Tuesday, September 26, 2017

നാളത്തെ കഥകളി

അടുത്തയിടെ നടന്ന ഒരു 'ഹരിശ്ചന്ദ്രചരിതം' കഥകളിയിൽ, ചന്ദ്രമതി ചുടലപ്പറമ്പിൽ വിറകുകൊള്ളി ഉപയോഗിച്ചതിനെ പരിഹസിച്ചു ചിലർ എഴുതിയതിനെ ചോദ്യം ചെയ്‌ത്, 'സദനം കൃഷ്ണൻകുട്ടി' എന്ന കഥകളി ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ ഇടപെട്ടുകൊണ്ട് ഞാൻ എഴുതിയ പ്രതികരണങ്ങളിൽ ഒന്നാണ്‌ താഴെക്കൊടുത്തിരിക്കുന്നത്. കാലാകാലങ്ങളായി കഥകളിയിൽ പ്രകടമായ ഒരു വേർതിരിവു നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കഥകളികലാകാരന്മാരും ആസ്വാദകരും ചിട്ടപ്രധാനമായ കഥകളിയാണ് (ഉദാ: കോട്ടയം കഥകളെന്നറിയപ്പെടുന്ന ബകവധം, കിർമ്മീരവധം, കാലകേയവധം, കല്യാണസൗഗന്ധികം) ശരിയായ കഥകളിയെന്നും തെക്കുള്ളവർ സൃഷ്ട്ടിച്ച ഭാവാഭിനയപ്രധാനമായ കഥകളിക്കു നിലവാരം (കഥകളിത്തം) പോരാ എന്നും ചിന്തിക്കുന്നു. ആസ്വാദനശേഷി കുറഞ്ഞവരുടെ കഥകളിയാണ് തെക്കൻ കഥകളിയെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഇന്നത്തെ കഥകളി അവതരണങ്ങളിൽ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിനു മുകളിലും നടക്കുന്നതും കഥകളിയാസ്വാദകരിൽ കൂടുതൽ പേർക്കും ഇഷ്ടപ്പെടുന്നതും ഈ  നിലവാരം കുറഞ്ഞ തെക്കൻ കഥകളാണുതാനും. ഈ വിഷയത്തിൽ പരിജ്ഞാനമില്ലാത്തവർക്ക്, എന്റെ പ്രതികരണത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ വേണ്ടി ഇത്രയും എഴുതിയെന്നു മാത്രം. നർമ്മത്തിൽ പൊതിഞ്ഞതാണെങ്കിലും കാര്യമുള്ള ചിലതൊക്കെയുള്ള ഈ പ്രതികരണം,  കഥകളി ഗ്രൂപ്പിലെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ കഥകളി തൽപ്പരരിലും എത്തിച്ചേരണം എന്ന ആഗ്രഹത്താലാണ് ഒരു പ്രത്യേക പോസ്റ്റായി ഇവിടെ ഇടുന്നത്.        

പ്രതികരണം

"ചർച്ചകൾ ഏതാണ്ട് അവസാനിച്ചെന്നു തോന്നുന്നു. ഏതായാലും ഈ ചർച്ചകളിൽ നിന്നും കഴിഞ്ഞ കാലത്തെ കഥകളി ഗ്രൂപ്പ് ചർച്ചകളിൽ നിന്നും എനിക്കു കിട്ടിയ ഒരാശയം ഇവിടെ പങ്കു വയ്ക്കട്ടെ. തെക്കുള്ള പലരും വടക്കു നോക്കിയന്ത്രങ്ങളും വടക്കുള്ള പലരും 'നിഴൽക്കുത്ത്' തുടങ്ങിയ കഥകളിത്തമില്ലാത്ത തെക്കൻ കഥകളുടെ ആരാധകരുമായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് ഇനി പണ്ടത്തെപ്പോലെ തെക്കു-വടക്കു വേർതിരിവിനും അതിന്റെ പേരിലുള്ള സംവാദങ്ങൾക്കുമൊന്നും വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയിപ്പം ചർച്ചിക്കാനുള്ളത് കഥകളിത്തമുള്ളതും ഇല്ലാത്തതുമായ കഥകളുടെ കാര്യം മാത്രമാണ്.

