Friday, March 3, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 17)

കഴിഞ്ഞ ഭാഗത്തിൽ 2: 42 മുതൽ 2: 44 വരെയുള്ള ശ്ലോകങ്ങളാണ് പഠിച്ചത്. ഈ മൂന്നു ശ്ലോകങ്ങളുടെയും അതിനു മുൻപിലെ കർമ്മയോഗത്തെ സംബന്ധിക്കുന്ന മറ്റു ശ്ലോകങ്ങളുടെയും ആത്യന്തികമായ താത്പര്യം ഇതാണ്; ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മം മഹത്തരമാണ്. അതിനായിട്ടാണ് മനുഷ്യർ ശ്രമിക്കേണ്ടത്. ഭാഗ്യം വാഗ്ദാനം ചെയ്യുന്ന പലവിധ പ്രലോഭനങ്ങൾ ചുറ്റിലുമുണ്ടാകും. ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കുന്നവർ ഈ പ്രലോഭനങ്ങളിലൊന്നും ചെന്നു വീണ് ജീവിതം നരകസമാനമാക്കരുത്. സ്വാർത്ഥമോഹപ്രേരിതമായ കർമ്മം ആത്മസംതൃപ്തി നൽകില്ല, ആത്മസംഘർഷമേ നൽകൂ. ഒന്നും തന്നെ വെറുതെ കിട്ടില്ല. അർപ്പണ മനോഭാവത്തോടെയുള്ള കർമ്മമാണാവശ്യം. ഈശ്വരാർപ്പിതമായ നിഷ്ക്കാമകർമ്മമാണ്‌ ആനന്ദത്തിന്റെ ആണിക്കല്ല്.

ഇനി ചിന്തിക്കാം, ഈ ഭഗവത്‌ ഗീതാ സന്ദേശം വച്ചു നോക്കിയാൽ നമ്മുടെ അദ്ധ്യാത്മികനിലവാരം എന്താണ് ? ഭഗവത് ഗീത എഴുതിയ കാലഘട്ടത്തിലെ സമൂഹത്തിന്റെ അപഥസഞ്ചാരങ്ങളെയാണ് മുകളിൽ പരാമർശിച്ച മൂന്നു ശ്ലോകങ്ങളിലും ഗീതാകാരൻ വിമർശിക്കുന്നതെങ്കിലും, മനുഷ്യന്റെ സ്വാർത്ഥതക്കും അതൊക്കെ നേടിയെടുക്കാൻ ഈശ്വരനെ കൂട്ടുപിടിക്കാം എന്നുമുള്ള വ്യാമോഹത്തിനും ഇന്നും കുറവൊട്ടും വന്നിട്ടില്ല. നമ്മുടെ ആരാധനാസമ്പ്രദായങ്ങളിലത്രയും നിഴലിക്കുന്നത് സ്വാർത്ഥതയാണ്. പ്രാർത്ഥനകളും വഴിപാടുകളും എല്ലാം തന്നെ സ്വാർത്ഥലാഭങ്ങൾ നേടാൻ വേണ്ടിയുള്ളതാണ്. ഗീത കാണിച്ചു തന്ന വഴിയിലൂടെയാണോ നാം നടക്കുന്നത്? സ്വാർത്ഥലക്ഷ്യങ്ങളോടെയല്ലാതെ, ഇത്രയെങ്കിലും സുഖത്തോടെയും സന്തോഷത്തോടെയും ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം കിട്ടിയതിന് ഈശ്വരനു നന്ദി രേഖപ്പെടുത്തിക്കൊണ്ടു പൂജകളും വഴിപാടുകളും ദാനങ്ങളും കർമ്മങ്ങളും ചെയ്യാൻ നമുക്കാവുന്നുണ്ടോ? അതാണ് ലളിതമായിപ്പറഞ്ഞാൽ ഭഗവത് ഗീത പറയുന്ന കർമ്മയോഗം. ഭഗവത് ഗീതയാണ് നമ്മുടെ പ്രമാണഗ്രന്ഥമെങ്കിൽ നാം നമ്മുടെ കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും ചിന്തകളുടെയും ശൈലി തന്നെ മാറ്റേണ്ടിയിരിക്കുന്നു. പ്രകൃതിയിൽ നിന്നും അകന്നുമാറിക്കൊണ്ടിരിക്കുന്ന നമ്മൾ പ്രകൃതിയിലേക്ക് കൂടുതലായി അടുക്കേണ്ടിയിരിക്കുന്നു. ഇനി വരുന്ന ഭാഗങ്ങളിൽ ഇതേക്കുറിച്ചൊക്കെ ഗീത വിശദമാക്കുന്നുതു നമ്മൾ പഠിക്കും.      

