയിച്ചു. അലോസരം സൃഷ്ടിക്കാതെ കളി കണ്ടു രസിക്കാൻ സഹായിച്ച സൗണ്ട് സിസ്റ്റവും അഭിനന്ദനം അർഹിക്കുന്നു.
ചെന്നൈയിൽ കഥകളിയും മറ്റു കേരളീയകലകളും സംഘടിപ്പിക്കുക എന്നത് തങ്ങളുടെയൊരു വൃതമാണെന്നു കരുതി അതിനായി എന്തു ത്യാഗവും സഹിക്കാൻ തയ്യാറായി നിൽക്കുന്ന 'ഉത്തരീയ'ത്തിന്റെ സാരഥികളായ എന്റെ സുഹൃത്തുക്കളേ, നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!
നല്ലൊരു കളി കാണാൻ സഹായിച്ച എല്ലാവർക്കും എന്റെ നന്ദിയും അനുമോദനങ്ങളും.

June 14, 2017
സ്വാർത്ഥപരമായ അടുപ്പവും ഒട്ടിപ്പിടിക്കലും പ്രതീക്ഷകളുമാണ് സകല ദുഖങ്ങൾക്കും കാരണമെന്നാണ് ആദ്ധ്യാത്മിക മതം. സ്വാർത്ഥത കൂടുന്നതിനനുസരിച്ചു ഒട്ടിപ്പിടിക്കലിന്റെ (attachment) ശക്തി കൂടുകയും അതിനനുസരിച്ചുള്ള ദുഃഖാനുഭവങ്ങൾ ഏറ്റുവാങ്ങാൻ മനുഷ്യർ വിധിക്കപ്പെടുകയും ചെയ്യും. ഇപ്പറഞ്ഞ പൊതുതത്വം വളരെ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

മനുഷ്യർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് സ്വന്തം മക്കളെയാണ്. മക്കൾക്ക് ഒരു ദുഃഖവും ഉണ്ടാകരുതെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. കുന്നുണ്ടെങ്കിൽ ഒരു കുഴിയും ഉണ്ടാകും എന്നു പറയുമ്പോലെ സുഖം ഉണ്ടെങ്കിൽ ദുഖവുമുണ്ടാകേണ്ടതാണ്. അപ്പോൾ 'എന്റെ മക്കൾക്ക് എല്ലാം സുഖമായി ഭവിക്കേണം' എന്ന ആഗ്രഹം തന്നെ പ്രകൃതിവിരുദ്ധവും സ്വാർത്ഥപ്രേരിതവുമല്ലേ? എല്ലാ ജീവജാലങ്ങൾക്കും അവയുടെ കുഞ്ഞുങ്ങളോടു സ്നേഹവും വാത്സല്യവും ഉണ്ടെങ്കിലും അതു പരിമിതവും നിസ്വാർത്ഥവുമാണ്. എന്നാൽ ബുദ്ധിശക്തിയുള്ള മനുഷ്യരുടെ കാര്യത്തിൽ മാത്രം ഇത് അപരിമിതവും തികച്ചും സ്വാർത്ഥവുമാണ്. 'മറ്റുള്ളവർക്കും ലോകത്തിനും എന്തു സംഭവിക്കുന്നു എന്നതെനിക്കു പ്രശ്നമല്ല, എന്റെ മക്കൾ സുഖമായിരിക്കണം' എന്നു ചിന്തിക്കുന്ന മാതാപിതാക്കൾ സത്യത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കയല്ല, ദ്രോഹിക്കയാണ് ചെയ്യുന്നത്.

വളരെ പ്രസക്തമായ ഒരു ഉദാഹരണം മാത്രം പറഞ്ഞു നിർത്താം. കുടുംബബന്ധങ്ങൾ; പ്രത്യേകിച്ചും ചെറുപ്പക്കാരുടെ, താറുമാറായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്? ഇതിനു പല കാരണങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനമായ ഒരു കാരണം, മാതാപിതാക്കൾ മക്കളുടെ ദാമ്പത്യജീവിതത്തിൽ നടത്തുന്ന അനാവശ്യമായ ഇടപെടലുകളാണ്. രണ്ടു വ്യത്യസ്ത കുടുംബ-സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നും വരുന്ന ദമ്പതികൾക്കിടയിൽ സ്വാഭാവികമായും അസ്വാരസ്യങ്ങൾ ഉണ്ടായെന്നിരിക്കും. അതവർ തന്നെ പറഞ്ഞു സമാധാനം കണ്ടെത്തി, പൊതുവായ ഒരു ധാരണയിൽ എത്തിച്ചേർന്നു, ജീവിതത്തെ മുൻപോട്ടു നയിച്ചോളും. പല പ്രാവശ്യം നിലത്തു വീണും പരിക്കുപറ്റിയും ചോരപൊടിഞ്ഞുമൊക്കെയല്ലേ നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്? ഇതായിരുന്നു കുറെ വർഷങ്ങൾക്കു മുമ്പുവരെയുള്ള രീതിയെങ്കിൽ ഇന്നത്തെ രീതി ഇതിൽ നിന്നൽപ്പം വ്യത്യസ്തമായിരിക്കയാണ്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം എല്ലാക്കാര്യങ്ങളിലും സ്വന്തം താൽപ്പര്യവും ചിന്തകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിലേറെയും. സ്വന്തമായാർജ്ജിച്ച കഴിവുകളിലൂടെ സ്വജീവിതത്തെ മുന്നോട്ടു നയിക്കാൻ കെൽപ്പില്ലാത്തവരോ വിമുഖരോ ആയ ചെറുപ്പക്കാർ അച്ഛനമ്മമാരുടെ ഇടപെടലുകൾക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയുമാണ്.

സുഖലോലുപതയിൽ വളരുന്ന ഇന്നത്തെ കുട്ടികൾക്ക്, പോയ തലമുറകളിലുള്ളവരേക്കാൾ, സഹനശക്തിയും സാമൂഹികാവബോധവും കുറവാണ്. പഠിത്തം എന്നൊരു കാര്യമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ എന്റെ മക്കൾക്ക് അറിയില്ല എന്നു പറയുന്നതിൽ അഭിമാനം കൊള്ളുന്ന ധാരാളം മാതാപിതാക്കൾ ഇന്നുണ്ട്. കല്യാണം കഴിപ്പിച്ചയച്ച മകൾ, ഭർത്താവുമായി ചെറുതായൊന്നു പിണങ്ങിയാൽ മതി, അപ്പോൾ തന്നെ 'സ്നേഹനിധി'കളായ മാതാപിതാക്കൾ ഇടപെടുകയായി. 'ഇന്നുവരെ മോളെ ഞങ്ങൾ ശകാരിച്ചിട്ടില്ല, അപ്പൊ നീയാരാ അവളെ ശാസിക്കാൻ?........ ഇങ്ങനെയുള്ള അനാവശ്യ വർത്തമാനങ്ങളിലൂടെ മാതാപിതാക്കൾ അവരുടെ ജീവിതത്തിൽ ഇടപെടുന്നതോടെ, വെറുതെ പറഞ്ഞു തീർക്കാമായിരുന്ന അസ്വാരസ്യങ്ങൾ, ഭാവിയിൽ ഒരു കുടുംബത്തിന്റെ അടിത്തറയിളക്കാൻ പോന്ന വിധത്തിലേക്ക് വളരുകയായി. അച്ഛനമ്മമാരുടെ സ്വാർത്ഥപരമായ ഈ ഇടപെടൽ കുട്ടികളിൽ അഹങ്കാരം വളർത്താനും പങ്കാളിയെ കൂടുതൽ ധിക്കരിക്കാനും മാത്രമേ ഉപകരിക്കുള്ളൂ എന്നവർ മനസ്സിലാക്കുന്നില്ല. പലപ്പോഴും അമ്മമാരാണ് ഇങ്ങനെയുള്ള ഇടപെടലുകളിലെ വില്ലത്തികളായി കാണപ്പെടുന്നത്. സ്വാഭാവികമായ സാഹചര്യങ്ങളിലൂടെ വളർച്ച പ്രാപിച്ചു മുന്നോട്ടു പോകേണ്ട മക്കളുടെ കുടുംബജീവിതമാണ്, 'സ്നേഹം' എന്നു തെറ്റിദ്ധരിക്കപ്പെട്ട സ്വന്തം 'സ്വാർത്ഥത'യിലൂടെ മാതാപിതാക്കൾ നശിപ്പിക്കുന്നത്. വളരെ വിദ്യാസമ്പന്നനും സാമ്പത്തികശേഷിയുമുള്ള എന്റെ ഒരു സുഹൃത്ത്, മകളുടെ ദാമ്പത്യജീവിതത്തിൽ അനാവശ്യമായ ഇടപെടൽ നടത്തി, പരാജയപ്പെട്ടു, മനം നൊന്ത് ആത്മീയതയിൽ അഭയം തേടിയ കഥ എനിക്കറിയാം. എന്നാൽ വലിയ വിദ്യാഭ്യാസവും സമ്പത്തുമില്ലാത്ത മറ്റൊരു സുഹൃത്തു പറഞ്ഞു,"കഷ്ട്ടപ്പെട്ടു കല്യാണം കഴിപ്പിച്ചയച്ച പെങ്ങൾ, ഒരു മാസം കഴിഞ്ഞപ്പോൾ കരഞ്ഞു വീർത്ത മുഖവുമായി വീട്ടിൽ വന്നു. അമ്മയ്ക്ക് വലിയ അനുകമ്പ തോന്നി. ഭർത്താവുമായി എന്തോ കശപിശയുണ്ടായതാണ് കാര്യം എന്നെനിക്കു മനസ്സിലായി. മേലിൽ ഇങ്ങിനെയുള്ള കാര്യങ്ങളും പറഞ്ഞുകൊണ്ട് ഇവിടേക്ക് വന്നേക്കരുതെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു; അവളെ ഭർത്താവിന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു. പിന്നീടൊരിക്കലും ഇങ്ങനെയൊരു കാര്യം പറഞ്ഞുകൊണ്ടവൾ വീട്ടിൽ വന്നിട്ടില്ല. ഇരുപതു വർഷത്തിലേറെയായി, ഇന്നവർ കുട്ടികളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു".

കുട്ടികൾക്ക് നല്ല സംസ്കാരം പകർന്നു നൽകി, അവരെ കുടുംബജീവിതത്തിനു പ്രാപ്തരാക്കേണ്ട മാതാപിതാക്കൾ തന്നെ, അവരുടെ കുടുംബജീവിതം തകരുന്നതിനു നിമിത്തമാകുന്നതിൽപ്പരം വലിയ അപരാധമെന്തുണ്ട്?

(ചില ദാമ്പത്യബന്ധങ്ങളിലെ പ്രശ്നങ്ങൾ അതിരുകടന്ന നിലയിലേക്കു പോകുമ്പോൾ മാതാപിതാക്കൾ ഇടപെട്ടു പരിഹാരം കാണേണ്ടതായി വരാറുണ്ട്. ഇതിനു മുകളിൽ പറഞ്ഞതുമായി ബന്ധമില്ല).

June 3, 2017

കലാമണ്ഡലം ഗോപിയുടെ 80-)o പിറന്നാളാഘോഷങ്ങൾ തൃശ്ശൂരിൽ നടക്കുകയാണ്. പേരു പറയുമ്പോൾ അതിൽ ബഹുമാനം കലർത്തുന്നതു ശരിയല്ലെന്നതു കൊണ്ടു മാത്രം 'ഗോപി' എന്നു വിളിച്ചെന്നേയുള്ളൂ. വിളിക്കേണ്ടത് 'ഗോപിയാശാൻ' എന്നാണ്. ലോകം മുഴുവൻ അങ്ങിനെയാണ് വിളിക്കുന്നത്. ആ വിളിക്ക് അങ്ങേയറ്റം അർഹനായ സമുന്നതനായ കലാകാരനാണദ്ദേഹം. കഥകളിയരങ്ങിന്റെ ഊർജ്ജമായി വിളങ്ങുന്ന കളിവിളക്കിനോളം വളർന്നു നിൽക്കുന്ന ഈ മഹനീയ കലാപ്രതിഭയ്ക്കു അശീതിയാശംസകളും പ്രണാമങ്ങളും നേരുന്നു.

ഇതു വായിക്കുന്നവരിൽ എത്രപേർക്കു കഥകളിയുമായി ബന്ധമുണ്ടെന്നെനിക്കറിയില്ല. കഥകളിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കും സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിവുള്ളവർക്കും ഗോപിയാശാന്റെ കഥകളി മുഖം പരിചിതമായിരിക്കണം. നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളനകലയായ കഥകളിയുടെ സമസ്തസൗന്ദര്യവും ആവാഹിച്ചെടുത്തൊരു ഉടൽരൂപമാണ് ഗോപിയാശാൻ. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പത്തു വസ്തുക്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് കലാമണ്ഡലം ഗോപിയുടെ പച്ചവേഷമായിരിക്കുമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞതിൽക്കൂടുതൽ ഞാനെന്തു പറയാൻ? ആഹാര്യത്തിന്റെ സൗന്ദര്യം പോലെ തന്നെ പത്തരമാറ്റു സൗന്ദര്യമുള്ളതാണ് അദ്ദേഹത്തിൻറെ കഥകളി അവതരണമെന്നതും അതനുഭവിച്ചിട്ടുള്ളവർക്ക് അറിവുള്ളതാണ്.

തൊണ്ണൂറുകളുടെ അവസാനത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രൂസ്റ്റിന്റെ കാർമ്മികത്വത്തിൽ നടന്ന ഏഷ്യാനെറ്റ് 'കഥകളി സമാരോഹം'(ഒന്നാം ഭാഗം) സംപ്രേക്ഷണം ചെയ്തു കൊണ്ടിരുക്കുമ്പോൾ, ഭാവി തലമുറയ്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കുന്നതിലേക്കായി നളചരിതം നാലുദിവസങ്ങളും ഗോപിയാശാനെക്കൊണ്ടു തന്നെ അവതരിപ്പിച്ചു സംപ്രേക്ഷണം ചെയ്യണം എന്നു ഞാൻ ട്രസ്റ്റ് ഭാരവാഹികളോടഭ്യർത്ഥിച്ചിരുന്നു. എന്റെ അഭ്യർത്ഥന മാനിച്ചോ അല്ലയോ എന്നെനിക്കറിയില്ല, 'സമാരോഹ'ത്തിലെ നളചരിതം നാലുദിവസങ്ങളിലും ഗോപിയാശാൻ തന്നെ വേഷമിട്ടു. കലാമണ്ഡലം കൃഷ്ണൻ നായരാശാൻറെ നളചരിതാവതരണം മുഴുവൻ റെക്കോർഡ് ചെയ്തു കലാലോകത്തിനു ലഭിക്കാതിരുന്നതുപോലെയുള്ളൊരു വലിയ നഷ്ട്ടം ഉണ്ടാകരുതെന്ന ആഗ്രഹത്തിന്റെ പേരിലാണ് അന്നു ഞാനതു ചെയ്തത്. കൃഷ്ണൻ നായരാശാനെയും ഗോപിയാശാനെയും പോലെയുള്ള കഥകളി പ്രതിഭകൾ എന്നുമുണ്ടാകുന്നതല്ല, ഒരു നൂറ്റാണ്ടിൽ വിരലിലെണ്ണാൻ കഴിയുന്നത്ര മാത്രമേ ഉണ്ടാകാറുള്ളൂ. അവരുടെ കലാസപര്യകൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചു വെക്കേണ്ടത് കലാലകത്തിന്റെ കടമയാണ്.