ക്ലാസിക്കൽ കലയായ കഥകളിയിൽ പ്രോപ്പർട്ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യമായ ലോകധർമ്മിത്വം ശരിയല്ല എന്ന വാദഗതിയോട് യോജിക്കുന്നു. അതുകൊണ്ടു തന്നെ കുറെ കഥകളെങ്കിലും കഥകളിയുടെ  ആഭിജാത്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന വിധത്തിൽ പരിരക്ഷിക്കപ്പെട്ടു നിൽക്കട്ടെ. മലയാള-സംസ്കൃത ഭാഷകളിൽ പരിജ്ഞാനമുള്ള, സംസ്കാരചിത്തരായ ഒരു കലാസ്വാദകസമൂഹത്തിനു മാത്രമേ ഉൽകൃഷ്ട കലാമൂല്യങ്ങളുള്ള കഥകളി അറിഞ്ഞാസ്വദിക്കാൻ കഴിയുള്ളൂ എന്നതൊരു സത്യമാണ്. ഇതിനു സമയവും സൗകര്യവും വേണം താനും. നമ്മുടെ സമൂഹവും വിദ്യാഭ്യാസനിലവാരവും സംസ്കാരവുമെല്ലാം ഇങ്ങനെയുള്ള കഥകളി ആസ്വാദനത്തിനു, പ്രത്യേകിച്ചും ജനകീയമായ ആസ്വാദനത്തിനു, ഉ തകുന്നതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ  നൂറുകണക്കിനു കലാകാരന്മാരുടെ ജീവിതമാർഗ്ഗമായിക്കഴിഞ്ഞിരിക്കുന്ന കഥകളിയെ ഈ സമൂഹത്തിൽ എങ്ങിനെ പിടിച്ചു നിർത്താം എന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടല്ലോ?