ശരി, നമുക്കിനി അടുത്ത ശ്ലോകത്തിലേക്കു കടക്കാം.

ത്രൈഗുണ്യ വിഷയാ വേദാ: നിസ്‌ത്രൈഗുണ്യോ ഭവാർജ്ജുനാ
നിർദ്വന്ദോ നിത്യസത്വസ്ഥ: നിര്യോഗക്ഷേമ ആത്മവാൻ (ശ്ലോകം 2:45)

(വേദങ്ങൾ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങൾ ഗണിക്കാത്തവനും ആത്മനിഷ്ഠനുമായിത്തീരുക)


നശ്വരമായ ഈ പ്രപഞ്ചവും മനസ്സും ബുദ്ധിയുമെല്ലാം തന്നെ സത്വരജസ്തമോഗുണങ്ങളിൽ നിന്നുണ്ടായതാണെന്നു മുൻപു നമ്മൾ പഠിച്ചതാണ്. തമോഗുണം മാന്ദ്യത്തെയും ചിന്തയില്ലായ്മയെയും രജോഗുണം ആസക്തിയെയും ചുറുചുറുക്കിനെയും സത്വഗുണം അനാസക്തിയെയും ശാന്തിയെയും പ്രതിനിധാനം ചെയ്യുന്നു. എല്ലാവരിലും ഈ മൂന്നുഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ സമ്മേളിക്കുന്നു. വേദങ്ങളിൽ (വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ എന്നു വിവക്ഷ) പറയുന്ന വിധികളെല്ലാം തന്നെ ഈ ത്രിഗുണാത്മികമായ ഭൗതികവിഷയങ്ങൾ മാത്രമാണ്. ഈശ്വരസാക്ഷാത്ക്കാരത്തിനാഗ്രഹിക്കുന്നവർ വേദങ്ങളുടെ ഈ ത്രിഗുണാത്മകമായ തലം കടന്ന് അതിനപ്പുറമുള്ള ആത്മതലത്തിൽ (trans-satvic state) എത്തിച്ചേരേണ്ടതുണ്ട്. ആത്മീയതലത്തിൽ ഉയരണമെന്നാഗ്രഹിക്കുന്നവർ വേദങ്ങൾ വിധിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലും അതുകൊണ്ടുണ്ടാകുമെന്നു ചിന്തിക്കുന്ന ഗുണദോഷഫലങ്ങളിലൊന്നുമല്ല ശ്രദ്ധിക്കേണ്ടത്; ആത്മജ്ഞാനപരമായ വേദാന്തത്തിലായിരിക്കണം എന്നു സാരം. പാർത്ഥാ, നീ അതിനായി ശ്രമിക്കൂ എന്നാണു കൃഷ്ണൻ പറയുന്നത്. ആത്മജ്ഞാനിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ഭഗവാൻ അർജ്ജുനനെ ഓർമ്മിപ്പിക്കുന്നത്. ആത്മജ്ഞാനി, സത്യനിഷ്ഠനും ആത്മനിഷ്ഠനും വിപരീതഭാവങ്ങളെ സമമായി കാണുന്നവനും യോഗക്ഷേമങ്ങളിൽ താത്പര്യമില്ലാത്തവനും ആകണം.  ഈ വിഷയങ്ങളെക്കുറിച്ചൊക്കെ മുൻപു നമ്മൾ വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. കൈവശമില്ലാത്തതിനെ സമ്പാദിക്കുന്നതു യോഗം. കൈവശമുള്ളതിനെ സംരക്ഷിക്കുന്നതു ക്ഷേമം. അപ്പോൾ യോഗക്ഷേമം എന്നാൽ  acquisition & preservation എന്നർത്ഥം. ഈശ്വരസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നവർ ഇവ രണ്ടിലും അതിരുകടന്ന ആഗ്രഹം വച്ചു പുലർത്തരുതത്രെ.