കഥകളിയുടെ തെക്കൻ-വടക്കൻ വേർതിരുവകളെക്കുറിച്ചുള്ള ഇന്റർനെറ്റ് സംവാദങ്ങളിൽ ഒരു കാലത്തു സജീവമായി പങ്കെടുത്തിട്ടുള്ളയാളാണ് ഞാൻ. ആ വിഷയങ്ങളൊന്നും ചർച്ച ചെയ്യാനുള്ള ഇടമല്ല ഇത്. എങ്കിലും തെക്കൻ കേരളത്തിനു കഥകളി ആസ്വദിക്കാനറിയില്ലെന്നും തെക്കു നിന്നുണ്ടായ 'നളചരിതം ആട്ടക്കഥ' കളിക്കാൻ കൊള്ളാത്തതാണെന്നും മറ്റും വ്യാഖ്യാനിച്ചു, പൊതുഖജനാവിൽ നിന്നു പണം പറ്റുന്ന കലാമണ്ഡലത്തിൽ നിന്നു പോലും അതിനെ വെളിയിൽ നിർത്താൻ ഉത്സാഹം കാണിച്ചവർക്കുള്ള നല്ല മറുപടിയാണ് കലാമണ്ഡലം ഗോപിയെന്നു പറയാതെ തരമില്ല. ഇന്നലെ തൃശ്ശൂരിൽ നടന്ന കഥകളി സെമിനാറിൽ സംസാരിച്ചവരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് ഗോപിയാശാൻറെ നളനെയും ബാഹുകനെയും കുറിച്ചായിരുന്നു എന്നത് എന്നിൽ കൗതുകമുണർത്തി. നളചരിതം എന്നൊരു കഥയില്ലായിരുന്നെങ്കിൽ ഗോപിയാശാനെന്നൊരു കഥകളിപ്രതിഭ ഉണ്ടാകുമായിരുന്നില്ല എന്നാണു പണ്ഡിതസദസ്സു പറഞ്ഞുവച്ചതെന്ന് തോന്നിപ്പോയി. കഥ ഏതെന്നുള്ളതല്ല, അതു രംഗത്തവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള വൈഭവമാണ് കഥകളി നടനു വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഗോപിയാശാന് സഹൃദയലോകത്തിന്റെ ആദരവുകൾ മാത്രമല്ല, മനം നൊന്തു കഴിയുന്ന ഉണ്ണായി വാരിയരുടെ ആത്മാവിന്റെ അനുഗ്രഹാശിസ്സുകളും ആവോളം ഉണ്ടാകും എന്നതു തീർച്ച. ഗോപിയാശാന് ഒരിക്കൽ കൂടി എന്റെ പ്രണാമം.


June 2, 2017

ഇന്നത്തെ മനോരമപ്പത്രത്തിലെ വാർത്ത. "സന്തോഷിക്കാൻ മറക്കുന്ന മലയാളി: മലയാളികൾക്ക് സന്തോഷം കുറവെന്നു മനോരമ ന്യൂസ് ടി വി ചാനൽ സന്തോഷ സൂചിക സർവ്വേ ഫലം. ഭൗതിക,സാമൂഹിക മേഖലകളിൽ മുന്നിലെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സന്തോഷസൂചിക 10ൽ 4.4 മാത്രം". അതായത് നല്ലൊരു ശതമാനം മലയാളികളും ഒരു കാരണം അല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് ദുഖിതരാണെന്നർത്ഥം. രാഷ്ട്രീയ-മത പ്രേരിതമായ വാർത്തകളിലൂടെയും ചർച്ചകളിലൂടെയും മലയാള പത്രങ്ങളും ചാനലുകളും അവയുടെ വിശ്വാസ്യത വലിയൊരളവിൽ നഷ്ട്ടപ്പെടുത്തിയിരിക്കുകയാണെങ്കിലും അങ്ങിനെയുള്ള താത്‌പര്യങ്ങൾ ഒന്നുമില്ലെന്നു തോന്നുന്ന 'സന്തോഷസർവ്വേ' ഫലം മുഖവിലയ്‌ക്കെടുക്കാം എന്നു തോന്നുന്നു.

ആവശ്യത്തിനു വിദ്യാഭ്യാസവും ധനവും രാഷ്ട്രീയ-സാംസ്കാരികപാരമ്പര്യങ്ങളും ചിന്താശക്തിയും ഇതിനെല്ലാം ഉപരിയായി മറ്റുള്ളവരിൽ അസൂയ ഉളവാക്കുന്ന സുന്ദരമായ പ്രകൃതിയും ആ പ്രകൃതി കനിഞ്ഞനുവദിച്ചിട്ടുള്ള അനേക വിഭവങ്ങളും ഒക്കെയുണ്ടായിട്ടും മലയാളിക്കെന്തേ സന്തോഷിക്കാൻ കഴിയുന്നില്ല? സമാധാനവും സന്തോഷവും പ്രദാനം ചെയ്യേണ്ടുന്ന അമ്പലങ്ങളും പള്ളികളും ആശ്രമങ്ങളും മുക്കിനു മുക്കിനുണ്ടായിട്ടും 'ദൈവത്തിന്റെ നാട്ടുകാരായ' മലയാളിക്കെന്തേ സന്തോഷിക്കാൻ കഴിയുന്നില്ല?ചിന്തിക്കേണ്ട വിഷയമല്ലേ? ഈ ചോദ്യത്തിന്റെ ഉത്തരം തേടിപ്പോയാൽ ചെന്നെത്തുന്നത് മനുഷ്യമനസ്സെന്ന വിചിത്രപ്രതിഭാസത്തിലാണ്. സന്തോഷവും സന്താപവും എല്ലാം ഉദിച്ചുയരുന്നത് അവിടെ നിന്നാണ്. അവിടം തെറ്റിയാൽ എല്ലാം തെറ്റും. അവിടം ശരിയായാൽ എല്ലാം ശരിയുമാകും. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ അസംതൃപ്തരും ദു:ഖിതരുമാണ് മലയാളികളെങ്കിൽ അതിൻറെ പ്രധാന കാരണങ്ങളിലൊന്ന്, ആത്മബോധത്തിൻറെ (വിവേചനശക്തിയുടെ) കുറവൊന്നുമാത്രമാണെന്നേ ചിന്തിക്കാൻ കഴിയൂ.

ബോധപൂർവ്വം ചിന്തിക്കാനുള്ള മനുഷ്യമനസ്സിന്റെ കഴിവിനെ നിശ്ശേഷം നശിപ്പിച്ചു, മനുഷ്യരെ വിശ്വാസത്തിൻറെ അടിമകളാക്കുന്ന സങ്കുചിതചിന്തകൾക്കു ശക്തമായ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. ഏറ്റവും വലിയ ബിസിനസ്സുകളാണല്ലോ ഇന്നു ഭക്തിയും വിശ്വാസവും.സ്വാർത്ഥമോഹങ്ങളും പേറി, എന്നാൽ ബോധപൂർവം ചിന്തിക്കാൻ കഴിവും ഇല്ലാത്ത മനുഷ്യരെ, ചൂഷണം ചെയ്‌തു കൊഴുക്കുന്ന സംവിധാനങ്ങളുടെ പിടിയിലാണ് വലിയൊരു ജനവിഭാഗം. ബോധപൂർവ്വമായ ചിന്തകൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രമേ നേട്ടങ്ങളും തൽഫലമായുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും ലഭിക്കുകയുള്ളൂ എന്നു പലരും മനസ്സിലാക്കുന്നില്ല. ആർക്കും ഒന്നും തന്നെ വെറുതെ കിട്ടിയിട്ടില്ല; അങ്ങിനെ കിട്ടിയിട്ടുണ്ടെങ്കിൽ കിട്ടിയതിനേക്കാൾ വേഗത്തിൽ അതു പോയിട്ടുമുണ്ട്. മറ്റുള്ളവർ കാട്ടിക്കൂട്ടുന്നതിന്റെയൊക്കെ പിറകെ പോകുമ്പോൾ നശിക്കുന്നത് സ്വന്തം ജീവിതമാണ്. ചുറ്റുമുള്ളതെല്ലാം വെട്ടിപ്പിടിക്കണം എന്ന ചിന്ത കുറെയെങ്കിലും വിട്ട്, തന്നാലാവുന്ന സഹായവും സമൂഹത്തിനു ചെയ്‌തു കഴിഞ്ഞാൽ ആത്മസംതൃപ്തി ലഭിക്കാൻ അതു കാരണമാകും. ആത്മാർത്ഥമായ സാമൂഹികസേവനം, വ്യക്തിപരമായ വ്യഥകൾക്കുള്ള നല്ല മരുന്നുമാണ്. സ്വാർത്ഥമോഹങ്ങൾ നേടാൻ ഈശ്വരനു മുൻപിൽ കാണിക്കുന്ന വ്യാജഭക്തി ദുഃഖമല്ലാതെ മറ്റൊന്നുംതന്നെ നേടിത്തരില്ലെന്നു വിശ്വാസികൾ മനസ്സിലാക്കണം. ഇതൊക്കെ മനസ്സിലാക്കി വിവേകപൂർവം ചിന്തിച്ചു ജീവിക്കാൻ കഴിഞ്ഞാൽ കഴിവുകളേറെയുള്ള മലയാളിയുടെ സന്തോഷസൂചിക 10ൽ 8 കടക്കും. സംശയം വേണ്ട.
ഏതെങ്കിലും മലയാളിയുടെ 'സന്തോഷസൂചിക' ഒരു ദശാംശമെങ്കിലും ഉയരാൻ ഈ പോസ്റ്റ് കാരണമാകുമെങ്കിൽ ഞാൻ ധന്യനായി!

May 30, 2017

ഒരു സംശയം. രാഷ്ട്രീയപാർട്ടികളിൽ വിശ്വാസം ഉണ്ടായാൽ വിവേചനബുദ്ധി നശിക്കുമോ? പാർട്ടി പ്രവർത്തകരെക്കുറിച്ചല്ല, പാർട്ടി വിശ്വാസികളെക്കുറിച്ചാണു പ്രധാനമായും എൻറെ ചോദ്യം. ചോദ്യം ഇഷ്ടപ്പെടാത്തവർ ക്ഷമിക്കണം. പക്ഷേ, ഇങ്ങനെ ചോദിക്കാനൊരു കാരണമുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വം ചിലപ്പോഴെങ്കിലും സാമാന്യബോധത്തിനു നിരക്കാത്ത തീരുമാനങ്ങൾ എടുക്കാറുണ്ട്. ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ രാഷ്ട്രീയപശ്ചാത്തലത്തിൽ അങ്ങിനെയുള്ള തീരുമാനങ്ങൾ അനിവാര്യമാകുന്നതാകാം. തീരുമാനം എടുക്കുന്നവർക്കേ അതറിയാൻ കഴിയൂ. പക്ഷേ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പകൽ വെളിച്ചം പോലെ, തീർത്തും വ്യക്തമായി അബദ്ധമെന്നു പറയാൻ കഴിയുന്ന ചില രാഷ്ട്രീയതീരുമാനമാനങ്ങൾ ഉണ്ടാകാറുണ്ടല്ലോ? ഇങ്ങനെയുള്ള ചില രാഷ്ട്രീയകാര്യങ്ങളെപ്പറ്റി സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ, താൻ വിശ്വസിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ നിലപാട് എത്ര അബദ്ധജടിലമാണെങ്കിലും അതിനെ സകല ശക്തിയുമെടുത്ത്‌ ന്യായീകരിക്കുന്ന പ്രവണതയാണ് പലരും പ്രകടിപ്പിച്ചു കണ്ടിട്ടുള്ളത്. ഇതു തന്നെയാണ് പലപ്പോഴും ചാനൽ ചർച്ചകളിലും കാണാൻ കഴിയുന്നത്. വിഷയത്തിലെ ശരി തെറ്റുകളല്ല, പാർട്ടിയോടോ ഏതെങ്കിലും നേതാവിനോടോ ഉള്ള അന്ധമായ വിശ്വാസമാണ് ഇങ്ങനെയുള്ളവരെ നയിക്കുന്നത്. നിരക്ഷരകുക്ഷികളുടെ കാര്യമല്ല, നല്ല വിദ്യാഭ്യാസവും അറിവും ഉള്ളവരുടെ കാര്യമാണിപ്പറഞ്ഞത്. ആരുടെയൊക്കെയോ ആശയങ്ങളുടെയും ചിന്തകളുടെയും അടിമകളായി പെരുമാറുന്നവർക്കു, വിവേചനബുദ്ധി ഉണ്ടെന്നു പറയാൻ കഴിയില്ലല്ലോ? ഈശ്വരവിഷയത്തിലെന്ന പോലെ തന്നെ, അന്ധമായ വിശ്വാസത്തിലാണ് ഇന്നത്തെ രാഷ്ട്രീയവും നിലനിൽക്കുന്നതെന്നു തോന്നിപ്പോകുന്നു. പാർട്ടി ഏതുമായിക്കോട്ടെ, തെറ്റായ ഒരു പ്രവൃത്തി കണ്ടാൽ, രഹസ്യമായെങ്കിൽപ്പോലും, അതു തെറ്റാണെന്നു പറയാനുള്ള ആർജ്ജവമില്ലാത്ത രാഷ്ട്രീയവിശ്വാസികളെക്കൊണ്ട്, ആർക്കെന്തു ഗുണം? എതിർകക്ഷിക്കാരൻ ചെയ്യുന്ന നല്ല കാര്യത്തെ തള്ളിപ്പറയാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ നാലിലൊന്നുത്സാഹമെങ്കിലും സ്വന്തം പാർട്ടിയുടെ വീഴ്ചയെ ചൂണ്ടിക്കാട്ടുവാൻ രാഷ്ട്രീയവിശ്വാസികൾ കാണിച്ചിരുന്നെങ്കിൽ സമൂഹത്തിനതെത്ര ഗുണപ്രദമായേനെ.

May 24, 2017

എം.ടി. യുടെ 'രണ്ടാമൂഴം' സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദത്തിൽ ഞാനും ഒരഭിപ്രായം പറഞ്ഞോട്ടെ.

മഹാഭാരതകഥയെ അവലംബമാക്കി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളുള്ളതിൽ, നല്ലൊരു കൃതിയാണ് എം.ടി. യുടെ 'രണ്ടാമൂഴം'. രണ്ടാമൂഴത്തിൽ രാഷ്ട്രീയമൊന്നുമില്ല. ഒരു ഇതിഹാസകഥാപാത്രത്തെ വച്ചുകൊണ്ടു സുന്ദരമായ ഒരു ഭാവനാലോകം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നുവെന്നുമാത്രം. ആ നോവലിന്റെ പുരാണപ്രപഞ്ചവും ഭാവനയും ചാരുതയും ഒന്നും നഷ്ട്ടപ്പെടാത്ത വിധത്തിൽ, കഴിവുള്ള ഒരു സംവിധായകർ അതൊരു സിനിമയാക്കണം. കാശുണ്ടെങ്കിൽ 'ബാഹുബലി' പിടിച്ച പോലെ പിടിച്ചു മനുഷ്യരെയും സന്തോഷിപ്പിച്ചു, പലതലമുറകൾക്കുള്ള കാശും സമ്പാദിക്കട്ടെ. നല്ല കാര്യമാണ്. പക്ഷെ സിനിമയുടെ പേര് 'രണ്ടാമൂഴം, The second attempt' എന്നേ ആകാവൂ, 'മഹാഭാരതം' എന്നാകരുത്.

ഭാരതത്തിനുള്ളിലും വെളിയിലും എം.ടി.യെപ്പോലെ നൂറുകണക്കിന് എഴുത്തുകാർക്കും കവികൾക്കും കലാകാരന്മാർക്കും ജീവിതകാലം മുഴുവൻ എഴുതാനും വരയ്ക്കാനും കളിയ്ക്കാനും ജീവിക്കാനുമൊക്കെയുള്ള പ്രചോദനവും സ്രോതസ്സുമായ ബൃഹത് കൃതിയാണ് വ്യാസന്റെ 'മഹാഭാരതം'. ഇത് വെറുമൊരു സാഹിത്യകൃതിയല്ല, ഈ നാടിന്റെ സംസ്കാരപൈതൃകം തന്നെയാണ്. ലോകമുള്ളിടത്തോളം കാലം മനുഷ്യർ അവരുടെ നിലനിൽപ്പിനായി ഈ കൃതിയെ ഏതെങ്കിലും വിധത്തിൽ ആശ്രയിച്ചുകൊണ്ടേയിരിക്കും. സത്യസന്ധതയും ആത്മാഭിമാനവും ഉള്ള ഒരെഴുത്തുകാരനും മറ്റൊരുവന്റെ കൃതി തന്റേതാണെന്നു പറയില്ല; മറ്റൊരുവന്റെ കൃതിയുടെ പേര് തന്റെ കൃതിയ്ക്കു ചാർത്തി അനർഹമായ ലാഭം സമ്പാദിക്കാൻ തയ്യാറാകില്ല. 'രണ്ടാമൂഴം' സിനിമയ്ക്കു 'മഹാഭാരതം' എന്നു പേരിട്ടാൽ അതിനെ ആദ്യം എതിർക്കേണ്ടത് എം.ടി.യാണ്;മറ്റാരുമല്ല. അതദ്ദേഹം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. 'കട്ടപ്പ, ബാഹുബലിയെ കൊന്നതെന്തിനാണെ'ന്ന ഒരൊറ്റ ചോദ്യം കൊണ്ട് കോടികൾ വാരിയതുപോലെ' രണ്ടാമൂഴത്തി'നും വേണ്ടേ ഒരു പരസ്യമൊക്കെ? ഈ വിവാദമൊക്കെ അതിനുവേണ്ടിയാണെന്നു കരുതിയാൽ മതി.