കഥകളി സാങ്കേതികത്വത്തിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും എന്നാൽ ഇക്കാലത്ത് ആസ്വാദകരെ കിട്ടാൻ പ്രയാസമുള്ളതുമായ ചിട്ടക്കഥകളെ നമുക്കു 'ക്ലാസിക്കൽ കഥകളി' യെന്നോ 'നമ്പർ 1 കഥകളി' യെന്നോ വിളിച്ചു ഒരു ഭാഗത്തു നിർത്താം. ഇന്നത്തെ പോക്കിന്, വരും കാലങ്ങളിൽ ഇങ്ങനെയുള്ള കഥകളി കാണാൻ പ്രേക്ഷകർക്ക് അങ്ങോട്ട് കാശ് കൊടുക്കേണ്ടി വരും (കർണ്ണാടക സംഗീതകച്ചേരിക്ക് പ്രഗത്ഭയായ ഒരു സംഗീതജ്ഞയെ ക്ഷണിച്ചിട്ടു, പരിപ്പുവടയും ചായയും ഓഫർ ചെയ്‌തു പത്തിരുപതു പേരെ  സംഘടിപ്പിക്കേണ്ടി വന്ന ഒരു ഗതികേട് എന്റെ ഓർമ്മയിലുണ്ട്). വലിയ കഥകളിത്തമൊന്നുമില്ലാത്ത, പക്ഷേ നാലാളെ മുൻപിൽ പിടിച്ചിരുത്തി, കഥകളി കലാകാരൻറെ വീട്ടിലെ അടുപ്പിൽ തീ പുകയാൻ സഹായിക്കുന്ന, നളചരിതം, കർണ്ണശപഥം, ഹരിശ്ചന്ദ്രചരിതം, ദേവയാനി ചരിതം, നിഴൽക്കുത്ത്..... തുടങ്ങിയ കഥകളെ 'പൈങ്കിളി കഥകളി' യെന്നോ 'നമ്പർ 2  കഥകളിയെന്നോ' വിളിച്ചു മറ്റൊരു ഭാഗത്തും നിർത്താം. ക്ലാസ്സിക്കലും പൈങ്കിളിയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും വളരെ വ്യത്യസ്ഥമാണെന്നു നമ്മൾ വ്യക്തമായും മനസ്സിലാക്കിയിരിക്കണം. ഒന്നിനെ മറ്റൊന്നാക്കാൻ ശ്രമിക്കരുത്. അത് നടപ്പുള്ള കാര്യവുമല്ല.  ഹരിശ്ചന്ദ്രചരിതത്തിൽ സ്‌റ്റേജ് എഫക്ടിനു വേണ്ടി സംഘാടകർ വിറകല്ല, രണ്ടു ശവം തന്നെ സ്റ്റേജിൽ കൊണ്ടു വച്ചാലും ക്ലാസ്സിക്കലുകാർ വഴക്കുണ്ടാക്കാൻ പോകരുത്. കാലമൊക്കെ മാറിയില്ലേ, 'കുണ്ഡിന നായക' ആടുമ്പോൾ നളൻ വേണമെങ്കിൽ ദമയന്തിക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചോട്ടെ. ക്‌ളാസ്സിക്കലുകാർ അലമ്പുണ്ടാക്കരുത്. അതുപോലെ കാലകേയവധം അർജ്ജുനനു സ്വർഗ്ഗത്തിൽ പോകാൻ തേര് കൂട്ടുന്ന ഓൾഡ് ഫാഷൻ വേണ്ട, കാറ് പിടിക്കണം എന്നോ ആറുമണിക്കൂറെങ്കിലും ഉറങ്ങിയിട്ട് രാവിലെ ഓഫീസിൽ പോകേണ്ടതാണ്, അതുകൊണ്ട് കല്യാണസൗഗന്ധികം ഭീമൻ 'പാഞ്ചാലരാജതനയേ' അങ്ങിനെ വിസ്തരിച്ചൊന്നും ആടണ്ടാ, ഭീമൻ വനത്തിലൂടെ പോയി സമയം കളയുന്നതിനു പകരം വിമാനത്തിൽ പോയാ മതി എന്നോ ഒന്നും പൈങ്കിളിക്കാരും ശാഠ്യം പിടിക്കരുത്. കഥകളി പരിപാടികളുടെ നോട്ടീസിൽ കഥകളി (ക്ലാസിക്കൽ), കഥകളി (പൈങ്കിളി) എന്നു വ്യക്തമായി എഴുതി വക്കണം. അങ്ങനെയാകുമ്പോൾ ആഢ്യത്വം കൂടുതലുള്ളവർക്കും അതൽപ്പം കുറഞ്ഞവർക്കും അവരവർക്കിഷ്ടമുള്ള കളിക്കു പോകാനും കഴിയും. അതുപോലെ കഥകളിപ്പദം (സമ്പ്രദായം), കഥകളിപ്പദം (ന്യു ജനറേഷൻ) എന്നു കൂടി നോട്ടീസിൽ ചേർക്കുന്നതു നന്നായിരിക്കും. എന്നെപ്പോലെയുള്ളവർക്കു ഒരു തയ്യാറെടുപ്പോടെ കളിക്കു മുമ്പിലിരിക്കാൻ ഈ അറിയിപ്പ് സഹായകമാകും. കഥകളിക്കു യാതൊരു ഗുണവും ചെയ്യാത്ത ഇന്റർനെറ്റ് കഥകളി ഗ്രൂപ്പുകളിൽ നിന്നും അതുപോലെ കഥകളിക്കു വേണ്ടി യാതൊന്നും തന്നെ ചെയ്യാൻ കഴിയില്ലെങ്കിലും ഇങ്ങിനെയുള്ളിടങ്ങളിൽ വന്നു രണ്ടു കമന്റും പാസ്സാക്കി തങ്ങളുടെ  കഥകളി സാന്നിദ്ധ്യവും പ്രസക്തിയും പാണ്ഡിത്യവും ഉറപ്പിക്കാനാഗ്രഹിക്കുന്നവരിൽ നിന്നും വിട്ടു നിൽക്കുകയും വേണം. ഇത്രയുമൊക്കെ ചെയ്‌താൽ കുറച്ചു കാലത്തേക്കെങ്കിലും വലിയ പ്രശ്നമൊന്നുമില്ലാതെ കഥകളി ഇവിടെ നില നിന്നോളും എന്നാണെന്റെയൊരു കണക്കുകൂട്ടൽ".

(എനിക്ക് തോന്നിയ ഒരഭിപ്രായം എഴുതി എന്നു മാത്രം. അഭിപ്രായം പറയുന്നുവെന്നല്ലാതെ തുടർ ചർച്ചകളിലൊന്നും പങ്കെടുക്കാൻ എനിക്കു താല്പര്യമോ സമയമോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ. ഒരു ആസ്വാദകനെന്നതിലുപരി ഈ മേഖലയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലാത്ത എന്നോട് ചർച്ച ചെയ്യുന്നതു കൊണ്ട് കഥകളിക്കു ഗുണമൊന്നും ഉണ്ടാകാനില്ല.  ഗുണമുണ്ടാക്കാൻ കഴിവുള്ളവരും അതിനു ബാധ്യസ്ഥരായവരും ചിന്തിക്കട്ടെ).    