യാവാനർത്ഥ ഉദപാനേ സർവ്വത: സംപ്ലൂതോദകേ
താവാൻ സർവേഷൂ വേദേഷൂ ബ്രാഹ്മണസ്യ വിജാനത: (ശ്ലോകം 2:46)

(എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുമ്പോൾ  കിണറുകൊണ്ട് എന്തു പ്രയോജനമുണ്ടാകുമോ അത്രയ്ക്ക് പ്രയോജനമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളെല്ലാം കൊണ്ടും ഉണ്ടാവുകയുള്ളൂ)  

കിണർ കുഴിക്കുന്നത് വെള്ളമെടുക്കാനാണ്. വെള്ളപ്പൊക്കം വന്നെല്ലായിടവും വെള്ളം നിറഞ്ഞു കഴിഞ്ഞാൽ പിന്നെ കിണറുകൊണ്ടെന്തു പ്രയോജനം? ഇതുപോലെയാണ് ബ്രഹ്മജ്ഞാനിക്ക് വേദങ്ങൾ കൊണ്ടുള്ള പ്രയോജനവും. വെള്ളത്തിനായി കിണറു കുഴിക്കണം എന്നപോലെ ജ്ഞാനമുണ്ടാകാനായി വേദങ്ങൾ  പഠിക്കണം. വേദങ്ങളെ ശരിയാംവണ്ണം പഠിച്ചു, ബ്രഹ്മജ്ഞാനം നേടിക്കഴിഞ്ഞാൽ പിന്നെ വേദങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാനില്ല തന്നെ. വിദ്യ പഠിക്കുന്നതിനാണ് ഗ്രന്ഥങ്ങളുടെ ആവശ്യം വരുന്നത്. വിദ്യ ശരിക്കും പഠിച്ചു കഴിഞ്ഞാൽ പിന്നെ ആ ഗ്രന്ഥങ്ങളെക്കൊണ്ടു പഠിച്ചവനു യാതൊരു പ്രയോജനവും ഇല്ല തന്നെ. കുട്ടിയായിരിക്കുമ്പോൾ എഞ്ചുവടി ഉപയോഗിച്ച് ഗുണനവും ഹരണവുമൊക്കെ പഠിക്കും. പക്ഷേ ബിരുദമെടുത്തയാളിന് എഞ്ചുവടിയുടെ ആവശ്യമുണ്ടോ?

ഇവിടെ ഇതു പറയുന്നതിന്റെ സാംഗത്യമെന്താണ്? ത്രിഗുണാത്മകമായ, അതായത് ഭൗതികതലത്തിലുള്ള, വിഷയങ്ങളെക്കുറിച്ചാണ് വേദങ്ങൾ പറയുന്നതെന്നും അവിടം വിട്ട് അതിനു മുകളിലുള്ള ആത്മീയതലത്തിലേക്കാണ് അർജ്ജുനൻ പോകേണ്ടതെന്നുമാണല്ലോ കഴിഞ്ഞ ശ്ലോകത്തിൽ പറഞ്ഞത്. വേദങ്ങളും ധർമ്മശാസ്ത്രങ്ങളും പറയുന്നതൊക്കെ വിശ്വസിച്ചു നരകാദിഭയങ്ങളും പേറി, വിഷാദചിത്തനായി, ബാദ്ധ്യസ്ഥമായ കർമ്മം ചെയ്യാൻ മടിക്കുന്ന അർജ്ജുനനോടാണ് കൃഷ്ണൻ ഇപ്പറയുന്നതെന്നോർക്കണം. വികാരതലത്തിൽ നിൽക്കുന്നവരെയാണ് ഇങ്ങനെയൊക്കെയുള്ള ഭയാശങ്കകൾ അലട്ടുന്നത്. ആത്മീയതലത്തിൽ സമബുദ്ധിയോടെ നിലകൊണ്ടാൽ ഇമ്മാതിരി ചിന്തകൾക്ക് മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയില്ല. പാർത്ഥാ, ആത്മജ്ഞാനമെന്ന സമുദ്രം നിന്നിലാകെ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ വേദങ്ങളിൽ നിന്നും നീയാർജ്ജിച്ച അറിവുകളാകുന്ന കിണറ്റുവെള്ളവും അതു നിന്നിലുളവാക്കുന്ന വിഷാദചിന്തകളും അപ്രസക്തമായിക്കൊള്ളും. നിന്നിലെ ബോധത്തെ, ആത്മീയതയെയാണ്‌ ഉണർത്തേണ്ടത്; അതു സംഭവിച്ചാൽ നിന്നെ കർമ്മവിമുഖനാക്കുന്ന ഇവ്വിധ ചിന്തകളെല്ലാം താനേ അടങ്ങിക്കൊള്ളും.