May 18, 2017

ഒരു സ്വാമിജിയുടെ പ്രഭാഷണത്തിൽ കേട്ടതാണ്; 'കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ എണ്ണയാണ് പലരും ദേവൻറെ മുൻപിൽ വിളക്കു കത്തിക്കാനുപയോഗിക്കുന്നത്. ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകളും നാണയങ്ങളും കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്ന ഭക്തശിരോമണികളും ഉണ്ട്. ഇതൊന്നും ശരിയല്ല'

എന്തുകൊണ്ട് ശരിയല്ലെന്നു നോക്കാം. ഒരു ദേവനും ദേവിയും ഞങ്ങളുടെ വിഗ്രഹങ്ങളെ കുളിപ്പിക്കണമെന്നോ, ഞങ്ങൾക്കു അഭിഷേകം ചെയ്യണമെന്നോ, ഞങ്ങളെ വിവിധ വർണ്ണങ്ങളിലുള്ള ഉടയാടകൾ ഉടുപ്പിക്കണമെന്നോ, ഞങ്ങളുടെ മുൻപിൽ വിളക്കു കത്തിക്കണമെന്നോ നാളിതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു കൊച്ചു കുഞ്ഞും അമ്മയോടെന്നെ കുളിപ്പിച്ചൊരുക്കി, പൊട്ടിട്ടു സുന്ദരിയാക്കണമെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല. എന്നാൽ നമ്മൾ ഇതൊക്കെ ചെയ്യുന്നുണ്ടുതാനും. കുഞ്ഞിനു മനസ്സിലാക്കാൻ കഴിയാത്ത ഈ 'കുഞ്ഞൊരുക്കലി' ൽ സന്തോഷിക്കുന്നതാരാണ്? അമ്മയും അച്ഛനും മറ്റുള്ളവരും. അതായത് നമ്മുടെ സന്തോഷത്തിനായിട്ടാണ് നമ്മൾ കുഞ്ഞുങ്ങളെ ഒരുക്കുന്നത്, അവരുടെ സന്തോഷത്തിനായിട്ടല്ല. ഇതു തന്നെയാണ് ഈശ്വരന്റെ കാര്യത്തിലും സംഭവിക്കുന്നത്. കുഞ്ഞിനെ ഒരുക്കുന്നത് തികച്ചും നിസ്വാർത്ഥപരമാണെങ്കിൽ ഈശ്വരനെ ഒരുക്കുന്നതിൽ അൽപ്പം സ്വാർത്ഥയുണ്ടെന്നുള്ള വ്യത്യാസമേയുള്ളൂ. എങ്കിൽപ്പോലും ആത്മീയപരമായി ചിന്തിക്കുമ്പോൾ ഈശ്വരനോടുള്ള ഈ സ്നേഹപ്രകടനം നല്ലതുതന്നെ. ആത്മാർത്ഥമായാണ് ഇപ്രവൃത്തി ചെയ്യുന്നതെങ്കിൽ, ഭക്തന്റെ മനസ്സിനു വളർച്ചയുണ്ടാകും. ദേവനായിക്കോട്ടെ, മനുഷ്യനായിക്കോട്ടെ, മറ്റിതര ജന്തുക്കൾക്കായിക്കോട്ടെ; നമ്മൾ ചെയ്യുന്നതെന്തും തികഞ്ഞ ആത്മാർത്ഥതയോടെയാകണം എന്നു പറയുന്നത് മനസ്സിന്റെ ഈ വികാസത്തിനെ ലക്ഷ്യം വച്ചാണ്.

അറിഞ്ഞുകൊണ്ട് നമ്മുടെ കുഞ്ഞിനു നമ്മൾ പഴകിയ പാൽ വാങ്ങിക്കൊടുക്കുമോ? ഇല്ല. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പാലേ നാം കുഞ്ഞിനു വാങ്ങി കൊടുക്കൂ. ഭക്തന്റെ ഈശ്വരനോടുള്ള പ്രേമവും ഇതുപോലെയാകണം. നാം കൊടുക്കുന്നതിൽ സന്തോഷിക്കുകയോ, കൊടുക്കാത്തതിൽ പരിഭവിക്കുകയോ ചെയ്യുന്ന ആളൊന്നുമല്ല ഈശ്വരൻ. ഈശ്വരനിതിനൊക്കെ അതീതനാണ്. അതുകൊണ്ട്, ഈശ്വരനെന്തു വിചാരിക്കും എന്നു ചിന്തിച്ചു ഭക്തനൊന്നും തന്നെ ഈശ്വരനുവേണ്ടി ചെയ്യേണ്ടതില്ല. പക്ഷെ ഭക്തന്റെ മനസ്സിന് വളർച്ചയും സംസ്കാരവും ഉണ്ടാകണമെങ്കിൽ ഈശ്വരനോടും പ്രകൃതിയോടുമുള്ള പ്രേമം അങ്ങേയറ്റം ആത്മാർത്ഥമായിരിക്കണം. വിലകുറഞ്ഞ വസ്തുക്കൾ നൽകി ഈശ്വരനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ഭക്തൻ സ്വയം കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങിനെ ചെയ്യുന്നതിലൂടെ ഉള്ളിലെ ഇരുട്ടിനെ അകറ്റുകയല്ല, കൂടുതൽ കടുപ്പിക്കുകയാണ് "ഭക്തൻ" ചെയ്യുന്നത്.


May 7, 2017·

സങ്കൽപ്പങ്ങളും അവയുടെ സാക്ഷാത്ക്കാരവുമാണ് ജീവിതം. പലരുടെയും സങ്കല്പങ്ങൾ ഒന്നു തന്നെയാകാം; പക്ഷേ അവ എങ്ങിനെ സാക്ഷാത്ക്കരിക്കപ്പെടുന്നു എന്നതിലാണ് വ്യക്തിയുടെ കഴിവു പ്രകടമാകുന്നത്. വ്യക്തിയുടെ പ്രതിഭയ്ക്കനുസരിച്ചു ഒരേ സങ്കൽപ്പത്തെത്തന്നെ വളരെ വികലമായും അത്യുജ്ജ്വലമായും പ്രകടിപ്പിക്കാം. പറഞ്ഞുവന്നത് 'ബാഹുബലി'യെക്കുറിച്ചാണ്. ഇന്ത്യൻ സിനിമയിൽ പലരും പലവട്ടം പയറ്റിയിട്ടുള്ള വെറും സാധാരണമായ ഒരു പ്രമേയം. പക്ഷേ രാജമൗലി അതിനെ അസാധാരണ മികവോടെ ഒരു ദൃശ്യവിസ്മയമാക്കി മാറ്റിയിരിക്കുന്നു. അത്ഭുതം എന്ന വികാരമാണ് ആ സിനിമ ജനിപ്പിക്കുന്നത്. ഇതിനേക്കാൾ വലിയ അത്ഭുതങ്ങൾ ലോകസിനിമകളിൽ ഉണ്ടാകും. അങ്ങിനെ പലതും ലോകത്തിലുണ്ടാകുമെങ്കിലും നമ്മുടെ വീട്ടുമുറ്റത്തതു സംഭവിക്കുമ്പോഴാണതിന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിയുന്നത്. വേണമെങ്കിൽ ബൗദ്ധികതലത്തിൽ ചിന്തിച്ചു കുറെ കുറ്റങ്ങളൊക്കെ കണ്ടു പിടിച്ചുപറയാം. പക്ഷേ, എനിക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നിനെ മറ്റൊരാൾ അതിഗംഭീരമായി സാക്ഷാത്ക്കരിക്കുയാണെങ്കിൽ ആ പ്രതിഭയെ പ്രശംസിച്ചേ കഴിയൂ. എന്റെ സങ്കൽപ്പത്തിലുള്ള ഒരു രാവണനെയോ ഭീമനെയോ നളനെയോ ഒരു കഥകളി കലാകാരൻ എനിക്കനുഭവവേദ്യമാക്കിത്തരുമ്പോൾ ഉണ്ടാകുന്ന അതേ ആനന്ദമാണ് ഇന്നു 'ബാഹുബലി' കണ്ടുകഴിഞ്ഞപ്പോൾ എനിക്കുണ്ടായത്. അതാണ് കലയുടെ മഹത്വം. 'ബാഹുബലി' എന്ന ബ്രഹ്‌മാണ്ഡവിസ്മയത്തെ സാക്ഷാത്ക്കരിച്ച രാജമൗലിക്കും മറ്റു കലാകാരന്മാർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !

May 5, 2017

ഇന്നത്തെ കേരളസംഭവവികാസങ്ങൾ ടീവീയിൽ കണ്ടുകൊണ്ടിരിക്കയായിരുന്നു. അതു ചർച്ച ചെയ്യേണ്ട. ഇന്ന് തന്നെ വന്ന മറ്റൊരു വാർത്തയെടുക്കാം. ഭാഗ്യത്തിന് വാർത്തയ്ക്കു നമ്മുടെ നാട്ടിൽ പഞ്ഞമില്ലല്ലോ?

നമ്മുടെ രാജ്യത്തെ 434 നഗരങ്ങളുടെ ശുചിത്വനിലവാരം പ്രസിദ്ധീകരിച്ചതിൽ 254 മുതൽ 380 വരെയുള്ള സ്ഥാനങ്ങളിലാണ് കേരളത്തിലെ 9 നഗരങ്ങൾ സ്ഥാനം പിടിച്ചത്. കോഴിക്കോട്-254, കൊച്ചി-271, പാലക്കാട്-286, ഗുരുവായൂർ-306, തൃശൂർ - 324, കൊല്ലം-365, കണ്ണൂർ-366, തിരുവനന്തപുരം-372, ആലപ്പുഴ-380. കേരളത്തിലെ മറ്റു നഗരങ്ങൾ 434 നുള്ളിലും വരുന്നില്ല. എൺപതുകളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്ന തിരുവനന്തപുരം ഇന്ന് 372-)o സ്ഥാനത്ത്! അന്നൊക്കെ വൃത്തിഹീനതയുടെ പര്യായങ്ങളായിരുന്ന പല ഇതര സംസ്ഥാന നഗരങ്ങളും വൃത്തിയുടെ കാര്യത്തിൽ വളരെ മുൻപിൽ വന്നിരിക്കുമ്പോഴാണ് ദിവസം രണ്ടു പ്രാവശ്യം കുളിക്കുന്ന മനുഷ്യരുള്ള നമ്മുടെ നാടിന്റെ ഈ പോക്ക്. 'കേന്ദ്രസർക്കാർ കേരളത്തെ വിലകുറച്ചു കാണിക്കാനുപയോഗിക്കുന്ന കുതന്ത്ര'ത്തിന്റെ ഭാഗമാണിതെന്നൊക്കെ പറഞ്ഞു നമുക്കു തൽക്കാലം സമാധാനിക്കാമെങ്കിലും അതൊന്നുമല്ലല്ലോ കാര്യം?

ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ വിദേശ ദമ്പതികളോടു ഞാൻ ചോദിച്ചു, എങ്ങിനെയുണ്ട് ഞങ്ങളുടെ നാട്? അവർ പറഞ്ഞു, യൂറോപ്പിലുള്ളതുപോലെയുള്ള പല സൗകര്യങ്ങളും ഇവിടെയില്ല. പക്ഷെ മുൻപും പലവട്ടം ഇവിടെ വന്നിട്ടുള്ള ഞങ്ങൾക്ക് അതൊന്നും വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ആളുകളൊക്കെ നല്ല സ്നേഹമുള്ളവരാണ്. പക്ഷെ, ഇവിടെ ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതിൽ അതൃപ്തിയുണ്ട്. മുനിസിപ്പാലിറ്റി വച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ മാലിന്യം ഇടാതെ അതു ദൂരെനിന്നും വലിച്ചെറിയുന്നതു ഞങ്ങൾ കണ്ടു. ആ മാലിന്യമെല്ലാം ബിന്നിന്റെ ചുറ്റുവട്ടത്തു വീണു വൃത്തികേടായി പന്നിയും പട്ടിയും കോഴിയും കാക്കയുമെല്ലാം കൂടി അവിടെല്ലാം വൃത്തികേടാക്കുന്നു. അതു ബിന്നിൽ കൊണ്ടിട്ടാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ?

ഒരു പ്രദേശത്തിന്റെ വൃത്തിയും അവിടെ ജീവിക്കുന്നവരുടെ മനസ്സിന്റെ വൃത്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അങ്ങിനെയാണെങ്കിൽ, കേരളമനസ്സു കാലക്രമേണ വൃത്തികേടാകുകയാണെന്നു പറഞ്ഞാൽ തെറ്റുണ്ടാകില്ല. എങ്കിലതു കഷ്ടമാണ്. ഈ പോക്കു തടയാനുള്ള പല വഴികളും പലരും പറയുന്നുണ്ട്. ബോധവൽക്കരണമാണ് വേണ്ടതെന്നാണ് പലരും പറയുന്നത്. എനിക്കു തോന്നുന്ന വഴി, ആത്മീയ വഴിയാണ്. സ്വാർത്ഥത കൂടുമ്പോഴാണ് മനസ്സിലും ചുറ്റിലും മാലിന്യം കുന്നുകൂടുന്നത്. ബോധമില്ലാഴ്മകൊണ്ടാണ് പ്രകൃതിയെ മറന്നു പ്രവൃത്തിക്കുന്നത്. ആത്മീയതയിലൂടെ ബോധമാർജ്ജിക്കാൻ കഴിഞ്ഞാൽ മനസ്സിലെ മാലിന്യം നീങ്ങിക്കിട്ടും. തന്റെ കുപ്പ വലിച്ചെറിയാനുള്ളതല്ല ചുറ്റുവട്ടങ്ങൾ എന്നപ്പോൾ ബോദ്ധ്യമാകും. അതോടെ നമ്മുടെ നാടും നഗരവും വൃത്തിയായിക്കൊള്ളും.

April 22, 2017

"ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലാ, ഞാനും കുടുംബവും പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കി സുരക്ഷിതരായി ഇരിപ്പാണ്, എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നു പറയാതെ തരമില്ല. സ്വന്തം ഭൂമിയുടെയും സംസ്കാരത്തിന്റെയും അതിരുകൾ ചുരുങ്ങി ചുരുങ്ങി നിങ്ങളുടെ അടുക്കള വാതിലിലെത്തുമ്പോഴേക്കും നിങ്ങൾക്ക് ഒട്ടുമിക്കതും നഷ്ടമായിരിക്കും. ഒന്നുറക്കെ വിളിച്ചു കൂവാൻ പോലും ശക്തിയില്ലാത്തവരായികഴിഞ്ഞിരിക്കും നിങ്ങൾ ....."

ഇന്നലെ എനിക്കു കിട്ടിയ സമുദായവിഷയപരമായ ഒരു മെയിലിലെ ചിന്തനീയമായ ചില വാചകങ്ങളെ പൊതുവിഷയത്തിലേക്കായി അൽപ്പസ്വൽപ്പം മാറ്റത്തോടെ ഞാൻ എടുത്തെഴുതിയതാണ് മുകളിൽ.
ഇന്നത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ചിന്തയാണിത്. സമൂഹത്തിൽ എന്തു നടന്നാലെനിക്കെന്താ, എന്നെയും കുടുബത്തെയും ഇതൊന്നും ബാധിക്കില്ല. ഞങ്ങൾക്കു സുഖമായി ജീവിക്കാനുള്ള വകയും സൗകര്യവും ഉണ്ടല്ലോ?പിന്നെ ഇതിലൊക്കെ ഇടപെട്ടിട്ടെന്തു കാര്യം? ഇതൊന്നുമില്ലാത്ത കുറേ ആളുകൾ നാട്ടിലുണ്ടല്ലോ, അവരെന്താന്നു വച്ചാൽ ചെയ്യട്ടെ.കാൽക്കീഴിലെ മണ്ണെല്ലാം ഒലിച്ചു പോയി ഏതു സമയത്തും നിലംപൊത്താം എന്നറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന നമ്മളേക്കാൾ വിഡ്ഢികളായി ലോകത്തിൽ മറ്റാരാണുള്ളത്?