8 comments:

  1. മിസ്റ്റർ. മോഹൻദാസ്. നല്ല അഭിപ്രായം.

    ReplyDelete
    Replies
    1. Kathakaliye kurichu puthiya thalamurakku oru vivaravum illa yennathaanu yettavum valiya prasnam. Avare bhodhavalkkarikkuka (athra yeluppamulla sangathi allenkilum), athaanu yee kalaye nilanirthaan yettavum nalla vazhi.
      Ed.bhaskaran@gmail.com

      Delete
    2. പ്രതികരണത്തിനു നന്ദി

      Delete
  2. മറ്റൊരു വിഷയത്തിൽ എഴുതിയതാണ്. ഇവിടെ ചേരുമെന്ന്തോന്നി.

    എന്നുടെ പൊന്നോമനേ..........

    എന്നെക്കൊന്നാലും വേണ്ടീല ഒരുകാര്യം പറയാം, കർണശപഥത്തിനെതിരേ ഇനിയും നിഴൽയുദ്ധം നടത്താതിരിക്കുകയാണ് നല്ലത്. അവതരിപ്പിക്കപ്പെടുന്ന കഥകളുടെ ശരാശരി കണക്കുപറഞ്ഞ് കർണശത്രുക്കളെ വേദനിപ്പിക്കുന്നില്ല. അടുത്തദിവസം ഒറ്റപ്പാലം രംഗശാല നടത്തിയ കുട്ടിത്രയം അനുസ്മരണത്തിൽ അവതരിപ്പിച്ച കളി കർണശപഥം എന്നുകണ്ട് കർണന്റെ ഉറ്റ സുഹൃത്തായ ദുര്യോധനൻവരെ ഞെട്ടിയിരിക്കും. അതുകൊണ്ട് ശ്ളോകമില്ല, ശോകമേയുള്ളൂ, ചിട്ടയില്ല, പാട്ടേയുള്ളു എന്നൊക്കെപ്പറഞ്ഞ് ഇനിയും അസ്ത്രം പ്രയോഗിക്കരുത്. ഒരാൾ പറഞ്ഞു തിരശീല പിടിക്കുന്നില്ലെന്ന്. അങ്ങനെയെങ്കിൽ കൃമ്മീരവധത്തിലും ഇല്ല ഹേ തുണി. കർണശപഥം ആസ്വദിക്കുന്നതുകൊണ്ട് ഞാൻ പത്താം ക്ലാസിൽ തോറ്റതായി ആൾക്കാർ മനസിലാക്കുമെന്ന വിശ്വാസം എനിക്കില്ല. കാലകേയവധം ആസ്വദിക്കുന്നതുകൊണ്ട് പിച്ചഡിക്കാരനാണെന്നും. 'എന്തിഹ മന്മാനസയേക്കാൾ' ഗാംഭീര്യമെന്നും 'കുണ്ഡിനനായക' യ്ക്ക് തോന്നിട്ടിയില്ല. ' സോദരി രാജ്ഞി' യേക്കാൾ ബോറാണ് 'സോദരി മഹാരാജ്ഞി' എന്നും. മറിച്ച്, എന്നുടെ പൊന്നോമനേ, ഹന്ത മാനസം, മറുചോദ്യം, കർണാമതിയിദം, ഹന്ത മാനസം, ശരണാഗതരെ, പ്രാണസഖ തുടങ്ങിയ പദങ്ങൾ കേൾക്കാനും കാണാനും നല്ലതുതന്നെയാണ്. യുവ പാട്ടുകാരുടെകാരുടെ പറുദീസയാണീക്കഥ. പച്ചമലയാളത്തോടു പുച്ഛഠ മല്ലൂസിന് പ്രസ്റ്റീജിന്റെ പ്രശ്നമാണല്ലോ. പിന്നെ സുരേഷ്ഗോപി പറഞ്ഞതുപോലെ എഴുതീതൊരു നായരായോണ്ടാവും.