തിരുവന്തപുരത്തു സകലമാന പനിയും പടർന്നുപിടിക്കാൻ തുടങ്ങിയെന്നു വാർത്ത. ഡെങ്കി പല ജീവനും ഇതിനുള്ളിൽ അപഹരിച്ചു കഴിഞ്ഞു. ഡെങ്കി കൊതുകിനു കുപ്പ വാരുന്ന തൊഴിലാളിയെന്നോ ബീഹാറിയെന്നോ ശീതീകരിച്ച കാറിൽ ജീവിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെന്നോ മന്ത്രിയെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസൽമാനെന്നോ ഉള്ള വ്യത്യാസമില്ല. ചാൻസ് കിട്ടിയാൽ അവൻ ആരെയും കടിക്കും. രക്തം കൂടുതലുള്ളവരെ ശരിക്കും കടിക്കും. ഡെങ്കി കൊതുക്‌ വളരാതിരിക്കേണ്ടത് ജീവനിൽ കൊതിയുള്ള തൊഴിലാളിയുടെയും മുതലാളിയുടെയും എല്ലാ മതക്കാരുടെയും കാര്യമാണ്.

നദിയായ നദിയെല്ലാം നശിപ്പിച്ചു, ദാഹജലം കിട്ടാത്ത അവസ്ഥയിലേക്കു നാട് കൂപ്പുകുത്തുകയാണ്. എത്ര പണക്കാരനും പ്രതാപശാലിയുമാണെങ്കിലും വെള്ളം ഉണ്ടെങ്കിലല്ലേ കുടിക്കാൻ കിട്ടൂ? പണം കയ്യിൽ വച്ചുകൊണ്ടു ദാഹജലം കിട്ടാതെ മരിച്ചു വീഴേണ്ടി വരുന്ന ഗതികേടിനെക്കുറിച്ചു നമ്മൾ ഇപ്പോഴേ ചിന്തിയ്ക്കണം.

മുലപ്പാൽ മുതൽ അവസാനം ഇറ്റിച്ചു കൊടുക്കേണ്ട ഗംഗാജലം വരെ നാം ലാഭക്കൊതി മൂത്തു വിഷമയമാക്കി. ഇനിയെത്രനാൾ ഈ തീക്കളി കളിക്കാൻ കഴിയും? ദേവാലയങ്ങൾ വിട്ടു മതങ്ങൾ തെരുവിലിറങ്ങി, സമത്വവും സാഹോദര്യവും ഉപദേശിച്ച മഹാത്മാക്കളുടെ പേരിൽത്തന്നെ, കൈയേറ്റവും കൊള്ളയും കൊലയും പ്രോത്സാഹിപ്പിക്കുന്നു. ബോധഹീനരായ വിശ്വാസികൾ കാര്യമറിയാതെ ഇക്കൂട്ടരെ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കുകയാണ്. മൂന്നാറിലെ ഭൂമി കൈയ്യേറിയത് യേശുക്രിസ്തുവിനു വേണ്ടിയല്ലല്ലോ? സ്വന്തം ജീവിതം സുരക്ഷിതമാണെന്നുള്ള അബദ്ധധാരണയിലാണല്ലോ ഇതെല്ലാം മനുഷ്യർ ചെയ്തു കൂട്ടുന്നത്? ആ ധാരണ ശരിയാണോ? നമ്മുടെ ജീവിതം നമ്മൾ വിചാരിക്കുന്നത്ര സുരക്ഷിതമാണോ?

ഇതു തിരുത്താൻ ഒരേ ഒരു വഴിയേ ഉള്ളൂ. മനുഷ്യർ ബോധപൂർവം ചിന്തിയ്ക്കാൻ ശ്രമിക്കണം. ആത്മീയതയിലേക്കു തിരിയുകയാണതിന്നാവശ്യം. നാടും വീടും ഉപേക്ഷിച്ചു സന്യാസിയാകുന്ന ആത്മീയതയല്ല, ബാധ്യസ്ഥമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടു സമൂഹമദ്ധ്യത്തിൽ ജീവിക്കുന്ന കർമ്മയോഗജീവിതമാണ് നമുക്ക് വേണ്ടത്. ഈ ജീവകല നിങ്ങൾക്കു പകർന്നു നൽകുന്ന മഹനീയഗ്രന്ഥമാണ് ഭഗവത് ഗീത. ബോധമുണ്ടാകണമെന്നുള്ള ആഗ്രഹത്തോടെ ഗീത വായിച്ചു പഠിച്ചാൽ അതുണ്ടാകുക തന്നെ ചെയ്യും. ഇപ്പറയുന്നതിൽ മതപ്രചരണമൊന്നും ഇല്ല. കർമ്മത്തെ മഹത്വവൽക്കരിക്കുന്ന ഗീതാ സന്ദേശങ്ങൾ സാധാരണ മതചിന്തകൾക്കു മുകളിലാണ് നിലകൊള്ളുന്നത്. പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്ന ആർക്കും പഠിക്കാനും ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതാണ് ഭഗവത് ഗീതയും അതിലെ ലോകക്ഷേമകരമായ സന്ദേശങ്ങളും. ഇന്നത്തെ സമൂഹത്തിനതാണാവശ്യം.


April 21 ·

ഇന്നലത്തെ മൂന്നാർ കുരിശുമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ രസാവഹമാണ്. കുരിശെടുത്തു മാറ്റിയത് അങ്ങേയറ്റത്തെ അധാർമ്മിക പ്രവൃത്തിയാണെന്നും ക്രൈസ്തവസമുദായത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. സർക്കാർ ഭൂമി കയ്യേറ്റം ചെയ്തു സ്ഥാപിച്ച കുരിശ് അവിടെ നിന്നെടുത്തുമാറ്റിയതിൽ ഏറ്റവും സന്തോഷിക്കുന്നത് യേശുക്രിസ്തുവായിരിക്കുമെന്ന് നിരണം ഭദ്രാസനാധിപൻ. ഈ ധീരനടപടിക്കു മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇതിലാരാണ് സത്യക്രിസ്‌ത്യാനിയെന്നെനിക്കു സംശയമായി. രാവിലെ എണീറ്റ് മനോരമ പത്രം (ചെന്നൈ എഡിഷൻ) എടുത്തു നോക്കിയപ്പഴാ സംശയം മാറിക്കിട്ടിയത്. വാർത്ത ഇങ്ങനെയാണ് "....ഒരു ടെൺ ഭാരമുള്ള കുരിശാണ് എടുത്തു മാറ്റിയത്". ഒരു പരിധിക്കു മുകളിൽ ഭാരമുള്ള കുരിശാണെങ്കിൽ അത് എടുത്തു മാറ്റാൻ പാടില്ലെന്നു പത്രം പറയുന്നതുപോലെയാണ് എനിക്കു തോന്നിയത്. ആ സ്റ്റീൽ കുരിശു നല്ലപോലെ കോൺക്രീറ്റ് ചെയ്തു ഭൂമിയിൽ ഉറപ്പിച്ചതായിരുന്നു എന്നതു പത്രം കണ്ടില്ലെന്നു തോന്നുന്നു. കണ്ടിരുന്നെങ്കിൽ "..... സ്റ്റീലിൽ തീർത്തതും നല്ലപോലെ കാശുമുടക്കി, ആനപിടിച്ചാലും ഇളകാത്തവിധത്തിൽ സ്ഥാപിച്ചിരുന്നതുമായ ഒരു ടെൺ ഭാരമുള്ള കുരിശാണ് എടുത്തു മാറ്റിയത്" എന്നു വാർത്ത കൊടുക്കാമായിരുന്നു. അതായിരുന്നെങ്കിൽ വായിക്കുന്നവരുടെ ഹൃദയം കുറേക്കൂടി ആർദ്രമായേനെ.

ലക്ഷക്കണക്കിനു വിശ്വാസികളുടെ വികാരമാണ് കുരിശെന്നും അതെടുത്തു മാറ്റിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതും കേട്ടു. എന്തിനും വിലയുണ്ടാകുന്നത് അതിരിക്കേണ്ടിടത്ത് ഇരിക്കുമ്പോൾ മാത്രമാണ്. പള്ളിയിലും വിശ്വാസികളുടെ ഹൃദയത്തിലും ഇരിക്കേണ്ട കുരിശ് കൈയേറ്റഭൂമിയിലെ അധിനിവേശ സംസ്കാര ചിന്ഹമാകുമ്പോൾ അതിന്റെ മഹത്വം നഷ്ടപ്പെടും. അതാണ് നിരണം ഭദ്രാസനാധിപൻ പറഞ്ഞതിന്റെയര്ഥം. ഇത് കുരിശിന്റെ കാര്യത്തിൽ മാത്രമല്ല, ഏതു മതചിന്ഹങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്.


April 18, 2017

'സ്മാർട്നെസ്സി'ൻറെ കാലമാണിത്. സ്മാർട്ട് ഫോൺ, സ്മാർട്ട് കാർഡ്, സ്മാർട്ട് ഗെയിംസ്, സ്മാർട്ട് ചിപ്സ്, സ്മാർട്ട് ആപ്പ്, സ്മാർട്ട് ബൈ, സ്മാർട്ട് ബാൻഡ്, സ്മാർട്ട് ബോർഡ്, സ്മാർട്ട് വാച്ച്, സ്മാർട്ട് ഗേൾ, സ്മാർട്ട് ബോയ്......ഇന്റെർനെറ്റിലൊന്നു തിരഞ്ഞു നോക്കിയപ്പഴാ മനസ്സിലായത്, ചുക്കില്ലാത്ത കഷായമില്ലെന്നു പറയുമ്പോലെ, സ്മാർട്ടല്ലാത്ത ഒന്നുമേ ഇന്നില്ല ! യന്ത്രങ്ങൾ സ്മാർട്ടാകുന്നതു നല്ലതാണ്, പ്രവർത്തനശേഷി വർധിക്കും. പക്ഷേ, മനുഷ്യർ സ്മാർട്ടാകണമെങ്കിൽ യന്ത്രങ്ങൾക്കില്ലാത്ത മറ്റൊന്നു കൂടി വേണം. അതാണ് മനുഷ്യഗുണം അല്ലെങ്കിൽ മനുഷ്യത്വം. ബാക്കി ഏല്ലാമുണ്ടായിട്ടും ഇതൊന്നില്ലാത്തതാണ് ഇന്നത്തെ സകല പ്രശ്നങ്ങളുടെയും കാരണം. മനുഷ്യരിൽ മറഞ്ഞുകിടക്കുന്ന മനുഷ്യഗുണത്തെ ഉണർത്തുകയാണ് ആത്മീയപഠനങ്ങൾ ചെയ്യുന്നത്. ആദ്യത്തെ നോട്ടത്തിൽ ഇതിലൊന്നും വലിയ കഴമ്പില്ലെന്നു തോന്നും, പോകെപ്പോകെ മനസ്സിലാകും ഇതു മാത്രമേ കഴമ്പായിട്ടുള്ളൂ എന്ന്. ഈ ബോധം എത്ര ചെറുപ്പത്തിലേ നമ്മുടെ കുട്ടികൾ ആർജ്ജിക്കുന്നുവോ, അത്രമാത്രം സ്മാർട്ടാകും ഭാവിയിൽ അവർ. അതായിരിക്കും യഥാർത്ഥ 'സ്മാർട്നെസ്സ്'. അഞ്ചക്ക ശമ്പളത്തിനുള്ള പഠിത്തമൊക്കെ നല്ലതു തന്നെ, പക്ഷേ സ്മാർട്ടാകാൻ അതുമാത്രം പോരാ.


April 11, 2017

ഇന്നത്തെ "മനോരമ"ചെന്നൈ എഡിഷനിൽ വന്ന വാർത്ത. തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. ആർ. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിൽ നിന്ന്.

"പുതിയ തലമുറ ഹിന്ദുമതത്തിന്റെ അന്തസത്തയോ മഹത്വമോ അറിയാതെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവസംസ്കാരം കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. സ്വന്തം സമുദായത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ പഠിക്കാത്തവരാണു മിക്ക ഹൈന്ദവരും. ഈ അവസ്ഥക്ക് മാറ്റം വരുത്താൻ നായർ സമുദായാംഗങ്ങൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. T N S S ആദ്ധ്യാത്മിക പാഠശാലകൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വാം ബോർഡ് പ്രസിഡണ്ടു ശ്രീ. പ്രയാർ ഗോപാലകൃഷ്ണനും കുറച്ചു നാൾ മുൻപ് ഇതുതന്നെയാണ് പറഞ്ഞത്.

ഇവരുടെ രാഷ്ട്രീയം ഇവിടെ പ്രസക്തമല്ല. പക്ഷേ പറഞ്ഞ കാര്യം ശരിയാണ്. അമ്പലത്തിൽപോയി വഴിപാടും കഴിച്ചാൽ ഹിന്ദുവായെന്നു വിശ്വസിക്കുന്ന മാതാപിതാക്കളെങ്ങിനെയാണ് കുട്ടികൾക്കു ഹൈന്ദവസംസ്കാരം പറഞ്ഞുകൊടുക്കുന്നത്? ആരൊക്കെയോ പറയുന്ന എന്തൊക്കെയോ നേടാനായി ഇല്ലാത്ത കാശും മുടക്കി ഓടി നടക്കുന്നവരെങ്ങിനെയാണ് പുതിയ തലമുറയ്ക്കു സ്വന്തം മതസംസ്കാരം പകർന്നു കൊടുക്കുന്നത്‌? ചിന്തിച്ചാൽ വളരെ പരിതാപകരമായ സ്ഥിതിയാണ്. കാൽക്കീഴിലെ മണ്ണ് മൊത്തം ഒലിച്ചു പോകുന്നതിന് മുൻപ് വേണ്ടപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഇല്ലെങ്കിൽ വരും കാലങ്ങളിൽ ഹിന്ദുമതം എന്താണെന്ന് വല്ല സായിപ്പിനോടും ചോദിച്ചു മനസ്സിലാക്കേണ്ടി വരും. അതുണ്ടാകാതിരിക്കട്ടെ.

A pril 8, 2017  ·

ഒരുവനിലെ ആത്മീയത അളക്കാൻ ഒരളവുകോൽ ഉണ്ടാക്കണമെന്നു കുറേനാളായി ചിന്തിക്കുന്നു. ഒന്നിപ്പോൾ ഒത്തുവന്നതിവിടെ പങ്കുവക്കുന്നു. നിങ്ങളെ സംബന്ധിക്കുന്ന ഒരേ ഒരു ഫാക്ടർ (x) അറിഞ്ഞാൽ മതി, ഉടൻ തന്നെ നിങ്ങളുടെ ആത്മീയനിലവാരം എത്രയാണെന്ന് മനസ്സിലാക്കാൻ കഴിയും.

പ്രകൃതിയോടും സഹജീവികളോടുമുള്ള സ്നേഹത്തിനെയാണ് ആത്മീയത എന്ന് ഇവിടെ വിവക്ഷിച്ചിരിക്കുന്നത്. സ്വന്തം കാര്യങ്ങളോടു, പ്രത്യേകിച്ചും സ്വന്തം മക്കളോടു നമുക്കുള്ള സ്നേഹം പൂർണ്ണമാണ്; അതായത് 100 %. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സ്വന്തമല്ലാത്തതിനോട് നമുക്കുള്ള സ്നേഹം (x) എത്ര ശതമാനമാണെന്നറിഞ്ഞാൽ നമ്മുടെ ആത്മീയനിലവാരം അറിഞ്ഞു കഴിഞ്ഞു.

ഒരുദാഹരണം മാത്രം പറയാം. പ്ലസ് ടു (+2) കഴിഞ്ഞ നിങ്ങളുടെ മകന് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനുവേണ്ടി (ഇതിലും ശക്തമായ മറ്റൊരു ചിന്ത ഇക്കാലത്തെ മനുഷ്യർക്കില്ല) നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതക്കു 100 പോയിന്റ്. മോനേക്കാൾ മിടുക്കനും എന്നാൽ ബന്ധുവല്ലാത്തതും നിർദ്ധനനുമായ മറ്റൊരു കുട്ടിക്ക് ഈ അഡ്മിഷൻ കിട്ടാൻ പണവും ശക്തിയും ഉപയോഗിക്കുന്നതിൽ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥത, x. ഇനി സമവാക്യത്തിലിട്ടു നോക്കിക്കോളൂ. മിക്കവാറും ശതമാനം വളരെ മോശമായിരിക്കാനേ വഴിയുള്ളൂ. പൂജ്യം % ആണെങ്കിൽ നിങ്ങൾക്കു മനുഷ്യനെന്ന പേരു തന്നെ ചേരില്ലെന്നു പറയാം. 50% നു മുകളിലാണെങ്കിൽ മനുഷ്യത്വം ധാരാളമുള്ളയാളാണ് നിങ്ങൾ. 90 % നു മുകളിലായാൽ നിങ്ങൾ മഹാനായി വാഴ്ത്തപ്പെടും. 100 % കിട്ടുന്നതത്ര ഈസിയല്ല, കാരണം അതുകിട്ടിയാൽ നിങ്ങൾ ദൈവമാകും.

ഈ സമവാക്യപ്രകാരം ഇക്കണ്ട കാലമെല്ലാം അമ്പലത്തിൽ (ഏതു ദേവാലയവും ആകാം) പോയതും അന്നദാനം കഴിച്ചതും വളരെ ചിലവുള്ള പൂജകൾ നടത്തിയതുമെല്ലാം ആത്മാർത്ഥമായിട്ടായിരുന്നുവെങ്കിൽ അത് "x" ൽ പ്രതിഫലിച്ചു, നിങ്ങളുടെ ആത്മീയതയുടെ നിലവാരം ഉയർന്നതാണെന്നു കാണിക്കും. മറിച്ചു, ഇതൊക്കെ ചെയ്തതു് സ്വന്തം കാര്യം മാത്രം ചിന്തിച്ചായിരുന്നുവെങ്കിൽ അതും "x" ൽ പ്രതിഫലിച്ചു, നിങ്ങളുടെ ആത്മീയതയുടെ അളവ് വളരെ കുറഞ്ഞതാണെന്നു വെളിപ്പെടുത്തും.

ഈ സമവാക്യം ഉണ്ടാക്കിക്കഴിഞ്ഞു, അതിലിട്ടു നോക്കിയപ്പഴാ മനസ്സിലായത്, എന്റെ ആത്മീയതയും അത്ര മികച്ചതൊന്നുമല്ല! പൂജയ്‌ക്കും നേർച്ചയ്ക്കും ഒന്നും പോകാത്തതുകൊണ്ട് ആ കാശു ലാഭമായെന്നു മാത്രം. പക്ഷേ അതവിടെ ചെല്ലുമ്പോൾ ചിത്രഗുപ്തൻ കണക്കു പറഞ്ഞു മേടിച്ചോളും!!


March 22, 2017

ആത്മീയതയെന്നതു ലൗകികജീവിതം നയിക്കുന്ന മനുഷ്യർക്കു ബാധകമായ കാര്യമല്ല, സർവ്വസംഗപരിത്യാഗികളായ സന്യാസികളുടെ വിഷയം മാത്രമാണെന്നൊരു അബദ്ധധാരണ നമ്മുടെ സമൂഹങ്ങളിൽ വളരെ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. ഈശ്വരവിഷയങ്ങൾ പഠിച്ചു മനസ്സിലാക്കി അതിനനുസരിച്ചു ജീവിക്കുന്നതിനേക്കാൾ കൂടുതൽ പേർക്കും ഇഷ്ട്ടം ആരെങ്കിലുമൊക്കെ പറയുന്ന എന്തെങ്കിലുമൊക്കെ ചെയ്ത് എളുപ്പവഴികളിൽ കൂടി ഈശ്വരാനുഗ്രഹം നേടുന്നതിനാണ്. കാലാകാലങ്ങളായി ആത്മീയവിഷയങ്ങൾ പഠിക്കാനും ഗ്രഹിക്കാനും അവകാശമില്ലാതെ വളർന്ന മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവജനത ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കേണ്ടതില്ല. കാലമൊക്കെ മാറി, ആത്മവിഷയത്തിൽ താൽപ്പര്യമുള്ള ആർക്കും അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഇന്നൊരു തടസ്സവുമില്ല. ഭഗവത് ഗീത ഒരു വട്ടം മനസ്സിരുത്തി പഠിച്ചാൽ മതി, ആത്മവിഷയത്തിലെ സംശയങ്ങൾ മാറിക്കൊള്ളും. ഇന്നത്തേതിലും നല്ലൊരു മനുഷ്യനായി ജീവിച്ചു മരിക്കുകയും ചെയ്യാം. അതാകട്ടെ ഇനിയത്തെ ലക്‌ഷ്യം.

March 18, 2017

അൻപത്തിയാറു വയസ്സുള്ള, തത്വചിന്തയിലൊക്കെ സാമാന്യം താൽപ്പര്യം പ്രകടിപ്പിക്കാറുള്ള, ശാസ്ത്രഗവേഷകനായ എന്റെ സുഹൃത്തിനോട് ഞാൻ ചോദിച്ചു; ഭഗവത് ഗീതയെക്കുറിച്ച് ഞാനെഴുതുന്നതു വായിക്കാറുണ്ടോ? അദ്ദേഹം ഒരു ചെറു ചിരിയോടു പറഞ്ഞു,'ഇല്ല, അത്രക്കു പ്രായം ഒന്നും ആയിട്ടില്ലല്ലോ? വരട്ടെ, നോക്കാം ". ഞാൻ പറഞ്ഞു, 'ഇല്ലാശാനേ, നിങ്ങൾ കരുതുന്നതുപോലുള്ള യുക്തിരഹിതമായ ആത്മീയതയൊന്നുമല്ല ഞാൻ എഴുതിക്കൊണ്ടിരുന്നത്. ശാസ്ത്രബോധത്തിനു നിരക്കുന്നതേ ഞാൻ എഴുതാറുള്ളു, ഒന്ന് വായിച്ചു നോക്ക്'. അദ്ദേഹത്തിൻറെ മറുപടി, 'എന്തായാലും ഗീതയാണല്ലോ എഴുതുന്നത്. റിട്ടയർമെന്റ് കഴിയട്ടെ, അപ്പൊ നോക്കാം".

ഭഗവത് ഗീത പഠിച്ചാൽ ലൗകിക ജീവിതം വിട്ടു സന്യാസിയായിപ്പോകും എന്നു ബുദ്ധിമാനായ എന്റെ സുഹൃത്ത് പോലും ഭയക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ? ഇതിലൊക്കെ എന്താണ് എഴുതിയിരിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ, ആരോ ഒക്കെ പറഞ്ഞും പ്രചരിപ്പിച്ചും വരുന്നതാണ് ഹിന്ദുവിന്റെ ആത്മീയത എന്ന് ധരിച്ചുവശായിരിക്കയാണ് ബുദ്ധിമാന്മാർ പോലും. ഭഗവത് ഗീത പഠിച്ചാൽ ബോധമുണരും. അത്രതന്നെ. അതത്ര മോശമായ കാര്യമാണോ? അറുപതു വയസ്സ് കഴിഞ്ഞു മാത്രം ബോധമുണർന്നാൽ മതിയോ? ഈ വിഡ്ഢിത്ത ചിന്തയിൽ നിന്നും നമ്മൾ എന്നാണു കരകയറാൻ പോന്നത്?


February 23 ·

എന്നോടു പലരും ചോദിക്കാറുണ്ട്, 'ഔദ്യോഗികമായ തിരക്കുകൾക്കിടയിലും സാറിനെങ്ങിനെയാണ് ഗഹനമായ ഗീതാ വിഷയം പഠിച്ചു ആഴ്ചതോറും എഴുതാനും അതൊക്കെ നിരവധി ഗ്രൂപ്പുകളിലേക്കു പോസ്റ്റ് ചെയ്യാനും സമയം കണ്ടെത്തുന്നത്? ഉത്തരം ലളിതമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും നിരവധി സഹായസഹകരണങ്ങൾ കൊണ്ട് ജീവിക്കുന്ന മനുഷ്യനാണ് ഞാൻ. ഇതൊന്നുമില്ലെങ്കിൽ ഞാനും ഇല്ല. സമൂഹത്തിൽ നിന്നും എടുക്കുന്നത്ര തിരിച്ചു കൊടുക്കാൻ കഴിയില്ലെങ്കിലും എന്നാൽ കഴിയുന്ന എന്തെങ്കിലുമൊക്കെ സമൂഹത്തിനു തിരിച്ചു നൽകേണ്ടതെന്റെ കടമയാണ്, ബാദ്ധ്യതയാണ്‌. എനിക്കറിയാവുന്നതും ഇന്നത്തെ സാഹചര്യത്തിൽ എനിക്കു ചെയ്യാൻ കഴിയുന്നതും എഴുത്താണ്; എഴുത്തിലൂടെ മനുഷ്യമനസ്സുകളെ ബോധപൂർവം ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ഭഗവത് ഗീത ഈ സദുദ്ദേശത്തിനു സഹായകമാണ്. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ സമയം കണ്ടെത്തേണ്ടതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ചെറുതെങ്കിലും ഈ സാമൂഹ്യസേവനവും. സമൂഹത്തിനായി പലതും ചെയ്യാൻ പലർക്കും സമയമുണ്ടെന്നതാണ് സത്യം. ഇല്ലാത്തതു മനസ്സാണ്. ശരിയല്ലേ? ഓരോരുത്തരും അവരവർക്കു ചെയ്യാൻ കഴിയുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്‌താൽ മതി. അതെല്ലാം ചേർന്ന്‌ സമൂഹത്തിൽ വളരെ വലുതായി പ്രതിഫലിക്കും. അതിന്റെ ഗുണം നമുക്കെല്ലാവർക്കും തന്നെ അനുഭവിക്കാനും കഴിയും. അതാകട്ടെ നമ്മുടെ ലക്‌ഷ്യം.

എല്ലാവർക്കും ശിവരാത്രി ആശംസകൾ നേരുന്നു.


January 17, 2017

വേലകളി

അമ്പലപ്പുഴയുടെ പ്രതാപം കത്തിനിന്ന കാലത്തിന്റെ അനുഷ്ട്ടാനകലാസൃഷ്ടിയാണ് വേലകളി. യുദ്ധം യജ്ഞമാക്കിയ ആര്യപാരമ്പര്യത്തിന്റെ സ്ഥാനത്തു, അതിനെ നൃത്തമാക്കി ഇഷ്ടദൈവാരാധന നടത്തിയ ദ്രാവിഡ പാരമ്പര്യത്തിന്റെ ഇങ്ങേത്തലയാണ് വേലകളി. ദേവനാരായണന്മാരുടെ പടനായകന്മാരായ മാത്തൂർ പണിക്കന്മാരാണ് വേലകളിയുടെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. പ്രത്യക്ഷദൈവമായ രാജാവിന്റെ തിരുമുൻപിൽ പടയാളികൾ നടത്തുന്ന അഭ്യാസപ്രകടനത്തെ അനുഷ്ട്ടാനവൽക്കരിച്ചു ദേവിയുടെ മുൻപിൽ നൃത്തമായി അവതരിപ്പിക്കുകയാണ് വേലകളിയിൽ. അതുകൊണ്ടാണ് തിരുമുൻപിൽ വേല അതിന്റെ പ്രധാനദൃശ്യമായത്. വിദേശശക്തികളടക്കം ശത്രുക്കളോടും ആറുകളും തോടുകളും പാടങ്ങളും നിറഞ്ഞ രാജ്യത്തിന്റെ ഭരണനിർവഹണത്തിനും ദേവനാരായണന്മാർ ജലസൈന്യത്തിനു കൊടുത്തിരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് വേലകളിയുടെ ഭാഗമായ കുളത്തിൽ വേല. മാർത്താണ്ഡവർമ്മ മഹാരാജാവ് അമ്പലപ്പുഴ പിടിച്ചെടുത്തതോടെ വേലകളി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവിതാംകൂറിൽ പലേടത്തും ഉത്സവചടങ്ങായി അംഗീകരിക്കപ്പെട്ടു.

തെക്കൻ കഥകളിയെ രൂപപ്പെടുത്തിയതിൽ വേലകളിക്ക് പ്രമുഖമായ സ്ഥാനമുണ്ട്. വേലകളിയുടെ രംഗപ്രയോഗാർഹമായ ദൃശ്യശോഭയും നൃത്തഭംഗിയുമാണ് കഥകളിയുടെ ആദിമരൂപമായ 'രാമനാട്ട'ത്തിൽ സ്വീകരിച്ചത്. മാത്തൂർ പണിക്കന്മാരുടെയും ദേവനാരായണമാരുടെയും തിരുവിതാംകൂർ രാജാക്കന്മാരുടെയും കപ്ലിങ്ങാടൻ നമ്പൂതിരിയുടെയും തെക്കൻ കഥകളി സംഭാവനകൾ, ഈ അനുഷ്ട്ടാനകലാരൂപത്തിൻറെ പല അടിസ്ഥാനാശയങ്ങളെയും കടം കൊണ്ടിട്ടുണ്ട് . "അമ്പലപ്പുഴ വേല കണ്ടാൽ അമ്മയും വേണ്ട" എന്നൊരു ചൊല്ല് നിലവിൽ വരത്തക്കവണ്ണം ദൃശ്യഭംഗിയും കഥകളിക്ക് ചുവടുറയ്ക്കാൻ ഉപകരിക്കത്തക്കവിധം അഭ്യാസത്തികവും കൊണ്ട് സമ്പന്നമായിരുന്ന കലയായിരുന്നു വേലകളി അതിന്റെ സുവർണ്ണ കാലത്ത്. ഇന്നുള്ളത് അതിന്റെ ഒരു നിഴൽ മാത്രമാണ്. ഉത്സവച്ചടങ്ങിനും ടൂറിസം മേളയ്ക്കും വേണ്ടിയുള്ള, എളുപ്പം പഠിക്കാവുന്നതും സീസൺ തൊഴിലുമായ, വേലതുള്ളൽ മാത്രമാണിന്നുള്ളത്.

അവലംബം: കഥകളി സ്വരൂപം - മങ്കൊമ്പ് ശിവശങ്കരപ്പിള്ള & സി.കെ. ശിവരാമപ്പിള്ള


January 12, 2017  ·

As per English calendar Swami Vivekananda was born on 12th January 1863 (as per Hindu Lunar calendar, the birth day falls this year on 19th January 2017). Let's remember and salute this great soul of this great nation on his 154th birth anniversary today.

"Let me tell you, strength, strength is what we want. And the first step in getting strength is to uphold the Upanishads, and believe "I am the Soul, Me the sword cannot cut; nor weapons pierce; me the fire cannot burn; me the air cannot dry; I am the Omnipotent, I am the Omniscient". So repeat these blessed, saving words. do not say we are weak; we can do anything and everything. What can we not do? Everything can be done by us; we all have the same glorious soul, let us believe in it".