    അടുത്തിടെ ശ്രീ മുരളീകൃഷ്ണൻ കവളപ്പാറ എഴുതിയിരുന്നു, കുന്തി മുതിർന്നവർകെട്ടുന്നതല്ലേ നല്ലതെന്ന്. ശരിയാണ്. അതിനു തെളിവാണ് ശ്രീ മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ കുന്തി. ഇന്നത്തെ ഏറ്റവും മികച്ച കുന്തി ആശാന്റേതാകും. സ്വതവേയുള്ള ആഭിജാത്യവും സൗന്ദര്യവും പക്വതയും പ്രായവുമെല്ലാം കുന്തിക്ക് കൂട്ടാണ്. മിതത്വമുള്ള ഭാവാഭിനയവും ഒതുക്കമുളള ചലനങ്ങളും ആശാന്റെ ഏതു വേഷത്തിനുമുണ്ടല്ലോ. അടുത്തിടേയും കണ്ടു കുന്തി കുടമാളൂരിൽ. കുന്തിയുടെ അവസാനഭാഗം ഹൃദയസ്പർശിതന്നെയാണ്. കർണനെ പിരിയുന്ന ഭാഗത്ത് ഒന്നു രണ്ടാവർത്തി ആലിംഗനംചെയ്ത് മടങ്ങുംവഴി ഒന്നുനിന്ന് തിരിഞ്ഞ് കർണനെ രണ്ടുനിമിഷം നോക്കി നില്കുന്നു. പെട്ടന്ന്, ഇല്ല ഒന്നുമില്ല എന്നു കാട്ടി നടന്നകന്നു. ഗംഭീരം. കുന്തി പിന്നെ മകനെ കാണുന്നത് മൃതദേഹമായിട്ടാണല്ലോ..................

    ReplyDelete
  3. നല്ല പ്രതികരണം. എന്റെ കുറിപ്പിനു യോജിച്ചതു തന്നെ. കഥകളിയിലുള്ളതിനേക്കാൾ അഭിനയം വെളിയിലാണിന്നു നടക്കുന്നത്. ചിട്ടക്കഥകളുടെ വ്യക്താക്കളായി നിൽക്കുകയാണ് കഥകളി ആഭിജാത്യത്തിന്റെ ലക്ഷണം എന്നാണ് ചില വിദ്വാൻമാർ ധരിച്ചു വച്ചിരിക്കുന്നത്. എല്ലാത്തരം കഥകളിയും ആസ്വദിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ കഥകളി ആസ്വാദകൻ. മറ്റെല്ലാം ആസ്വാദനത്തിലെ വികലാംഗത്വം മാത്രമാണ്. ചരിത്രം പഠിക്കാതെ, കിണറ്റിൽ കിടന്നുകൊണ്ട് അതാണ് ലോകമെന്നു പറയുകയും മറ്റുള്ളവരെ ആ ആശയത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനൊക്കെ ചരിത്രപരമായ ചില കാരണങ്ങളുണ്ട്; അത് കർണ്ണശപഥത്തോടുള്ള വെറുപ്പിന്റെ പേരിൽ താങ്കളുടെ കുറിപ്പിൽ പറഞ്ഞിട്ടുമുണ്ട്. കഥകളിക്കാരനെ കുമ്പ കുലുക്കി ചിരിച്ചു പരിഹസിക്കുന്നതൊക്കെയൊരു സംസ്കാരത്തിന്റെ ഭാഗമാണ്. ചിരിക്കുന്നവർക്കു വയറു നിറയാൻ വല്ലതുമൊക്കെ കാണും, പക്ഷെ, പാവം കഥകളി കലാകാരന്റെ കഥയതല്ലല്ലോ?

    ReplyDelete
  4. കർണ്ണശപഥം കഥകളിയുടെ രചയിതാവ് ശ്രീ. മാലി മാധവൻ നായർ അവർകൾ തന്റെ കഥയ്ക്ക് പ്രതീക്ഷയ്ക്കപ്പുറം അംഗീകാരം ലഭിക്കുകയും കർണ്ണശപഥത്തിന്റെ അരങ്ങു പ്രചാരം വർദ്ധിക്കുകയും ചെയ്തപ്പോൾ (1979- 1980)അദ്ദേഹത്തിൻറെ മനസ്സിൽ ഒരു ആഗ്രഹം ഉദിച്ചു. കർണ്ണശപഥം അവതരിപ്പിക്കണം എങ്കിൽ കളിക്ക് കർണ്ണൻ വേഷം ചെയ്യുന്ന നടന് നൽകുന്ന പ്രതിഫലം അദ്ദേഹത്തിന് നൽകണം എന്ന് ആവശ്യം ഉന്നയിക്കുകയുണ്ടായി. ഈ കാരണത്താൽ ദക്ഷിണ കേരളത്തിൽ കർണ്ണശപഥം കഥയുടെ അവതരണം ചില നാളുകളോളം നിർത്തിവെയ്‌ക്കേണ്ടി വന്നതു എനിക്ക് ഓർമ്മയുണ്ട്. ശ്രീ. മാത്തൂർ ചേട്ടനും ശ്രീ. തലവടി അരവിന്ദൻ ചേട്ടനും ഈ വിഷയം വ്യക്തമായി അറിയാം. കാരണം ആ കാലഘട്ടത്തിൽ എന്റെ പിതാവ് ഇവരോടൊപ്പം ധാരാളം കർണ്ണൻ ചെയ്തിട്ടുണ്ട്.