- Swami Vivekananda-


January 6, 2017

നാടൊട്ടുക്കു മയക്കുമരുന്നുവേട്ട നടക്കുന്നതു പത്രത്തിൽ വായിച്ചപ്പോൾ എന്റെയൊരു അനുഭവമാണ് ഓർമ്മ വന്നത്. ഒരു ഇന്റർനാഷണൽ കോൺഫെറെൻസിൽ പങ്കെടുക്കാൻ മെക്സിക്കോയിൽ പോയതാണ്. ഒഫീഷ്യൽ പാസ്സ്പോർട്ടിലായതു കാരണം കഷ്ടപ്പാടൊന്നുമില്ലാതെ ഇമിഗ്രേഷൻ ക്ലീറെൻസും കിട്ടി; ടാക്സിയും പ്രതീക്ഷിച്ചു കസേരയിലൊന്നിരുന്നതാണ്. അപ്പോൾ അതാ വരുന്നു, വലിയ നാലു വേട്ടനായ്ക്കളെയും നയിച്ചുകൊണ്ട് തോക്കുധാരികളായ കുറെ പോലീസുകാർ! നായ്ക്കളേക്കാൾ ക്രൂരമുഖമുള്ള യജമാനന്മാർ! Narcotics Control Bureau എന്ന തോൾപ്പതക്കം കണ്ടപ്പോൾ കാര്യം മനസ്സിലായി. നായ്ക്കൾ അവിടെയിരുന്നവരുടെ ബാഗുകൾ ഒന്നൊന്നായി മണപ്പിക്കുകയാണ്. എന്റെ മനസ്സിലൊരു വെള്ളിടി വെട്ടി! പല എയർപോർട്ടിലും കയറിയിറങ്ങി വന്ന ബാഗുകളല്ലേ? ആരെങ്കിലും വഴിയിലെങ്ങാനും വച്ച് എന്തെങ്കിലും അതിനുള്ളിൽ നിക്ഷേപിച്ചിട്ടുണ്ടാകുമോ? മയക്കു മരുന്നിന്റെ സിരാകേന്ദ്രമായ മെക്സിക്കോയാണ് സ്ഥലം. ഉണ്ടെങ്കിൽ ശിഷ്ടജീവിതം ബന്യാമിന്റെ ആടുജീവിതത്തിലെ നായകന്റെതുപോലായതു തന്നെ! ഒഫീഷ്യൽ പാസ്സ്പോർട്ടുകാരനാണെന്നൊന്നും പറഞ്ഞാൽ ഊരിപ്പോകാവുന്ന കേസല്ല. ശ്വാനശൂരന്മാർ എന്റെ ബാഗുകൾ ഓന്നൊന്നായി മണപ്പിയ്ക്കുമ്പോൾ എനിക്കറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു. അവസാനം മണപ്പിക്കലെല്ലാം കഴിഞ്ഞു അവറ്റകൾ നടന്നകന്നപ്പോളാണ് ശ്വാസം നേരേ വീണത് !

December 22, 2016 ·

As a character Buddha was the greatest the world has ever seen; next to him Christ. But the teachings of Krishna as taught by Bhagavat Gita are the grandest the world has ever known.He who wrote that wonderful poem was one of those rare souls whose lives sent a wave of regeneration through the world. The human race will never again see such a brain as his who wrote the Gita.....I would advise those of you who have not read Gita to read it. If you only knew how much it has influenced your own country even!

- Swami Vivekananda


December 21, 2016

കുറച്ചു കൂടുതൽ ദ്രവ്യത്തിന്റെ ആവശ്യം ഉണ്ടായതു കാരണം നോട്ടു പിൻവലിക്കലിനു ശേഷം ഇന്നാദ്യമായി ബാങ്കിൽ പോയി. നീണ്ട ക്യൂ. എല്ലാരും അനുഭവിക്കുന്നതല്ലേ, അതെനിക്കുമായിക്കോട്ടെ എന്ന ചിന്തയിൽ സന്തോഷപൂർവം ക്യൂവിൽ നിന്നു (ഭഗവത് ഗീതയുടെ ഭാഷയിൽ പറഞ്ഞാൽ 'തിതിക്ഷ'യോടെ നിന്നു). മണിക്കൂർ ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, രക്ഷയില്ല. നിർഭാഗ്യവശാൽ ഞാൻ നിന്ന ക്യാഷ് കൗണ്ടറിൽ ഇരുന്നത് എരുമയെപ്പോലെ ഒരു താമസസ്വഭാവക്കാരൻ. മറ്റു കൗണ്ടറുകളിൽ അഞ്ചുപേരെ ക്ലിയർ ചെയ്യുമ്പോൾ ഇദ്ദേഹം ഒരാളിനെ ക്ലിയർ ചെയ്‌താൽ ഭാഗ്യം. അടുത്ത ക്യൂവിൽ നിന്നാൽ വേഗം പോകാം എന്നു പലരും ഉപദേശിച്ചു. പക്ഷേ കർമ്മഫലം അനുഭവിച്ചു തന്നെ തീരണം എന്ന പക്ഷക്കാരനായതിനാൽ ഞാനതിനു മുതിർന്നില്ല. അങ്ങിനെ മൂന്നര മണിക്കൂർ നീണ്ട നിൽപ്പിനുശേഷം, കാലും നടുവും ഒക്കെ ഒരു പരുവമായിക്കഴിഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗ കവാടത്തിനു മുന്നിലെത്തി. രണ്ട് അക്കൗണ്ടുകളിൽ നിന്നായി പട പട പെടയ്ക്കുന്ന 24 നോട്ടുകൾ കൈയിൽ വന്നതും സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞു പോയി. മറ്റു കൗണ്ടറുകളിൽ നിന്നും പണം വാങ്ങി തിരിയുന്നവരുടെ മുഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. സന്തോഷവും സംതൃപ്തിയും കളിയാടുന്ന മുഖകമലങ്ങൾ! പണമേ, നിന്റെ വില എന്തെന്നു ഞങ്ങളിന്നറിയുന്നു! നമോവാകം! അര ദിവസത്തെ കാഷ്വൽ ലീവ് പോയിക്കിട്ടിയെങ്കിലും ദുഃഖമില്ല; നീയെന്നൊപ്പമുണ്ടല്ലോ?


December 13, 2016 ·

ഇപ്പോൾ കേട്ടത്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ചുറ്റിയടിച്ച 'വർധ' കൊടുങ്കാറ്റ്‌ വളരെ വലിയ നാഷനഷ്ട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 7000 മുതൽ 10000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ചെന്നൈയിൽ മിക്ക സ്ഥലങ്ങളിലും കറന്റ് ഇല്ലാത്തതിനാൽ ആളുകൾ ഇരുട്ടിൽ കഴിയുന്നു. ചിലയിടങ്ങളിൽ കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കം പോലെ.

നമ്മുടെ അംബുജാക്ഷൻ നായർ (കഥകളി) താമസിക്കുന്ന സ്ഥലത്ത് വൈദ്യതി സംവിധാനം ആകെ തകരാറിലായിരിക്കുന്നതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പറഞ്ഞു.K.s. Mohandas

December 12, 2016 ·

ഈ വർഷം കഴിയാൻ ഇനിയും കുറെ ദിവസങ്ങളുണ്ട്. എങ്കിലും ഈ വർഷത്തെ ഏറ്റവും 'അപലപനീയമായ മാദ്ധ്യമ വിവരമില്ലാഴ്മ' ഞാൻ കേട്ടു കഴിഞ്ഞു എന്നു തോന്നുന്നു. "ശിവക്ഷേത്രങ്ങളിൽ പ്രദക്ഷിണം പൂർത്തിയാക്കാൻ കഴിയാത്തതു നമ്മുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി' യെന്നു മനോരമ ചാനൽ (counter point). ക്ഷേത്രങ്ങളിലെ പ്രദക്ഷിണവഴി എന്നു മുതലാ പൊതുനിരത്തായത്? 'അമ്മാവന് അടുപ്പിലുമാകാം' എന്ന് പറയുമ്പോലെ എന്ത് വിവരക്കേട് പറയാനും കേരളത്തിലെ മാധ്യമപ്രവർത്തകർക്കു സ്വാതന്ത്ര്യമുണ്ടെന്നാണോ?

December 12, 2016 ·

ഇന്നലെ ചെന്നൈയിൽ 'വർധ' താണ്ഡവമാടി. കോടിക്കണക്കിനു രൂപയുടെ നാഷനഷ്ട്ടങ്ങൾ ഉണ്ടാക്കി. ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ ദൂരെ കടലോരപ്രദേശമായ ഞങ്ങളുടെ വാസസ്ഥലത്തും 'വർധ', അവളുടെ ശക്തി അറിയിച്ചു; ചെന്നൈയിലെപ്പോലെയല്ലെങ്കിലും. ധാരാളം മരങ്ങൾ കടപുഴകി വീണു. ചുറ്റിയടിച്ച കാറ്റിൽ വലിയ മരക്കൊമ്പുകൾ വെറും ചുള്ളിക്കമ്പുകൾ പോലെ ഒടിഞ്ഞു വീണു. വാഴകളും പപ്പായ മരങ്ങളും കൂട്ടത്തോടെ നിലംപതിച്ചു. രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കാറ്റ് അടിച്ചുകൊണ്ടേയിരുന്നു. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ 'അഭിശപ്ത കൽപ്പാന്ത പ്രളയം കഴിഞ്ഞ മൃതഭൂമി' പോലെ വീടിനു ചുറ്റും......


December 6, 2016 ·

തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ചിതലൈവി ജയലളിത ഇന്നലെ രാത്രി മരണമടഞ്ഞു. അവരെക്കുറിച്ചു നല്ല രണ്ടു വാക്കുകൾ ഞാൻ ഒരു സുഹൃത്തിനോടു പറഞ്ഞപ്പോൾ അദ്ദേഹം ഒരുപിടി കുറ്റങ്ങൾ അവരെക്കുറിച്ചു നിരത്തി എന്നെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, താങ്കൾ പറഞ്ഞതെല്ലാം ശരി തന്നെ. പക്ഷെ ലക്ഷോപലക്ഷം മനുഷ്യരുടെ മനസ്സിൽ അവർ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണം വേണ്ടേ? അവർക്കു വേണ്ടി മരിക്കാൻ നൂറു കണക്കിന് ആരാധകർ തയ്യാറാണ്. ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏതു നേതാവിനാണ് ഇത്രമാത്രം ജനപിന്തുണയുള്ളത്?അവരെ സ്നേഹിക്കുന്നവരെല്ലാം വിവരദോഷികളായാണെന്ന മുടന്തൻ ന്യായം പറഞ്ഞാൽ ഉത്തരമാകുമോ?ലക്ഷോപലക്ഷം മനുഷ്യരുടെ സ്നേഹം ഒരു വ്യക്തി ആർജ്ജിക്കുന്നുണ്ടെങ്കിൽ, സാധാരണക്കാർക്കില്ലാത്ത എന്തോ ഒരു മഹനീയത അവർക്കുണ്ടെന്നു നാം മനസ്സിലാക്കണം. വിമര്ശിക്കുന്നതോടൊപ്പം തന്നെ ബഹുജനാഭിപ്രായത്തെ അംഗീകരിക്കാനും കഴിയണം. അതാണ് നന്മയുള്ള മനുഷ്യർ ചെയ്യേണ്ടത്.

രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് മാതാ അമൃതാനന്ദമയി ദേവിയുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ അതു മുതലാക്കി അവരെ സമൂഹമദ്ധ്യത്തിൽ അപമാനിച്ചു കാണിക്കാൻ കുറെപ്പേർ കച്ചകെട്ടിയിറങ്ങി. ആ മഹതി സമൂഹത്തിനു ചെയ്യുന്ന സേവങ്ങളെയും ലക്ഷോപലക്ഷം ആരാധകർക്ക് നൽകുന്ന സ്വാന്തനത്തെയും മറന്നു കൊണ്ടാണ് അവരെ അപമാനിച്ചു മിടുക്കരാകാൻ ഇക്കൂട്ടർ ശ്രമിച്ചത്. പക്ഷെ അമൃതാന്ദമയിക്കോ അവരുടെ സേവനമേഖലകൾക്കോ എന്തെങ്കിലും കോട്ടം സംഭവിച്ചോ? ഇല്ല. ലോകമാകമാനം ലക്ഷോപലക്ഷം ആരാധകരുള്ള അവരെ തകർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്നു ഞാനെഴുതിയ ലേഖനത്തിൽ (http://dhanyaasi.blogspot.in/2014/02/blog-post.html) പറഞ്ഞിരുന്നു; "സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്രമാത്രം ലോകാംഗീകാരം ലഭിക്കുന്നത്? അവരെങ്ങിനെയാണ് United Nations ന്റെ spiritual conference നെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കപ്പെടുന്നത്? ലോകത്തിലുള്ള പല സർക്കാരുകളും ആത്മീയസംഘടനകളും ഇവരെ ആദരിക്കുന്നത് എന്തുകൊണ്ടാണ്? ഉമ്മാക്കിയും ചെപ്പടിവിദ്യയും ഗ്രൂപ്പിസവും മതവും രാഷ്ട്രീയവും ഒക്കെ വച്ചു കളിച്ചു കേരളത്തിൽ വല്ലതും ഒക്കെ ആകാൻ കഴിയുമെന്നല്ലാതെ ലോകരെ മുഴുവൻ കബളിപ്പിക്കാൻ കഴിയുമോ? ബോധമുള്ളവർ ചിന്തിക്കണം". അതെ, അപമാനിക്കാൻ ഉത്സാഹം കാണിക്കുന്നവർ ഇതും ചിന്തിക്കണം.
ഇന്നലെ 'ടൈം' മാസിക reader's poll ലൂടെ നമ്മുടെ പ്രധാനമന്ത്രിയെ 'person of the year' ആയി തിരഞ്ഞെടുത്തു. ലോകത്തിലെ എല്ലാ നേതാക്കളെയും പിന്തള്ളിക്കൊണ്ടാണ് ഈ ബഹുമതി അദ്ദേഹം കരസ്ഥമാക്കിയത്. അദ്ദേഹത്തിനെ ഇഷ്ട്ടമല്ലാത്തവർ time മാസിക മഞ്ഞമാസികയാണെന്നും ഈ പോളിൽ പങ്കെടുത്തവരെല്ലാം വിവരദോഷികളാണെന്നും പറഞ്ഞു സമാധാനം കാണും തീർച്ച. പക്ഷെ, ഇരുട്ടു കൊണ്ട് ഓട്ടയടക്കലല്ലേ അത്? വെറും ഉമ്മാക്കി കാണിച്ചാലൊന്നും അന്തർദ്ദേശീയ ബഹുമതി കിട്ടില്ല.

കഴിവിനെ, അത് ആരുടെയും ആയിക്കോട്ടെ, അംഗീകരിക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. സങ്കുചിതമനോഭാവം കാരണം ഒരുവന്റെ മഹത്വങ്ങൾ കുറച്ചു കാണിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായി തീരുകയാണ് ചെയ്യുന്നത്.

ഈ എഴുതിയതിലൊന്നും രാഷ്ട്രീയം കാണേണ്ട. ഞാൻ അതിനു വെളിയിലുള്ള ആളാണ്. ഒരു സത്യം പറഞ്ഞു വെന്ന് മാത്രം.


October 30, 2016

ഇന്ന് ഇന്ദിരാഗാന്ധിയുടെ 32-)o രക്തസാക്ഷിത്വവാർഷികം. ഇന്ദിരാഗാന്ധിയുടെ വധത്തിൽ അനുശോചിച്ചുകൊണ്ട് അന്ന് ഞാൻ എഴുതിയ കവിതയിലെ നാലുവരികൾ:

"എന്റെ രക്തത്തിന്റെ അന്ത്യശകലവും
ഈ പുണ്യഭൂവിനു ക്ഷീരമായ് തീരണ-
മെന്ന നിന്നാശ സാഫല്യമായ് തീർന്നിനി
സർവ്വം മറന്നുറങ്ങാം നിനക്കു സമാധാനമായ്"


October 29, 2016 ·

ആത്മീയത എന്നാൽ സാധാരണ ലോകജീവിതത്തിൽ നിന്നും വിട്ട് സന്യാസജീവിതം നയിക്കുന്നവർക്കുള്ള കാര്യമാണെന്നും അതു ലൗകികജീവിതം നയിക്കുന്ന തങ്ങളെ സംബന്ധിക്കുന്ന കാര്യമല്ലെന്നുമുള്ള ഒരബദ്ധധാരണ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികൾക്കിടയിലും ഉണ്ട്. ക്ഷേത്രങ്ങളിൽ പോയി വഴിപാട് കഴിച്ചു പ്രാർത്ഥിക്കുന്നതാണ് തങ്ങൾക്കു പറഞ്ഞിട്ടുള്ള ആത്മീയത എന്നാണു പലരും വിശ്വസിക്കുന്നത്. ഇതിൽ കൂടുതൽ താൽപ്പര്യം ആത്മവിഷയത്തിൽ ആരെങ്കിലും കാണിച്ചാൽ അപ്പോൾ കമന്റ്‌ വരും, 'ഇനി ആളിനെ നോക്കേണ്ട, സന്യാസ ലൈനാ'.

ഭാരതം കണ്ട സന്യാസിവര്യന്മാരിൽ സർവ ശ്രേഷ്‌ഠനായിരുന്നു സ്വാമി വിവേകാനന്ദൻ. ഹൈന്ദവദർശനത്തെ വിശ്വപ്രശസ്തമാക്കി, ലോകത്തിന്റെ മുഴുവൻ അംഗീകാരവും ആദരവും നേടിക്കൊടുത്ത തേജസ്‌വിയായ ആ സന്യാസിവര്യൻ, അദ്ദേഹത്തിൻറെ 'ഭഗവത് ഗീതാ വ്യാഖ്യാന'ത്തിൽ എഴുതിയിട്ടുള്ള ചില വരികൾ ഇതാ. യുദ്ധം ചെയ്യാൻ മടിക്കുന്ന അർജ്ജുനനു, ശ്രീകൃഷ്ണൻ ഉപദേശം നൽകുന്ന വ്യാഖ്യാനഭാഗമാണ്.

"knowing this stand up and fight! Not one step back, that is the idea..... Fight it out whatever it comes. Let the stars move from the sphere! Let the whole world stand against us! Death means only a change of garment.What of it? Thus fight! You gain nothing by becoming cowards.....Taking a step backward, you don't avoid any misfortune. You have cried to all gods in the world. Has misery ceased? The masses in India cry to sixteen million gods, and still die like dogs. Where are these gods? The gods come to help you when you have succeeded. So, what's the use? Die game.....This bending the knee to superstitions, this selling yourself to your own mind does not befit you, my soul. You are infinite, birthless and deathless. Because you are infinite spirit, it does not befit to you to be a slave......Arise! Awake! Stand up and fight! Die if you must. There is none to help you. You are all the world".

(Swami Vivekananda in his Views on Bhgavath Gita)


October 26, 2016
 A Vaidyanathan shared a three years old memory.

ഇന്നലെ ചെന്നയിൽ 'ഉത്തരീയം' സംഘടിപ്പിച്ച 'കംസവധം (അക്രൂരാഗമനം)' കളി കണ്ടു. സാധാരണ അവതരിപ്പിക്കാറുള്ള ഒരു കഥയല്ലാത്തതിനാൽ ഞാനും എന്നെപ്പോലെ പലരും ആദ്യമായിട്ടായിരിക്കും ഈ കളി കണ്ടത്. അസാധാരണമായ ഒന്നു കാണുവാനും ആസ്വദിക്കുവാനുമുള്ള ഒരു താത്പര്യമുണ്ടല്ലോ? അത് തന്നെയായിരുന്നു ഈ കളിയുടെ പ്രത്യേകതയും. തികച്ചും കഥകളിത്തമുള്ള, എന്നാൽ കാലത്തിന്റെ പോക്കിൽ കഥകളിയിൽ നിന്നും മറഞ്ഞുപോകുന്ന ഇങ്ങിനെയൊരു കഥയെടുത്ത് അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ 'ഉത്തരീയ' ത്തിനും വിശിഷ്യാ ഇതിനുവേണ്ടി ആത്മാര്ഥമായി പരിശ്രമിച്ച ശ്രീ. വൈദ്യനാഥനും അഭിനന്ദനങ്ങൾ.

കിളിമാനൂർ രാമവർമ്മ കോയിത്തമ്പുരാൻ രചിച്ച 'കംസവധ'ത്തിന്റെ ഹൃദയം, കംസന്റെ മന്ത്രിയായ അക്രൂരന്റെ കൃഷ്ണഭക്തിയിലാണ്. രാമകൃഷ്ണന്മാരെ ചതിയിൽ കൊല്ലുവാൻ നിശ്ചയിച്ച കംസൻ, അവരെ നന്ദഗൃഹത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരുവാൻ അക്രൂരനെ നിയോഗിക്കുന്ന നിമിഷം മുതൽ ഈ കൃഷ്ണഭക്തിയുടെ ഓളത്തിലാണ് അരങ്ങ്. സാഹിത്യപരമായും ആലാപനപരമായും ഉന്നത നിലവാരം പുലർത്തുന്ന പദങ്ങളുടെ സഹായം ഉണ്ടെങ്കിലും അക്രൂര വേഷക്കാരന്റെ ഭക്തിയുടെ മനോധർമ്മാവിഷ്ക്കാരത്തിനുള്ള കഴിവാണ് കളിയുടെ ജയപരാജയങ്ങൾ നിര്ണ്ണയിക്കുക. ശ്രീമാന്മാർ. കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള തുടങ്ങി അപൂർവ്വം ചില നടന്മാർ അക്രൂരവേഷത്തിൽ അദ്വിതീയരായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് ഇന്നലെ ഈ വേഷം കെട്ടിയ, മാങ്കുളത്തിന്റെ പ്രിയശിഷ്യനായ, ശ്രീ. ഇഞ്ചക്കാട്ടു രാമചന്ദ്രൻ പിള്ള. ആട്ടത്തിലൂടെ അതദ്ദേഹം തെളിയിക്കുകയും ചെയ്തു. കാണുന്നവന്റെ കണ്ണു നനക്കുന്നതാണ് കുചേലവൃത്തത്തിലെ നെല്ലിയോടിന്റെ കൃഷ്ണഭക്തിയെങ്കിൽ കണ്ണനെ ഉള്ളിലിട്ടങ്ങനെ താരാട്ടി താരാട്ടി പ്രേക്ഷകനെയും തന്നെത്തന്നെയും ആനന്ദസാഗരത്തിൽ ആറാടിക്കുന്ന അക്രൂരഭക്തിയായിരുന്നു ഇഞ്ചക്കാടന്റേത്.

ചിട്ട എന്ന പദം കൊണ്ടു സാധാരണ ഉദ്ദേശിക്കുന്ന വേലിക്കെട്ടുകൾക്കുള്ളിൽ നിൽക്കാത്ത, തെക്കൻ സമ്പ്രദായത്തിന്റെ ഭാവപ്രകാശമായിരുന്നു ഇന്നലെക്കണ്ട അക്രൂരന്റെ ആട്ടങ്ങളിൽ നിറഞ്ഞു നിന്നത്. അതുകൊണ്ട് തന്നെ നടന്റെ മുദ്രകൾ താളത്തിനൊത്ത് വീഴുകയോ വീഴാതിരിക്കുകയോ ചെയ്തിരിക്കും. ആട്ടത്തിന്റെ വേഗത കൂടുതൽ കാരണം, ചിലപ്പോഴെങ്കിലും ചില പാളിച്ചകളും ഉണ്ടായി. ഒരവസരത്തിൽ ബലരാമൻ കയറുന്നതിനു മുൻപ് അക്രൂരൻ തെളിച്ച രഥം ബലരാമൻ കയറിയപ്പോഴേക്കും ലക്ഷ്യ സ്ഥാനത്തെത്തിക്കഴിഞ്ഞിരുന്നു! ആട്ടത്തിന്റെ വേഗത തെല്ലു കുറഞ്ഞിരുന്നുവെങ്കിൽ ഭാവപ്രകാശം ഇനിയും നന്നാകുമെന്നായിരുന്നു എനിക്ക് തോന്നിയത്.

ശ്രീ. കലാമണ്ഡലം (ഓയൂർ) രതീശന്റെയായിരുന്നു കംസവേഷം. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന ആട്ടത്തിൽ ചെറിയ ഒരു പദാട്ടം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കിഭാഗം മുഴുവൻ തന്റെടാട്ടം ആയിരുന്നു. കൃഷ്ണ വിഷയത്തിൽ ഒട്ടു മിക്കവാറും എല്ലാവര്ക്കും അറിയാവുന്ന ഭാഗവതപുരാണം ആണ് ആടിയത്. ചിട്ടക്കളിയുടെ സൌന്ദര്യത്തിൽ ഉറച്ചു നിന്ന അവതരണങ്ങൾക്ക് തെക്കൻ ശീലങ്ങളുടെ തലോടൽ ചിലപ്പോഴെങ്കിലും കൊടുക്കാൻ നടൻ ശ്രദ്ധിച്ചിരുന്നു. വേഷവും ആട്ടവും നല്ലതായിരുന്നു, അതിഗംഭീരം എന്നൊന്നും വിളിക്കുന്നില്ല.

എന്റെ മനസ്സിലുള്ള ഒരു 'യൗവനകൃഷ്ണ'ന്റെ രൂപവും ഭാവവും ആയിരുന്നു കലാമണ്ഡലം രാജീവനിൽ കണ്ടത്. കഥാപാത്രത്തെ അറിഞ്ഞു അവതരിപ്പിക്കാനുള്ള കഴിവ് ഈ യുവനടനിലുണ്ട്. ഇന്നലത്തെ അഭിനയം ചില സ്ഥലങ്ങളിലൊക്കെ അൽപ്പം o v e r ആയിപ്പോയി. ശ്രദ്ധിച്ചാൽ രാജീവിനു മനസ്സിലാകും. ശ്രേഷ്ട്ടനായ അനുജന്റെ മാന്യനായ ചേട്ടനായിരുന്നു R L V പ്രമോദിന്റെ ബലരാമൻ.

അരങ്ങുകൾ പ്രായേണ വിരളമായ 'കംസവധം' പാടാൻ അറിയാവുന്ന ഗായകരും വിരളമാണ്. ശ്രീ. കലാമണ്ഡലം സുരേന്ദ്രന്റെ ആലാപനത്തിൽ അങ്ങിനെയൊരു ബുദ്ധിമുട്ടൊന്നും കണ്ടില്ല. ഇടയ്ക്കിടയ്ക്ക് ബുക്ക്‌ നോക്കുന്നുണ്ടായിരുന്നെങ്കിലും, ഗംഗാധരനാശാന്റെ ശിഷ്യൻ, വളരെ ഹൃദ്യമായി തന്നെ പാടി. ചില പദങ്ങൾ അതി ഗംഭീരവുമായിരുന്നു. ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായരാശാന്റെ ശിഷ്യൻ പരിമണം മധുവിന്റെ ശിങ്കിടിയും മികച്ചതായിരുന്നു.

കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ടയും കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളവും രംഗം ശരിക്കും കൊഴുപ്പിച്ചു.
കളികണ്ട സന്തോഷത്തിൽ ഞാനും മോനും വേദി വിട്ടു. ഇങ്ങനെയൊക്കെയുള്ള നല്ല കഥകൾ കഥകളി ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു കഷ്ട്ടമാണ്. ഇതൊക്കെ നടത്താൻ ഓടി നടന്ന 'ഉത്തരീയത്തി' ലെ ഊര്ജ്ജസ്വലരായ കഥകളിപ്രേമികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.......


October 11, 2016 ·

കറതീർന്ന കോൺഗ്രസ്സുകാരനായിരുന്ന എന്റെ അച്ഛനെക്കണ്ടു വളർന്നതിനാലാകാം വിദ്യാർത്ഥിയായിരുന്ന കാലത്ത് ഞാനൊരു കോൺഗ്രസ് അനുഭാവിയായിരുന്നു (പ്രവർത്തകനായിരുന്നില്ല). എങ്കിലും ഞാൻ ആദരവോടെ നോക്കിക്കണ്ടിരുന്നത് അക്കാലത്തെ ഊർജ്ജ്വസ്വലരും നിസ്വാർത്ഥരും മനുഷ്യസ്നേഹികളുമായ ചില കമ്മ്യൂണിസ്റ്റു നേതാക്കന്മാരെയായിരുന്നു.... ഇ .എം.എസ്, സി.അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ.... വാക്കും പ്രവൃത്തിയും ഒന്നായിരുന്നവർ. തങ്ങൾക്കായി ഒന്നും നേടാതെ,സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചവർ.....

രാഷ്ട്രീയവുമായി യാതൊരു ബന്ധവും എനിക്കില്ലെങ്കിലും, ഈ ഭരണ കാലത്ത് കേരളത്തിന് പുതിയൊരു ദിശാബോധം കൈവരും എന്നു ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രമാദ്ധ്യമങ്ങളിൽ നിറയുന്ന കേരളവാർത്തകൾ എന്നെ ലജ്ജിപ്പിക്കുന്നു, ദു:ഖിപ്പിക്കുന്നു. നമ്മുടെ നാട് എന്താണിങ്ങനെയായത്? ഇത് ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവം ശപിച്ച നാടോ?

'സ്വാർത്ഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം' എന്ന കവിവാക്യം എത്ര അന്വർത്ഥം!ഒക്ടോബർ 10, 2016

എന്റെ വീട്ടുമുറ്റത്തെ മാവിലുണ്ടായ അതിമധുരമുള്ള രണ്ടുമൂന്നു പഴുത്ത മാങ്ങകൾ ഞാനെന്റെ സുഹൃത്തിനു കൊണ്ടുക്കൊടുത്തു. ആത്മീയവിഷയത്തിൽ അതീവതല്പരനായ ഒരു സീനിയർ സയന്റിസ്റ്റാണ് സുഹൃത്ത്. പിറ്റേന്ന് കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, 'മോഹൻദാസ് തന്ന മാങ്ങ എത്തിച്ചേരേണ്ട സ്ഥലത്തു തന്നെ ഞാൻ എത്തിച്ചു'. കാര്യം എന്താണെന്ന് മനസ്സിലാകാതെ ഞാൻ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു,'ഇന്നലെ ഞാനും ഭാര്യയും കൂടി മലമുകളിലെ അമ്പലത്തിൽ പോയി, മാങ്ങ നടയിൽ സമർച്ചു. So, man, you are blessed now'. ഞാനൊന്നു ചിരിച്ചിട്ടു പറഞ്ഞു, 'സാർ ഇതിനായി വളരെ കഷ്ടപ്പെട്ടു മലയെല്ലാം കേറേണ്ട കാര്യമില്ലായിരുന്നു. അതിലും വലിയ ജീവനുള്ള ദൈവങ്ങൾ ദിവസവും എന്റെ മാങ്ങകൾ തിന്നു സംതൃപ്തരായിട്ടെന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കയാണ്. ദിവസവും നാലഞ്ചു മാങ്ങകളെങ്കിലും അണ്ണാനും കാക്കയും കിളികളും തിന്നാറുണ്ട്, ഞാനവരെ ഓടിക്കാറില്ല'.

ആത്മീയത എന്നാൽ എന്തെന്ന് ഭൂരിഭാഗം ഭക്തർക്കും അറിയില്ല. പ്രകൃതിയോടും മനുഷ്യരും ജന്തുജാലങ്ങളും സസ്യജാലങ്ങളും അടക്കമുള്ള അതിലെ ആവാസവ്യവസ്ഥയോടുമുള്ള സ്നേഹവും ആദരവും സഹാനുഭൂതിയും ഒക്കെയാണീ ആത്മീയത എന്നത്. സമൂഹത്തിലെ അധാർമ്മിക പ്രവൃത്തികളോട് പ്രതികരിക്കാനും ഫലേച്ഛ കൂടാതെ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുവാനും ഒരാൾക്ക് കഴിയുന്നുണ്ടെങ്കിൽ അയാളാണ് യഥാർത്ഥ ആത്മീയവാദി.

എല്ലാവർക്കും എന്റെ വിജയദശമി ആശംസകൾ.


സെപ്റ്റംബർ 22 , 2016

ഇന്നത്തെ മനോരമപ്പത്രത്തിന്റെ (ചെന്നൈ) ഫ്രണ്ട് പേജിൽ 'ഒരു കോടീശ്വരൻ നായയ്ക്കായി എട്ട് ഐ ഫോണുകൾ വാങ്ങി' എന്ന ഒരു ചെറിയ വാർത്തയുണ്ട്. ആ വാർത്ത തുടങ്ങുന്നത് 'ഒരു ഐ ഫോണിനു വേണ്ടി കൊതിക്കാത്തവരുണ്ടാകില്ല' എന്ന വാചകത്തോടെയാണ്. ഒരു 'കുഞ്ഞിക്കാലു കാണാൻ കൊതിക്കാത്തവരുണ്ടാകില്ല' എന്നൊക്കെയായിരുന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതിപ്പം ഐ ഫോണായോ?