    ഇന്ന് പ്രചാരത്തിലുള്ള മിക്ക കഥകളും പൂർണ്ണമായി എവിടെയും അവതരിപ്പിച്ചു കാണുന്നില്ല. ഏതു കഥയാണെങ്കിലും അതിലെ ആസ്വാദ്യമായ ചില രംഗങ്ങളോ ഭാഗങ്ങളോ മാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാൽ കർണ്ണശപഥം കഥയിൽ ഈ പണി നടക്കില്ല. അങ്ങേയറ്റം ചെയ്യാവുന്നത് ചില പദങ്ങൾ ഒഴിവാക്കാം എന്നത് മാത്രമാണ്. വര്ഷം കൃത്യമായി ഓർമ്മയില്ലെങ്കിലും ഒരു വള്ളത്തോൾ ജയന്തിക്ക് കലാമണ്ഡലത്തിൽ ദേവയാനി ചരിതം അവതരിപ്പിച്ചത് അറിയാം. അന്ന് ശ്രീ. കലാമണ്ഡലം രാജൻ മാസ്റ്ററായിരുന്നു കചൻ ചെയ്തത്. ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാന്റേയും ശ്രീ. കലാമണ്ഡലം പത്മനാഭൻ നായർ ആശാന്റേയും ശിഷ്യനെക്കൊണ്ട് കോട്ടയം കഥകളിലെ വേഷം ചെയ്യിക്കാതെ ഏതോ ഒരു കഥയിലെ വേഷം ചെയ്യിക്കുന്നു എന്ന് വെറുപ്പോടെ പറയുകയും ഈ കളി കാണുന്നതിൽ ഭേദം ഗുരുവായൂരിൽ പോയി ക്ഷേത്ര നടയിൽ ഭജനം ചെയ്യുകയാണ് എന്ന് പറഞ്ഞു കളി കാണാൻ നിൽക്കാതെ ഗുരുവായൂർ ക്ഷേത്രനടയിൽ പോയിരുന്നതായി ഒരു ആസ്വാദകൻ ഒരു കഥകളി മാഗസിനിൽ എഴുതിയിരുന്നു.

    അദ്ദേഹത്തിൻറെ ഖേദം ന്യായമാണ്. എന്നാൽ കലാകാരന്മാരുടെ അവസ്ഥ ഇവർക്ക് മനസിലാവുകയില്ലല്ലോ? കോട്ടയം കഥകൾ മാത്രമേ ചെയ്യൂ, അല്ലെങ്കിൽ തന്റെ ഗുരുനാഥന്മാർ ചൊല്ലിയാടിക്കാത്ത ഒരു കഥയും ചെയ്യില്ല എന്ന് വാശിപിടിക്കുന്ന കലാകാരന്മാരുടെ ഡയറിയിലെ കളികളുടെ എണ്ണം എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പുതിയ കഥകൾ ധാരാളം ഉണ്ടാകുന്നുണ്ട്. അരങ്ങേറ്റം കഴിഞ്ഞു ഒരു അരങ്ങുപോലും കാണാത്ത കഥകൾ , കഥാകൃത്തിന്റെ സ്വാധീനം ഉപയോഗിച്ച് കുറെ അരങ്ങുകൾ കാണുന്ന കഥകൾ എന്നിങ്ങനെയാണ് അത്തരം കഥകളുടെ അവസ്ഥ. എന്നാൽ അരങ്ങേറ്റം കഴിഞ്ഞ ശേഷം ഇത്രയും അരങ്ങു സ്വാധീനം നേടിയ മറ്റൊരു കഥ, സാധാരണക്കാരനെ അരങ്ങിനു മുൻപിൽ പിടിച്ചിരുത്തുന്ന കഥ എന്ന നിലയിൽ കർണ്ണശപഥം കഥയ്ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരം വളരെ വലുതാണ്.

    ReplyDelete