സെപ്റ്റംബർ 21, 2016

ഓഫീസിൽ നിന്നും വന്നിട്ട് ഇന്നത്തെ വാർത്ത കേൾക്കാം എന്ന് ചിന്തിച്ചു ടീവീക്ക്‌ മുൻപിലിരുന്നതാണ്. കേൾക്കാൻ ലജ്ജ തോന്നുന്ന വാർത്തകൾ കേട്ടു. തെക്കു തൊണ്ണൂറു വയസ്സുള്ള അമ്മുമ്മയെ ആരോ പീഡിപ്പിച്ചു, വടക്ക് അച്ഛൻ മോളെ പീഡിപ്പിച്ചു......ഹോ. ടീവീ ഓഫ് ചെയ്തു. 8 മണിയിലെ അവലോകനമെങ്കിലും കേൾക്കാം എന്നു വിചാരിച്ചു പിന്നേം ഓൺ ചെയ്തു. എല്ലാ ചാനലിലും പീഡനം തന്നെ ചർച്ച. പീഡനം കൊണ്ട് സമൂഹത്തിനുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു തലനാരിഴ കീറി പരിശോധന നടക്കയാണ്. സത്യത്തിൽ ഓരോ പീഡനവും മാദ്ധ്യമങ്ങൾ ആഘോഷിക്കയാണിവിടെ.

നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ നിരവധി സൈനികരെ പാക് തീവ്രവാദികൾ നിർദ്ദയം കോലചെയ്തു. ലോകരാഷ്ട്രങ്ങളുടെയെല്ലാം ശ്രദ്ധയും അനുകമ്പയും പിടിച്ചു പറ്റിയ ദാരുണ സംഭവം. യുദ്ധം ഉണ്ടാകുമോ എന്നു പോലും ജനങ്ങൾ ചിന്തിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നു. രാജ്യം ചന്ദ്രനിൽ എത്തിയാലോ മറ്റു വലിയ വലിയ നേട്ടങ്ങൾ കൊയ്താലോ ഒന്നും ഇവിടെ യാതൊരും ചർച്ചയും വരില്ല. പീഡനം, കോല, കൊള്ളിവയ്പ്പു, തീവ്രവാദം....ഇതൊക്കെ നമുക്ക് ആഘോഷമായിരിക്കയാണ്. കഷ്ട്ടം. ഇതു നമ്മുടെ ശാപമാണ്.


സെപ്റ്റംബർ 13, 2016

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ജീവിതത്തിൻറെ ആദ്യ ഇരുപതുവർഷങ്ങളേ നാട്ടിൽ കഴിയാൻ സാധിച്ചുള്ളു. പഠിത്തവും ജോലിയുമായി 37 വർഷങ്ങളായി കേരളത്തിന് വെളിയിലാണ് ജീവിതം. ഇതിനിടയിൽ ചില വർഷങ്ങളിൽ ഓണം കൂടാൻ നാട്ടിൽ പോയതൊഴിച്ചാൽ ഓണമെല്ലാം മറുനാട്ടിൽ തന്നെ.

നാട്ടിലെ ജീവിതത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിൽ മുന്നിൽ നിൽക്കുന്നത് ഓണമാണ്. കഴിഞ്ഞ കാലത്തെ ഓണത്തെക്കുറിച്ചൊക്കെ കവികൾ പാടുമ്പോഴും പലരും ഓർമ്മകൾ പങ്കുവെക്കുമ്പോഴും ഓർത്തുപോകും, ഇപ്പറയുന്നതിലും എത്രയോ ഗംഭീരമായി ഓണം കൊണ്ടാടിയിരുന്നു ഒരു ബാല്യകൗമാരകാലം എനിക്കുണ്ടായിരുന്നു.അത്തപ്പൂക്കൾക്കായി കൂട്ടുകാരുമൊത്ത് നാടായ നാടു മുഴുവൻ നടന്നതും, ആമ്പൽ പൂക്കൾ ശേഖരിക്കാൻ ഏതു കുളത്തിലും കൂസലില്ലാതെ നീന്തിയതും, ഊഞ്ഞാലും, കോടിയുടുപ്പും, ഉത്രാടം മുതൽ ഉതൃട്ടാതി വരെ നീളുന്ന ഓണസദ്യകളും, ബന്ധുഗൃഹങ്ങളിലേക്കുള്ള യാത്രകളും........... ഇപ്രായത്തിലും ഓണമെന്നു കേൾക്കുമ്പോൾ ഒരോണക്കിളി മനസ്സിൽ പാറിപ്പറക്കുന്നു.

ഇങ്ങനെയൊക്കെ കഴിഞ്ഞ എന്റെ ബാല്യകാലത്തെ, 27 വർഷങ്ങൾക്കു മുൻപ് ഞാൻ എൻറെ മോനോട് പങ്കുവച്ചത്, ഈ ഓണദിനത്തിൽ നിങ്ങളെല്ലാവരോടും കൂടി ഒന്നു പങ്കുവയ്ക്കട്ടെ.

ബാല്യസ്മരണകൾ (കവിത)

അത്താഴമൂണും കഴിഞ്ഞു കസാലയിൽ
പത്രവും വായിച്ചു വിശ്രമിച്ചീടവേ
എത്തീയരികിൽ കുമാരനെന്നച്ചുമോ-
നച്ഛാ കഥ പറയെന്നു കിണുങ്ങയായ്

ഉണ്ണിതന്നുള്ളം കുളിരും കഥകൾ തേൻ-
തുള്ളികളെന്നാത്മ ഹർഷമായ് തീരവേ
ഓർമ്മയിലോടി വരികയായ് ജീവിത-
പാതയിലെങ്ങോ മറന്ന രോമാഞ്ചങ്ങൾ

*****************************************************
അമ്മയോടൊട്ടിക്കിടന്നതും പ്രേമമോട-
മ്മൂമ്മയെന്നേ എടുത്തു നടന്നതും
അമ്പിളിമാമനെ നോക്കിച്ചിരിച്ചതും
തുമ്പിക്കു പിന്നാലെ പാറിപ്പറന്നതും

പിന്നെ ഒരുനാളുഷസ്സിൽ സരസ്വതീ-
സന്നിധാനത്തിൽ ഹരിശ്രീ കുറിച്ചതും
അന്തരാത്മാവിൽ വിളങ്ങുമൻപത്തിയാ-
റക്ഷരമന്ത്രങ്ങളന്നു പഠിച്ചതും

ചേപ്പാട്ടുസ്‌കൂളിൽ ഗണനീയനന്നു ഞാൻ
ചാച്ചാനെഹ്രുവായ് വേഷമണിഞ്ഞതും
രാഷ്ട്രപിതാവിനു ജയ്‌ വിളിക്കുന്നേരം
സ്വദേശാഭിമാനമെന്നുള്ളിൽ നിറഞ്ഞതും

തത്തക്കിളിയെ പിടിക്കാൻ സതീർത്ഥനുമൊത്തു
നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും

പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും

പുത്തൂരെ കാട്ടിലെ വള്ളിയിലൂഞ്ഞാലിൽ
സർക്കസ്സുകാട്ടി കളിക്കുമ്പോൾ കാറ്റുവന്നൊ-
ട്ടുമാങ്ങാ നിലത്തടിച്ചിട്ടതും
കൂട്ടരോടൊത്തു പെറുക്കി നിറയെ ഭുജിച്ചതും

അത്തം മുതൽ വീട്ടുമുറ്റത്തു ചേച്ചിമാ-
രൊത്തു പൂക്കളമിട്ടതും ഓണനാൾ -
പുത്തനുടുപ്പും കറങ്ങാത്ത പ്ലാസ്റ്റിക്കു വാച്ചും
ധരിച്ചു ഗമയിൽ നടന്നതും

ക്ഷേത്രക്കുളത്തിൽ സതീർത്ഥരും ഞാനു-
മന്നാത്തമോദം നീരാടിക്കളിച്ചതും
വെള്ളം നിറഞ്ഞ കുഴിയിൽ കടലാസ്സു-
വള്ളങ്ങൾ വിട്ടു കളിച്ചുല്ലസിച്ചതും

മാവായ മാവെല്ലാം പൂത്തതു കാണുമ്പോൾ
മാനസം കോരിത്തരിച്ചതും തെന്നലി-
ലാലോലമാടിക്കളിക്കും പരപ്പാർന്ന
നെൽവയൽ നോക്കി ആമോദമിരുന്നതും

സംഗീതസാന്ദ്രമാം നൂറു ത്രിസന്ധ്യകൾ
അമ്പല മുറ്റത്തെനിക്കായ് വിരിഞ്ഞതും
ചന്ദനച്ചാർത്തു കഴിഞ്ഞ തിരുമേനി
കണ്ടു വണങ്ങി ഞാൻ ധ്യാനിച്ചു നിന്നതും

****************************************************
വർഷങ്ങളേറെക്കഴിഞ്ഞു പരിണാമ-
ചക്രത്തിലിന്നു ഞാൻ അച്ഛനാണെങ്കിലും
നിത്യം സുഗന്ധം പരത്തും സുരഭില
പുഷ്പപങ്ങളാണെന്റെ ബാല്യസ്മരണകൾ

അച്ചു ഉറങ്ങി സ്വച്ഛന്ദം മടിത്തട്ടിൽ
യക്ഷിക്കഥയിലെ കൊച്ചുഗന്ധർവനായ്
സ്വർണ്ണാഭ തൂവുന്ന ബാല്യസ്വപ്നങ്ങളെ-
ന്നുണ്ണിമോനന്യമോ ശാസ്ത്രയുഗമിതിൽ ?


സെപ്റ്റംബർ 05, 2016

എൻറെ ആത്മീയവിഷയക്കുറിപ്പുകൾ കണ്ടിട്ട് ചിലർക്കെങ്കിലും ഞാനൊരു അമ്പലവിരോധിയായ നിരീശ്വരവാദിയാണോ എന്ന സംശയം ഉദിക്കുന്നുണ്ട്. അത് ശരിയല്ലെന്ന് പറയട്ടെ. അമ്പലങ്ങൾ നാടിന്റെ ഐശ്വര്യം ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആത്മീയതയുടെ ആദ്യപാഠങ്ങൾ പഠിക്കേണ്ട സ്ഥലങ്ങളുമാണ് ക്ഷേത്രങ്ങൾ. നാടിന്റെ കലാസാംസ്കാരികരംഗങ്ങളുടെ കേന്ദ്രവുമാണ് ക്ഷേത്രങ്ങൾ. ദുഖിതനും പീഡിതനും ക്ഷേത്രങ്ങൾ ആശാകേന്ദ്രങ്ങൾ തന്നെയാണ്. പക്ഷേ, അമ്പലങ്ങളിൽ നടക്കുന്ന പൂജക്കും വഴിപാടിനും മുകളിൽ ഒരു ആത്മീയതലമുണ്ടെന്നും ആ തലത്തിൽ കുറേപ്പേരെങ്കിലും എത്തിച്ചേർന്നാൽ മാത്രമേ സനാതനധർമ്മശാസ്ത്രപ്രകാരമുള്ള വ്യക്തിവികാസവും സാമൂഹ്യവികസനവും സാധ്യമാകുകയുള്ളൂ എന്നും ഞാൻ ഉറച്ചു വിശ്വസിക്കയും ചെയ്യുന്നു. പൂജകൾക്കും വഴിപാടുകൾക്കും പുറമെ, വിശ്വാസികളിൽ ശരിയായ ആത്മീയബോധം വളർത്തി, അവരെ സമൂഹത്തിനു പ്രയോജനമുള്ള നല്ല മനുഷ്യരായി വളർത്തിയെടുക്കേണ്ടതും ക്ഷേത്രങ്ങളുടെ കടമയാണ്. അത് വലുതായിട്ടൊന്നും സംഭവിക്കുന്നില്ല എന്ന പരാതി മാത്രമേ എനിക്കുള്ളൂ.


ആഗസ്റ്റ് 22, 2016

മനോരമയും ഐ.എം.എയും ചേർന്ന് നടത്തിയ പഠനത്തിൽ തിരുവന്തപുരത്തെയും കൊച്ചിയിലെയും വാഹനങ്ങളുടെ ഹോൺ മൂലമുണ്ടാകുന്ന ശബ്ദശല്യം സഹിക്കാവുന്നതിലും മൂന്നിരട്ടിയാണെന്നും ഇത് മനുഷ്യനിൽ പലവിധരോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇന്നത്തെ മനോരമ ന്യൂസ്.

മൂന്നു വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഒരു ജർമ്മൻകാരനുമൊത്ത് പോണ്ടിച്ചേരി സന്ദർശിക്കാൻ പോയി. ടാക്സി കാറിലായിരുന്നു യാത്ര. ഡ്രൈവർ നിരന്തരം ഹോൺ അടിച്ചുകൊണ്ടിരുന്നു. എന്തിനാണിങ്ങനെ വെറുതെ ഹോൺ അടിക്കുന്നതെന്നു സുഹൃത്ത് ചോദിച്ചു കൊണ്ടേയിരുന്നു. കുറേക്കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ ചെവി പൊത്തിപ്പിടിച്ചു തുടങ്ങി. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. പറഞ്ഞാൽ ഒരഞ്ചു മിനിട്ടു ഹോൺ അടയ്ക്കില്ല, പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ എന്ന സ്ഥിതി. കുറേക്കഴിഞ്ഞപ്പോൾ സുഹൃത്തിന്റെ ക്ഷമ നശിച്ചു. വണ്ടി നിർത്താൻ പറഞ്ഞു. തനിക്കു ഇനി മര്യാദക്ക് ഓടിക്കാൻ വയ്യായെങ്കിൽ ഇവിടെ വിട്ടിട്ടു പോ എന്നു ദേഷ്യത്തോടെ പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങാൻ തുടങ്ങി. ഒരു വിധത്തിൽ ആളിനെ സമാധാനപ്പെടുത്തി ആ യാത്ര അവസാനിപ്പിച്ചെന്നു പറഞ്ഞാൽ മതിയല്ലോ?

പാശ്ചാത്യ രാജ്യങ്ങളിൽ വാഹനത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് അമാന്യതയാണ്, അപമര്യാദയാണ്. മര്യാദ വിടുന്നത് അവിടുത്തുകാർക്കിഷ്ടമല്ലാത്തതിനാൽ അവിടെ നിരത്തുകളിൽ ഹോണിന്റെ ശബ്ദം വളരെ വിരളമായേ കേൾക്കാൻ കഴിയൂ. നമ്മുടെ രാജ്യത്തു മനുഷ്യർക്ക് ഇല്ലാത്ത ഒരേ ഒരു കാര്യം അതാണല്ലോ, മര്യാദ!


ആഗസ്റ്റ് 21, 2016

നാടിന്റെ അഭിമാനമായ പി .വി . സിന്ധു ഒളിമ്പിക്‌സ് ഫൈനലിൽ കഷ്ട്ടപ്പെട്ടു കളിക്കുമ്പോൾ സ്വന്തം നാട്ടുകാർ അവരുടെ ജാതി ഗൂഗിളിൽ തിരയുന്ന തിരക്കിലായിരുന്നു. ജാതി അറിഞ്ഞാലല്ലേ എങ്ങിനെ അഭിനന്ദിക്കണമെന്നു ചിന്തിക്കാൻ കഴിയൂ!

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന മിടുക്കനായ എൻറെ ഒരു സീനിയർ സയന്റിസ്റ്റിന് അമ്പതു വയസ്സ് കഴിഞ്ഞപ്പോൾ ആത്മീയത തലയ്ക്കു പിടിച്ചു. എന്നെക്കണ്ടാൽ ആത്മവിഷയമേ സംസാരിക്കൂ. സനാതന ധർമ്മത്തോട് അടങ്ങാത്ത ആവേശവും ആദരവും. പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തിന് നിഷ്ക്കര്ഷയുണ്ട്; തൻറെ ജാതിയിലുള്ളവരുടെ ആത്മീയ ഗ്രന്ഥങ്ങളെ പഠിക്കൂ, അങ്ങനെയുള്ളവരുടെ പ്രഭാഷണങ്ങളേ കേൾക്കൂ. സഹികെട്ടപ്പോൾ ഞാൻ പറയാതെ പറഞ്ഞു, താങ്കൾക്കു പറ്റിയ പണിയല്ല ഇത്!

നമ്മുടെ നാട്ടിൽ സനാതനധർമ്മത്തിന്റെ ഒരു ഗതികേട് !